Printing/sharing/storage of this document is prohibited.

Violators will be fined huge sums under Copyright law

ചുവന്ന പാവാട

മാധവിക്കുട്ടി

അടുക്കളയുടെയും ഭക്ഷണമുരിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞുകിടന്നു കൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടികൾ ഇറങ്ങി ചുവട്ടിലെത്തിയപ്പോൾ അവളെ ക്കണ്ട് അവിടെ നിന്നു.

നീലപ്പാവാടയുടുത്ത ഒരു ചെറിയ പെണ്ണ്. പക്ഷെ, ശരീരത്തിനു നല്ല വളർച്ചയൊക്കെയുണ്ട്. അവൾ വായ തുറന്നുകൊണ്ടാണ് ഉറങ്ങിയിരുന്നത്.

“എണീയ്ക്ക് പെണ്ണേ;” യജമാനത്തി ഉറക്കെ പറഞ്ഞു. എന്നിട്ട് അവർ കാൽവിരൽകൊണ്ട് ആ കുട്ടിയുടെ വയറ്റത്ത് ഒരിക്കൽ മാന്തി.

“നേരം വെളുത്തിട്ട് എത്ര നേരായി!”അവർ വീണ്ടും തുടർന്നു: “പെണ്ണിന് നല്ല ഉറക്കം. എണീയ്ക്ക് പെണ്ണേ. എണീറ്റ് പോയി അടുപ്പില് തീ കത്തിക്ക്.”

വേലക്കാരി എഴുന്നേറ്റിരുന്നു. അവളുടെ തലമുടിയിൽ കെട്ടിയിരുന്ന കറുത്ത ചരട് അഴിഞ്ഞു ചുമലിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവൾ ഒരു നിമിഷത്തിനു, സ്വബോധം നശിച്ചവളെ പോലെ ചുറ്റും പകച്ചുനോക്കി. എന്നിട്ട് എഴുന്നേറ്റ് ആടിക്കെണ്ട് അടുക്കളയിലേക്കു പോയി.

യജമാനത്തി കോലായിൽ ചെന്നിരുന്നു പല്ലുതേയ്ക്കുവാൻ തുടങ്ങി.

“ദിവസോം നെന്നെ ഒണർത്താനൊന്നും എന്നെക്കൊണ്ട് വയ്യ.“അവർ പറഞ്ഞു.“നീയ്യാ ഇബടെ വേലക്കാരി, അതോ ഞാനോ?”

അവരുടെ മുഖത്തിന് ഒരു മഞ്ഞ നിറമുണ്ടായിരുന്നു. കവിളുകൾ ചീർത്തിരുന്നു. എന്നാലും ആകപ്പാടെ ഒരു കൗതുകമൊക്കെയുണ്ട്.വേലക്കാരി അവരെ ഉറ്റുനോക്കികൊണ്ട് അടുക്കളയുടെ ഇരുട്ടിൽ നിന്നു.

"നീയ്യെന്താ അവിടെചെയ്യണ്?" യജമാനത്തി ചോദിച്ചു. "ഒരു ശബ്ദോം കേക്കാല്യലോ. ഈ ചേട്ടയ്ക്ക് എന്ത് പറഞ്ഞാലും തലേക്കേറില്ല്യാന്ന്ണ്ടോ?എത്ര തവണയായി ഞാൻ പറേന്നു.അടുപ്പില് തീ കത്തിച്ചിട്ടാവാം പാത്രം മോറലൊക്കേന്ന്."

വേലക്കാരി ഓല കത്തിച്ചു അടുപ്പിൽകിടന്ന വിറകിൻ കഷണങ്ങൾ മീതെവെച്ച് കുനിഞ്ഞുനിന്ന് ഊതിത്തുടങ്ങി. അവളുടെ കണ്ണുകളിൽനിന്ന് അപ്പോഴും ഉറക്കത്തിന്റെ മൂടൽ നിശ്ശേഷം വിട്ടു കഴിഞ്ഞിരുന്നില്ല .

