Printing/sharing/storage of this document is prohibited.

Violators will be fined huge sums under Copyright law

എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ

ഓ.ഹെൻറി

വില്യംസിഡ്നി പോർട്ടറുടെ തൂലികാനാമമാണ് ഓ.ഹെൻറി. 1862 ൽ ജനിച്ചു. ടെക്സാസിലെ ഓസ്റ്റിൻ നഗരത്തിൽ ഒരു ബാങ്ക് ക്ലാർക്കായി ജീവിതം തുടങ്ങി.കണക്കിൽ കൃത്രിമം കാണിച്ച് പണം അപഹരിച്ചു എന്ന കുറ്റത്തിന് അഞ്ചു കൊല്ലം ശിക്ഷിക്കപ്പെട്ടു. എട്ടു വയസ്സായ മകളെ മുത്തശ്ശിയുടെ കൈയിലേല്പിച്ചാണ് പോർട്ടർ ജയിലിൽ പോയത്.താൻ ഏതോ വിദൂര രാജ്യങ്ങളിൽ സഞ്ചരിക്കുകയാണെന്ന് വരുത്താൻ മകൾക്ക് വേണ്ടി എഴുതിയ നീണ്ട കത്തുകളാണ്പോർട്ടറുടെ സാഹിത്യ ജീവിതത്തിന്റെ തുടക്കം. അവസാനത്തെ ഖണ്ഡികയിലേക്ക് കരുതിവെയ്ക്കുന്ന അപ്രതീക്ഷിതമായ ഒരു സംഭവവികാസംകൊണ്ട്വായനക്കാരെ അമ്പരപ്പിക്കുന്ന കഥകളുടെ കർത്താവെന്ന നിലയിൽ ഹെൻറി പ്രസിദ്ദനായി. ‘ഫോർമില്യൺ, ‘ ഓഫ് കാബേജസ് ആന്റ് കിംഗ്സ്’ എന്നീ കഥാസമാഹാരങ്ങൾ പ്രശസ്തമാണ്. 1910 ഓ.ഹെൻറി അന്തരിച്ചു.

സംഗതി കൊള്ളാമെന്നു തോന്നി നിൽക്കൂ.ഞാൻ മുഴുവൻ പറയട്ടെ. ഞങ്ങൾ ബിൽ ഡ്രിസ് കോളും ഞാനും തെക്കൻ ദിക്കിലായിരുന്നു. അലബാമയിൽ. അപ്പോഴാണ് ഈ തട്ടിക്കൊണ്ടുപോകൽ എന്ന ആശയം തലയിൽ പൊട്ടിയുദിച്ചത്. പിന്നീട് ബില്ല കണ്ടുപിടിച്ചു. മാനസികമായി ചൊവ്വില്ലാത്ത നേരത്താവണം ഈ തോന്നലുണ്ടായത്. പക്ഷെ അന്നേരം ആ ബോധമുണ്ടായിരുന്നില്ല.

അവിടെ ഒരു ചെറു നഗരം. പരന്ന പത്തിരിപോലുള്ള ദേശം. അതിനാൽ അതിന്നു ‘സമ്മിറ്റ്’ എന്ന പേരും. സ്ഥലവാസികൾ പാവങ്ങൾ സ്വയംതൃപ് തർ . ഒരു ചെറു നഗരത്തിന് ചുറ്റും കൂടിയ കൃഷിക്കാർ.

ബില്ലിന്റെയും എന്റെയും മൂലധലം ഏതാണ്ടു ഡോളർ അറുനൂറ് പോരല്ലോ. പടിഞ്ഞാറൻ ഇല്ലിനോയിസിയിലെ വൻക്രത്രിമം നടപ്പാക്കാൻ ഡോളർ രണ്ടായിരം മുടക്കണം. ഹോട്ടലിന്റെ മുറ്റത്തുള്ള ചവിട്ടുപടികളിൽ നിന്ന് ഞങ്ങളിത് ചർച്ച ചെയ്തിരുന്നു. സന്താനസ്നേഹമെന്ന വികാരം പ്രബലമാണ് ഗ്രാമീണ സമൂഹത്തിൽ - ഞങ്ങൾ നിശ്ചയിച്ചു. അതൊരു സിദ്ധാന്തം, വേറെയും ഏറെ സിദ്ധാന്തങ്ങൾ. മറ്റിടങ്ങളിലേക്കാൾ ഒരു തട്ടിക്കൊണ്ടുപോകലും ഭീക്ഷണിപ്പെടുത്തി പണം വാങ്ങലും എളുപ്പമായിരിക്കും. അടുത്ത ചുറ്റുവട്ടത്തിലൊന്നും ദിനപത്രങ്ങൾ ഇല്ല. അതുകൊണ്ട് ആൾക്കൂട്ടത്തെ ഇളക്കാൻ കുറ്റാന്വേഷകനെപ്പോലെ പത്രപ്രവർത്തകൻ എത്തിപെടില്ല.സമ്മിറ്റിൽ നന്നേ ഏറിയാൽ ഒന്നോ രണ്ടോ പോലീസുകാർ മാത്രം.ക്ഷീണിതരായഒന്നോ രണ്ടോ വേട്ടനായ്ക്കളും ഉണ്ടാകാം. സ്ഥലത്തെ പ്രധാന ആഴ്ചപ്പതിപ്പായ ‘ വീക്കിലി ഫാർമേർസ് ബഡ്ജറ്റി’ൽ നിന്ന് മുട്ടൻ തെറി വിളമ്പുന്ന ഒന്നോ രണ്ടോ പ്രദേശികലേഖകന്മാരും വന്നേക്കാം. അതുകൊണ്ട് ഒരു കാര്യം ശുഭം.

ഇനി ഇര വേണം, തെരഞ്ഞെടുത്തു ഞങ്ങൾ. സ്ഥലത്തെപ്രധാന പൌരൻ എബ്നേസർ ഡോർസെറ്റിന്റെഏക പുത്രൻ.തന്ത ബഹുമാന്യൻ;മുരടൻ, പണയത്തിന് പണം കൊടുക്കുന്നവൻ, ധനികൻ, നേരെവാ നേരെപോ സ്വഭാവം., അകന്നു നിൽക്കുന്നവൻ. ചെക്കനോ, പ്രായം പത്തും.ശരീരത്തിൽ ചുണങ്ങുള്ളവൻ. മുടിയുടെ നിറം- ആ, തീവണ്ടി ഇളകാൻ നേരംറെയിൽവെ സ്റ്റേഷനിലെ പുസ്തകശാലയിൽ നിന്ന് തിടുക്കത്തിൽ വാങ്ങുന്ന മാസികയുടെചട്ടയുടെ നിറം. പിഴവ് വന്നില്ല. കണക്കു കൂട്ടുന്നതിൽ ഞങ്ങൾക്ക് . രാണ്ടായിരം ഡോളർ എബ്നേസറിൽനിന്ന് ഒരു കൊച്ചു കാശുപോലെ ഉതിർന്നു വീഴും. ക്ഷമിക്കു – മുഴുവൻ കേൾക്കു.

‘സമ്മിറ്റി’ ന്നപ്പുറം, രണ്ടു നാഴിക അകലെ ഒരു ചെറുകുന്ന്. കുന്നിൽ നിറയെ സീഡൻ മരങ്ങൾ.കുന്നിന്റെ പിൻവശം മീതേയ്ക്കുകയറുന്നിടത്തു പാകത്തിൽ ഒരു ഗുഹ. അവിടെ ഞങ്ങൾ തീറ്റ സാധനങ്ങൾ ശേഖരിച്ചുവെച്ചു.

ഒരുനാൾ, വൈകീട്ടു സൂര്യാസ്തമനം കഴിഞ്ഞു ഞങ്ങളൊരു കുതിരവണ്ടിയിൽ ഡോർസെറ്റിന്റെ പഴയ വീട്ടിലേക്ക് യാത്രയായി.ചെക്കൻ ഡോർസെറ്റിന്റെ അരുമസന്തതിനിരത്തിൽ നിൽക്കുന്നു. മറുഭാഗത്തെ വേലിക്കപ്പുറത്തുള്ള പൂച്ചക്കുട്ടിയെ കല്ലെറിയുന്നു.