"എങ്ങനെയാ ഞാൻ നിന്നെ മാത്രം വച്ചു കഴിക്കാൻ പോണത്? ഇയ്ക്കിശ്ശല്യ, ഇപ്പൊക്കെ ഞാനൊപ്പിക്കും. പക്ഷെ, ഇന്യേത്തെ മാസം.... പെറ്റ് ഇണീക്കുന്നവരെ നല്ല ചുറ്റലാവുലോ ഇബടെ. "യജമാനത്തി പറഞ്ഞു

അടുക്കളയിൽനിന്ന് തീയിൽ ശക്തിയോടെ ഊതുന്നതിന്റെ ശബ്ദം മാത്രം ഉയർന്നു.


"നെണക്ക് ചെവി കേക്കുല്യേ പെണ്ണെ?" യജമാനത്തി ചോദിച്ചു. അപ്പോഴേക്കും മൗനം.

"എടീ, രാധേ!"-

"ഓ"

"ഞാൻ നീയ്യ്‌ ചത്തൂന്ന് വിചാരിച്ചൂട്ടോ." യജമാനത്തി ചിരിച്ചുകൊണ്ടു പറഞ്ഞു. വേലക്കാരിയും മെല്ലെയൊന്നു ചിരിച്ചു. ചിരിക്കുവാൻ ആ സന്ദർഭത്തിൽ തനിക്കും സ്വാതന്ത്ര്യമുണ്ടെന്ന് അവൾക്കു മനസിലായി.

അടുപ്പിൽ തീ ആളിക്കത്തി. അതിന്റെ ചൂടു തട്ടിയപ്പോൾ അവളുടെ ഉറക്കം തീരെ മാഞ്ഞുപോയി. അവൾ ഒരു പിച്ചളചെമ്പും കാപ്പികിണ്ടിയുമെടുത്ത് കിണറ്റിൻകരയിലേക്കു നടന്നു.

കിണറ്റിന്റെ വക്കത്ത്,അവൾ തലേന്നാൾ വച്ച വെണ്ണീർ അങ്ങനെതന്നെ ഇരിക്കുന്നുണ്ടായിരുന്നു. അവൾ തല താഴ്ത്തിയിരുന്നു പാത്രം തേച്ചു തുടങ്ങി. അവളുടെയടുത്ത് ഒരു വാരയകലെഇരുന്നുകൊണ്ട്, തല അല്പം ചരിച്ചുപിടിച്ചു വളരെ ഗൗരവത്തോടെ ഒരു കാക്ക കരഞ്ഞു.

"കാ......കാ....."

വേലക്കാരിക്ക് ചിരി വന്നു."വർത്തമാനം പറഞ്ഞോണ്ടിരിക്കാൻ നേരല്യ, കാക്കച്ചാരെ..." അവൾ കാക്കയോട് താണസ്വരത്തിൽ പറഞ്ഞു. "ഇന്നെ കൊല്ലും"

ആരോടാ പെണ്ണെ, നീ സംസാരിക്കണ്?"
യജമാനത്തി ചോദിച്ചു.

"ആരോടുല്യ.”


"ഇപ്പൊ ഞാൻ കേട്ടുലൊ."

"ഞാനൊന്നും പറഞ്ഞീല്യ."

"പിന്നെ ഞാൻ സൊപ്നംകണ്ടതാ? ഇന്നെ ശപിക്ക്യാവും ഇയ്ക്കറിയാം നെന്റെ കള്ളത്തരൊക്കെ.”

യജമാനത്തി പറഞ്ഞു. അവർ എഴുന്നേറ്റുനിന്ന് കിണ്ടിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം കാലിൽ ഒഴിച്ചു.


"കൃഷ്ണാ, ഗുരുവായൂരപ്പാ" അവർ ഉറക്കെ വിളിച്ചുപറഞ്ഞു . "കൃഷ്ണാ, ഗുരുവായൂരപ്പാ..."

വേലക്കാരി കാപ്പിക്കിണ്ടിയിൽ വെള്ളം തിളപ്പിക്കാൻ വച്ചു. പിച്ചളച്ചെമ്പിൽ കഞ്ഞിക്കുള്ള പൊടിയരി അരിച്ചു വൃത്തിയാക്കി വെള്ളമൊഴിച്ചു വച്ചു. എന്നിട്ട് ചൂലെടുത്തു മുറ്റം അടിച്ചുവാരിതുടങ്ങി.