“ ഹെയ്, കൊച്ചേ”ബിൽ പറയുന്നു: “നീ ഒരു സഞ്ചി മിഠായിയും നല്ലൊരു സവാരിയും ഇഷ്ടപ്പെടുന്നുണ്ടോ?”

ബില്ലിന്റെ കണ്ണിനുനേരെ ചെക്കൻ വൃത്തിയായി ഒരു കല്ലെറിയുന്നു.

“ഇതിന്നു വിലയായി അഞ്ഞൂറ് ഡോളർ കൂടുതൽ കിഴവൻ തരേണ്ടിവരും.” ബില്ലിന്റെ ആത്മഗതം. ചക്രത്തിലൂടെ വണ്ടിയിലേക്ക് കയറി അവൻ.

ചെക്കൻ ചെങ്കരടിയെപ്പോലെ എതിർപ്പ് സംഘടിപ്പിക്കുന്നു. പക്ഷെ അവസാനം വിജയം ഞങ്ങൾക്ക്. ഞങ്ങൾ അവനെ വണ്ടിയിലേക്കുന്തിയിട്ടു കുതിച്ചോടി വണ്ടി. അവനെ ഗുഹയിലേക്ക് കൊണ്ടുവന്നു.കുതിരയെ അഴിച്ചു സീഡാർ മരത്തിൽ കെട്ടി. നേരം ഇരുട്ടിയപ്പോൾ വണ്ടി ഞാൻ വീണ്ടുംമൂന്നു നാഴിക അകലെയുള്ള ഗ്രാമത്തിലേക്കോടിച്ചു. അതവിടെനിന്നു വാടകക്കെടുത്തതായിരുന്നു. പിന്നീട് ഞാൻ മലയോരത്തിലേക്ക് നടന്നുവന്നു.

ബിൽ മുഖത്തും ശരീരത്തിലും പറ്റിയ മുറിവുകളിലും പോറലുകളിലും പ്ലാസ്റ്റർ ഒട്ടിക്കുകയായിരുന്നു.ഗുഹയുടെ മുൻവശത്തുള്ള പാറയുടെ പിന്നിൽ തീ പൂട്ടിയിരുന്നു.ചെക്കൻപാത്രത്തിൽ തിളക്കുന്ന കാപ്പി നോക്കി നിൽക്കുന്നു. വെള്ളപ്പരുന്തിന്റെ നീണ്ട ഒരു തൂവലകളുംഅവൻ ചെമ്പൻ തലമുടിയിൽ ചാർത്തിയിരിക്കുന്നു.ഞാൻ ഗുഹാമുഖത്തെത്തിയപ്പോൾ ചെക്കൻ എന്റെ നേരെ വടി ചൂണ്ടിപ്പറയുന്നു.

“ഹേ, ശപിക്കപ്പെട്ട വെള്ളക്കാരാ, മലഞ്ചെരുവിലെ ഭീകരന്റെ, റെഡ് ഇൻസ്യൻ തലവന്റെ കേന്ദ്രത്തിലേക്ക് വരാൻ നീ ധൈര്യപ്പെടുന്നോ?”

“ഇപ്പോൾ വിശേഷിച്ച് കുഴപ്പമൊന്നുമില്ല” ബിൽ പറയുന്നു. ബിൽ ട്രൌസർ തിരുകിക്കയറ്റിവെച്ച്കാലിലെ മുറിവുകൾ നോക്കുകയായിരുന്നു. “ഞങ്ങൾ നാട്ടുകാരും റെഡ് ഇന്ത്യക്കാരും കളിക്കയായിരുന്നു.ഇക്കളിക്ക് മുമ്പിൽ ബഫലോ ബില്ലിന്റെ ടൌൺഹാൾ പ്രകടനങ്ങൾ മായാവിളക്കിന്റെ കാഴ്ചകൾ പോലെ നിരുപദ്രവകരമായി തോന്നും.ഞാനിപ്പോൾ വേട്ടക്കാരൻ കിഴവൻ ഹാങ്കാണ്. കെണിയിൽ പെട്ടവനാണ്. തടവുകാരൻ, കാലത്ത് റെഡ് ഇന്ത്യൻ തലവൻ എന്റെ തലയോടിന്റെതോലൂരിക്കും. വേറെവിശേഷമൊന്നുമില്ല. എന്നാലും കർത്താവേ, ചെക്കന്റെ ചവിട്ട് ഉഗ്രൻ!”