അടിച്ചുവാരുമ്പോൾ തന്റെ കൈയിന്മേൽ കിടന്നിരുന്ന കുപ്പിവളകൾ ശബ്‌ദിക്കുന്നത് അവൾ ശ്രദ്ദിച്ചുകൊണ്ടിരുന്നു. വളകൾ തന്നോടും സംസാരിക്കുകയാണെന്നു അവൾക്കു തോന്നി.

"കിലും...കിലും" വളകൾ പറഞ്ഞു: "കിലും... കിലും"

"ശെരിയാ" വേലക്കാരി പറഞ്ഞു. നിങ്ങള് പറഞ്ഞതാ ശരി. ഓണത്തിന് ചോന്ന ബ്ലൗസാ ഇയ്ക്ക് വേണ്ട്. ചോപ്പ ഇയ്ക്ക് ചേർച്ച"

യജമാനത്തി മുകളിലേക്കുതന്നെ പ്രയാസപ്പെട്ടുചെന്ന് തന്റെ ഭർത്താവിനെ വിളിച്ചുണർത്തി "എന്താ ഇന്ന് പീടികേപ്പോണ്ടെ?" അവർ ചോദിച്ചു: "ഇബടെ കെടന്ന്കൂർക്കം വലിച്ചാ മതിയോ

അയാൾ ഉണർന്ന ഉടനെ ഒന്ന് ചിരിച്ചു. രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും തന്റെ ചുമതലകളും മറ്റും അയാൾക്ക് ഓർമ്മ വന്നു. അപ്പോൾ ആ പുഞ്ചിരി മുഖത്തുനിന്നു മായുകയും ചെയ്തു.

അയാൾ ഇരുനിറത്തിൽ മെലിഞ്ഞ ശരീരമുള്ള ഒരാളായിരുന്നു. തലയുടെ ഒത്ത മുകളിൽ കഷണ്ടി തുടങ്ങിക്കഴിഞ്ഞിരുന്നു.

അയാൾ എഴുന്നേറ്റുനിന്ന് കയ്യുകൾ മേല്പോട്ടിട്ടു.അയാളുടെ ഭാര്യ അയാളെത്തന്നെ നോക്കിക്കൊണ്ടു അടുത്തു നിന്നിരുന്നു. അവരുടെ മുഖത്ത് കഠിനമായ അസംതൃപ്തി നിഴലിച്ചിരുന്നു.


“ഉം? എന്താപ്പൊണ്ടായത്?” അയാൾ ചോദിച്ചു:“പൈക്കുട്ടി പാലുകുടിച്ചോ? വെറക് തീർന്നോ?”
“അതൊന്നുല്യ.” അവൾ പറഞ്ഞു.“ഇന്നെക്കൊണ്ട് വയ്യാതായി.ഇതെന്നെപ്പൊണ്ടായത്, ആ ശവത്തിനെ ഇണീപ്പിച്ച് വല്ല ജോലീം ചിയ്യിക്കാൻ ഞാൻ പെടണപാട്!. അരമണിക്കൂർ വിളിക്കണം ഒണർത്താൻ. ഒന്നും ചിയ്യൂല്യ.ഒക്കെ പിന്നില് നിന്ന് പറഞ്ഞോണ്ടിരിക്കണം.എളേതിന്റെ ജോലിയാ ഇയ്ക്ക്. ഇതിലും ഭേദം ഒരു വാലിയക്കാരും ഇല്ല്യാണ്ടിരിക്ക്യാ.

“ഉം”

“ഒക്കെറ്റിനും നിങ്ങടെ സൂത്രം ഇതാ. ഒരു മൂളൽ, അതന്നെ, നിങ്ങക്കൊന്നു വിളിച്ച് ചീത്തപറഞ്ഞൂടെ? ഞാൻ പറേമ്പോ അവൾക്ക് വെലേല്യ.അതൊക്കെ നിങ്ങടെ കുറ്റാ. രാധേ, ഇബടെ വാ, രാധേ, അവിടെപ്പോ.... അങ്ങനെയല്ലേഒര് യജമാനൻ അവളെ വിളിക്കണത്! പിന്നെ എങ്ങനെയാ അവള് ഇന്നെപ്പേടിക്ക്യാ?

“ ഞാനെന്ത് പറയണംന്നാ ലെക്ഷ്മുട്ടി പറേന്ന്?” അയാൾ ചോദിച്ചു.

“ പറഞ്ഞപ്പഴ്ക്കും ദേഷ്യം വന്നു. ഇന്നോട് എന്തിനാ എപ്പഴും ഇങ്ങനെ ദേഷ്യം? ബാക്കീള്ളോരൊടൊക്കെ വല്യേ ദയ, രാധേ, ഇബടെ വാ... രാധേ,... ഓ, ഇയ്ക്ക് ഇതൊന്നും സഹിക്ക്യാണ്ടായി. ഞാനായതൊണ്ടാ ഇതൊക്കെ പൊറുത്തും ഇബടെ കഴിഞ്ഞുകൂടണ്!”

“നെനക്ക് അവളെ വേണ്ടെങ്കിൽ അവളെ അയച്ചൂടെ?” അയാൾ ചോദിച്ചു.“അപ്പോഴും പറേം നിയ്യ്, ഞാൻ നിന്നെ കഷ്ടത്തിലാക്കീന്ന്. നെണക്ക് തന്നെ ചെയ്യാൻ കഴില്യലൊ ഈ ജോലിയൊക്കെ”

അയാൾ മുണ്ട് കുടഞ്ഞു ചുറ്റി, ചുവട്ടിലേക്ക് പോയി. പിന്നാലെ ഭാര്യയും കോണിപ്പടികൾ ഇറങ്ങി.

“ഞാൻ ആശുപത്രീല് കെടക്ക്മ്പൊ നിങ്ങളെങ്ങനെയാ ഇബടെ കഴിച്ചൂട്ടാ” അവർ ചോദിച്ചു: “ ഈ പെണ്ണ് ചോറ് വച്ചു തന്നിട്ട് നിങ്ങള് ചോറുണ്ണുണ്ടാവില്യ. അതു തീർച്ചയാ. അവളെ രാവിലെ വിളിച്ചുണർത്താനും ഒക്കെ നിങ്ങളെക്കൊണ്ടാവ്വൊ?”

“നാല് ദിവസല്ലേ ലെക്ഷ്മുട്ടീ” അയാൾ പറഞ്ഞു: “അതൊക്കെ ശരിയാവും. അവൾക്കു വയ്യെങ്കിൽ ഞാൻ വയ്ക്കാലോ ചോറും കൂട്ടാനും. ഒന്നിനും കൊള്ളാത്തോനൊന്ന്വല്ല ഞാനും.

“നിങ്ങള് ചോറും ചായേം ഒക്കെ ഇണ്ടാക്കി സൽക്കരിക്കും അല്ലേ?അവളെ വിളിച്ചിച്ച് ‘രാധേ ചായകുടിച്ചോന്ന്’ പറയും അല്ലെ? ഇയ്ക്കറിയാം, ഞാൻ ഇബ്ടന്നങ്ങട്ട് പോയിക്കിട്ടാൻ കാത്തിരിക്ക്യാ നിങ്ങള്, ആ ചേട്ടയും. “

അവരുടെ സ്വരത്തിൽ കരച്ചിൽ കലർന്നിരുന്നു. ഒരു വിറയലും.

യജമാനൻ അതു കേട്ടില്ലായെന്നു നടിച്ച് കോലായിൽ ചെന്നിരുന്നു പല്ലുതേയ്ക്കുവാൻ തുടങ്ങി.

വേലക്കാരി അയാൾക്കുവേണ്ടി ഒരു വലിയ ഗ്ലാസിൽ ചായ ഒഴിച്ച് തെക്കിനിയിൽ കൊണ്ടു ചെന്നുവച്ചു. അവളുടെ നടത്തത്തിന്റെ അഴകു കണ്ടപ്പോൾ യജമാനത്തുയുടെ കോപം ഒന്നുകൂടി ആളിക്കത്തി.