അതെ, മഹാൻമാരെ, ചെക്കെന്നു ജീവിതത്തിൽ കിട്ടിയ സുവർണാവസരം.ഗുഹയിലുള്ള താമസത്തിന്റെ തമാശകാരണംതാനൊരു തടവുപുള്ളിയാണെന്നു ചെക്കന്നു വെളിവായിട്ടില്ല. ചെക്കൻ എന്നെ സർപ്പദൃഷ്ടി എന്നു വിളിച്ചു.ഞാൻ ഒറ്റുകാരനാണത്രെ. എന്നിട്ടൊരു ഉശിരൻ പ്രഖ്യാപനം. പടക്കളത്തിൽ നിന്ന് തലവന്റെ ധീര യോദ്ധാക്കൾ മടങ്ങി വന്ന ഉടനെ, സൂര്യോദയത്തിൽ എന്നെ കുറ്റിയിൽ കെട്ടി തീയിട്ടു ചുടും.

പിന്നീട് ഞങ്ങൾ അത്താഴം കഴിച്ചു. ചെക്കന്റെ തൊള്ള നിറയെ ഉണക്ക പന്നിയിറച്ചി വേവിച്ചതും അപ്പവും കറിയും. പിന്നെ സംസാരവും. അവന്റെ അത്താഴവിരുന്നിലെ ഉപചാര പ്രസംഗം ഏതാണ്ട് ഇപ്രകാരമായിരുന്നു.

“എനിക്കതു ബഹുരസം, മുമ്പൊരിക്കലും ഞാൻ മാറിത്താമസിച്ചിട്ടില്ല. കാട്ടിൽ, എന്നാൽ മിതമായ ഒരാവശ്യം എനിക്കുണ്ട്.കഴിഞ്ഞകൊല്ലം ഒമ്പത് വയസ്സ് എനിക്കു തികഞ്ഞിരിക്കുന്നു. സ്ക്കൂളിൽപോകുന്നത് എനിക്ക് അറപ്പാണ്.... ജിമ്മി ടാബർട്ടിന്റെ അമ്മായിയുടെ പതിനാറ് പുള്ളിക്കോഴികളുടെ മുട്ടകൾ എലികൾ ശാപ്പിട്ടിരുന്നു.... ഇക്കാട്ടിൽ ശരിക്കുള്ള റെഡ് ഇന്ത്യക്കാർ ഉണ്ടോ? എനിക്കിത്തിരി കറി കൂടി. മരങ്ങൾ ചലിക്കുന്നതുകൊണ്ടാണോ കാറ്റ് വീശുന്നത്? ഞങ്ങൾക്ക് അഞ്ച് നായ്ക്കുട്ടികളുണ്ട്... ഹാങ്ക്, നിന്റെ മൂക്കെന്തേ ഇത്ര ചുവക്കാൻ കാരണം? എന്റെ അച്ഛന് പണം ധാരാളം.... നക്ഷത്രങ്ങൾക്ക് ചൂടുണ്ടോ? ശനിയാഴ്ച രണ്ടു തവണ ഞാൻ എഡ് വാട്ടറെ വീക്കി വിട്ടു. എനിക്ക് പെൺപ്പിള്ളേരെ ഇഷ്ടമില്ല. പോക്കത്തവളകളെ കെണിയില്ലാതെ പിടിക്കരുത് നിങ്ങൾ! കാളകൾ ഒച്ചയിടുമോ? മധുരനാരങ്ങ എന്തുകൊണ്ട് ഉരുണ്ടു? ഗുഹയിൽ കിടക്കകൾ ഉണ്ടാവുമോ? ആമോസ് മുറേക്കറിന് ആറ് വിരലുകൾ ഉണ്ട്.തത്തമ്മ ചിലയ്ക്കും; എന്നാൽ കുരങ്ങനും മീനും മിണ്ടില്ല. പന്ത്രണ്ടിൽ എണ്ണം എത്ര?”