“കഞ്ഞിയെന്തായി?” അവർ ചോദിച്ചു

“ കഞ്ഞി ചൂടാറാൻ വെച്ചടുക്കാ.....” അവൾ പറഞ്ഞു

യജമാനൻ അവരെ രണ്ടുപേരെയും നോക്കാതെ, ധൃതിയിൽ മുഖം തിരിച്ചു കൊണ്ട് തെക്കിനിയിലേക്കു നടന്നു. അയാളുടെ നടത്തവും യജമാനത്തിയെ സന്തോഷിപ്പിച്ചില്ല.

“ രാവിലെ എണീറ്റാ എത്ര നേരം വെറും വയറായിട്ട് നില്ക്കണം?”

അവർ പറഞ്ഞു:“കേടും കോട്ടോല്യാത്ത കുട്ട്യേ പെറാൻ കഴിഞ്ഞാൽ അതിന്റെ ഭാഗ്യം! ചിയ്യാൻ പാടില്ലാത്തതൊക്കെ ചിയ്യ്ണ്ട് ഇബടെ. കോണി കയ്റാ, ഇറങ്ങാ... പഷ് ണി കെടക്കാ... ജോലിയെടുക്കാ... പക്ഷെ, ആർക്കാ ചേതം?”

വേലക്കാരി ഒരു പലക നിലത്തിട്ട്, അതിനുമുമ്പിൽ കഞ്ഞപ്പിഞ്ഞാണവും പിലാവിലയും വച്ചു. ഒരിക്കഷണത്തിൽ കുറച്ച് ചമ്മന്തിയും, എന്നിട്ട്, കഞ്ഞിച്ചെമ്പുമായി തന്റെ യജമാനത്തി ഇരിക്കുവാൻ കാത്തുകൊണ്ടു ചുമരും ചാരി നിന്നു.

യജമാനത്തിപോയപ്പോൾ, രാധ തന്റെ പായ ചുമരിനോടു ചേർത്തുവിരിച്ചു. ചെറിയ ചിമ്മിനി വിളക്ക് സ്വകാര്യമായി എടുത്തുകൊണ്ടു വന്ന് തന്റെ തലയ്ക്കലും വടച്ചു. എന്നിട്ടും അവൾ ഇടനാഴിയിൽ പ്രേതങ്ങളെ കണ്ടുകൊണ്ടിരുന്നു. തന്റെ മരിച്ചുപോയഅമ്മയും അമ്മമ്മയും ഒരു മുക്കിൽവന്ന് ഇരുന്ന് കൂമന്മാരെപ്പോലെ മൂളുന്നതായി അവൾക്കു തോന്നി. തനിക്ക് ഒരു വയസ്സാവുന്നതിന് മുമ്പ്, ബദ്ധപ്പെട്ടു മരിച്ചു, ഇപ്പോൾ അമ്മ തന്നെ ഭയപ്പെടുത്തുവാനായി വന്നിരിക്കയാണ്!

അവൾ പൊട്ടിയ വളക്കഷ്ണങ്ങൾ വച്ച കൊട്ടയെടുത്ത് ആ കഷ്ണങ്ങൾ നിലത്ത് നിരത്തി.അവ ഒരു വൃത്തത്തിൽ വച്ചു.

“ഇപ്പോൾ സൂര്യനെപ്പോലേണ്ട്” അവൾ പറഞ്ഞു. ഇരുണ്ട മൂലയിൽ നിന്ന് അവുടെ അമ്മ അപ്പോഴും മൂളി

“ഇയ്ക്ക് പേട്യൊന്നൂല്യ” രാധ പറഞ്ഞു: ഇയ്ക്ക് ആരേം പേടീല്യ.”

അവൾ വളകഷ്ണങ്ങൾ വീണ്ടും കൊട്ടയിലാക്കി. ആ കൊട്ട ജനവാതിൽപ്പടിമേൽ കൊണ്ടുപോയി വച്ചു.മുകളിൽനിന്നു തന്റെ യജമാനത്തി തേങ്ങിക്കരയുന്ന ശബ്ദം അപ്പോൾ അവൾകേട്ടു. അവൾ കുറച്ചുനേരം ആ കരച്ചിൽ ശ്രദ്ദിച്ചുകൊണ്ടരുന്നു. ഇത്ര വലിയവരും ഇങ്ങനെ കരയുമോ? ആ വലിയ വയറ് വേദനിച്ചുട്ടുണ്ടാവും.അവൾ തന്നത്താൻ പറഞ്ഞു. എത്ര വേദന അനുഭവിക്കണം ഒരു പെണ്ണിന് ഒന്നു പെറാൻ! അവൾക്ക് അതെല്ലാം നല്ലപോലെ അറിയാം. നാണിയമ്മ പറഞ്ഞതൊക്കെ അവൾ ഓർമ്മിക്കുന്നുണ്ടല്ലോ. പെണ്ണായി ജനിച്ചാൽ നരകം തന്നെ. പെണ്ണായി ജനിക്കാതിരിക്കയാണ് ഭേദം. അവൾ ചുമരിലേക്ക് മുഖം തിരിച്ചുകൊണ്ടു കിടന്നു. താൻ ഉറങ്ങുന്നതു വരെ കത്തുവാനുള്ള എണ്ണ ആ വിളക്കിൽ ഉണ്ടാവുമെന്ന് അവൾ ആശിച്ചു.


പിറ്റേ ദിവസം അവൾ ഉണർന്നത് വയറ്റത്ത് കഠിനമായ ഒരു വേദനയോടെയാണ്. കണ്ണുകൾ മിഴിച്ചപ്പോൾ ഉയർത്തിയ കാലുകളുമായി യജമാനൻ നില്ക്കുന്നു.

“അയ്യോ ചവിട്ടേണ്ട”

യജമാനത്തി അയാളുടെ അടുത്തേക്കു നീങ്ങിക്കൊണ്ടു പറഞ്ഞു.

“ഇനീം ചവിട്ടും. കൊല്ലണം ഈ ചേട്ടയെ.” യജമാനൻ പറഞ്ഞു.

“എന്താണ് ഇതിനൊക്കെ കാരണം? രാധയ്ക്ക് ഒന്നും മനസിലായില്ല.അവൾ പായിൽനിന്ന് എഴുന്നേറ്റ്, ചുമരിൽ നിന്ന്കൊണ്ട് തന്റെ നെഞ്ചും അടിവയറും ഉഴിഞ്ഞുകൊണ്ടിരുന്നു. അപ്പോഴും ആ വേദന നിലച്ചു കഴിഞ്ഞിരുന്നില്ല.

“പേടീല്യാ അല്ലേ?” അവളുടെ യജമാനൻ ചോദിച്ചു. “ എന്തും ചീയ്യാംന്നായ്യ്യൊ?” അയാൾ അവളുടെ കവിളത്ത് ഊക്കോടെ അടിച്ചു.അവൾ കരഞ്ഞു തുടങ്ങി.

“കരയുന്നു...ശവം.”

അയാൾ കോലായിലേക്കു പോയി. യജമാനത്തി അയാളെ അനുഗമിച്ചു.

വേലക്കാരി അടുക്കളയിൽച്ചെന്ന് ഓല കത്തിച്ച് അടുപ്പിൽ തീ പൂട്ടുവാൻ തുടങ്ങി. അവളുടെ കവിളുകൾ നീറിപ്പുകയുന്നുണ്ടായിരുന്നു. പക്ഷെ അവൾ കരഞ്ഞില്ല. ഇതൊക്കെ എന്തിന് വേണ്ടി? ആ ചോദ്യത്തിന് ഉത്തരം തിരയുകയായിരുന്നു അവളുടെ മനസ്സ്.

യജമാനത്തി അടുക്കളയിലേക്കു വന്നുകൊണ്ട് ഒരു മൃദുസ്വരത്തിൽ ചോദിച്ചു. “ രാധേ വല്ലാണ്ടെ വേദനിക്ക്ണ്ടോ?’”

അവൾ തലയാട്ടി

“സാരല്യാ.” അവൾ പറഞ്ഞു.“നെന്റെ കുറ്റം കൊണ്ടല്ലേ യജമാനൻ നെന്നെ തല്ല്യേത്? ശിക്ഷിക്കാനും രക്ഷിക്കാനുള്ള ആളല്ലേ?”

“ഉം”

യജമാനത്തിയുടെ വീർത്തവയറും മഞ്ഞമുഖവും അവളുടെ കണ്ണിൽ പ്പെട്ടു. അവൾക്ക് അനുകമ്പ തോന്നി. പാവം സ്ത്രീ! അവൾക്കും ആ ദുഷ്ടൻ ഇത്തരം ചവിട്ടുകളും അടിയും കൊടുക്കാറുണ്ട്? തന്റെ യജമാനന്റെ ഈ പുതിയ വേഷപ്പകർച്ച അവളെ അതിശയിപ്പിച്ചു.

“നിയ്യ് നൊണ പറയരുത് ട്ടോ രാധേ!” യജമാനത്തി പറഞ്ഞു: നൊണ പറേണ് കേട്ടാ വെല്യേ ദേഷ്യാ.”

“ഉം”

താനെന്തു നുണയാണ് പറഞ്ഞതെന്നു ചോദിക്കാൻ രാധയ്ക്കു തോന്നിയില്ല. അവൾ പാത്രം കഴുകാൻ കിണറ്റിൻ കരയിലേക്ക് നടന്നു.

അന്നും കാക്ക അവളെ കണ്ടപ്പോൾ മുഖം തിരിച്ച് കരഞ്ഞു. ‘കാ... കാ...’ പക്ഷേ രാധ ഒന്നും പറഞ്ഞില്ല.

അന്ന് യജമാനത്തി ഏകാദശിയുടെ കാരണവും പറഞ്ഞ് നേരത്തെ കുളിക്കുവാൻ അമ്പലത്തിലേക്കു പോയി. യജമാനന്റെ ചായ തണുത്ത് പാട കെട്ടി തെക്കിനിയിലിരിക്കുന്നുണ്ടായിരുന്നു. രാധ അത് എടുത്ത് വീണ്ടും ചൂടാക്കി അല്പം സംശയിച്ചുകൊണ്ട് മുകളിലേക്കു ചെന്നു.

“ഇതാ ചായ....” അവൾ പറഞ്ഞു

അയാൾ കമിഴ്ന്നു കിടക്കുകയായിരുന്നു. അയാളുടെ ചുമലുകൾ താഴുകയും പൊങ്ങുകയും ചെയ്തുകൊണ്ടിരുന്നു.ഒരു വിറയലോടെ,

“ചായ....”രാധ പറഞ്ഞു.

അയാൾ പൊട്ടികരയുകയാണെന്ന് അപ്പോഴാണ് അവൾക്കു മനസ്സിലായത്.അവൾ അത്ഭുതപ്പെട്ട് അയാളെ നോക്കികൊണ്ടു നിന്നു.

“അതുംകൊണ്ടും പൊയ്ക്കോ രാധേ”അയാൾ പറഞ്ഞു: “ഇപ്പൊ മടങ്ങി വന്നിട്ട് ഓരോന്നു പറയാൻ തുടങ്ങും അതു കേൾക്കാൻ എനിക്ക് വയ്യ.”

അയാളുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ എന്തുകൊണ്ടോ അവൾക്കു ധൈര്യം കിട്ടി.

അവൾ ചായപ്പാത്രമെടുത്ത് കോണിപ്പടികൾ ഇറങ്ങി വീണ്ടും അടുക്കളയിലേക്കു പോയി. അവളുടെ കുപ്പിവളകൾ കിലുങ്ങി. “കിലും....കിലും”

“ശെരിയാ.” അവൾ പറഞ്ഞു: “ ഇയ്ക്ക് ചോന്ന പാവാടയാ ചേർച്ച. ഇയ്ക് ഓണത്തിന് ചോന്ന പാവാടയാ വേണ്ട്.... ഇയ്ക്ക് അതാ ചേർച്ച.”