നൊടിയിട ചെക്കന്നു താനൊരു റെഡ് ഇന്ത്യൻ തലവനാണെന്ന ബോധോദയം ഉണ്ടാകും.എന്നിട്ടവൻ ഒരു വടിയെടുത്ത് തോക്കെന്ന മട്ടിൽ പിടിക്കും. പതുങ്ങിയും പാർത്തും ചുണ്ടനക്കാതെ ഗുഹാമുഖത്തേക്ക് നടക്കും.വെള്ളക്കാരൻ ശത്രുവെ കെട്ടിയിടാൻ എന്തുകൊണ്ട് വീരർ വരുന്നില്ല. ഇടയ്ക്കിടെ പോർവിളി മുഴക്കും. തടവുപുള്ളിയായ കിഴവൻ ഹാങ്ക് വിറക്കും. തുടക്കം മുതലേ ചെക്കൻ ഹാങ്കിനെ പേടിപ്പിച്ചിരിക്കുന്നു.
“ റെഡ് ഇന്ത്യൻ തലവാ” ഞാൻ ചെക്കനോട് പറയുന്നു. “നിനക്ക് വീട്ടിൽ എത്താൻ ആഗ്രഹമുണ്ടോ?”

“ഹേയ് എന്തിന്?” ചെക്കൻ ചേദിക്കുന്നു.“ വീട് മുഷിപ്പൻ, സ്കൂൾ എനിക്ക് അറപ്പാണ്. പുറത്ത് താമസമാണ് എനിക്ക് രസം. പാമ്പുകണ്ണാ, നീയെന്നെ വീട്ടിലേക്കയ്ക്കോ? പറയൂ.”
“ഇപ്പോഴില്ല” ഞാൻ പറയുന്നു. കുറച്ചിട ഗുഹയിൽ കൂടാം..”
“ശരി, നല്ലത് അതുതന്നെ. ഇത്ര തമാശ എനിക്ക് വീട്ടിൽ കിട്ടിയിട്ടില്ല.”


ഏതാണ്ട് രാത്രി പതിനൊന്നു മണിക്ക്കിടക്കയിലേക്ക് ഞങ്ങൾ ചാഞ്ഞു. വീതിയേറിയ പായകളും വിരിപ്പുകളും വിരിച്ചു. റെഡ് ഇന്ത്യൻ തലവനെ നടുക്ക് കിടത്തി. അവനോടിപ്പോകുമെന്ന ഭയം മാത്രം ഞങ്ങൾക്കില്ലായിരുന്നു.മൂന്നുമണിക്കൂറോളം ചെക്കൻ ഉറങ്ങാൻ അനുവദിച്ചില്ല. അവൻ തോക്കെടുക്കും എന്റെയും ബില്ലിന്റെയും ചെവികളിൽ അലറും; “ജാഗ്രതൈ.” സംഭവം നിസ്സാരം. പുറത്ത് ഉണങ്ങിയമരക്കൊമ്പുകൾ വീഴുന്നു. ഇലകൾ കൊഴിയുന്നു.ഇവയുടെ ശബ്ദം ചെക്കന്റെ ഭാവനക്ക് ഉത്തേജനം നൽകുന്നു.കവർച്ചക്കാർ വരികയാണ്! അവസാനം ഞാൻ ഉറത്തിലേക്ക് വീണു. അസുഖകരമായ ഉറക്കം. അപ്പോൾ ഒരു കിനാവ് കണ്ടു. എന്നെ തട്ടിക്കണ്ടുപോയിരിക്കുന്നു. കാട്ടു കള്ളൻ എന്നെ മരത്തിൽ ചങ്ങലക്കിട്ടിരിക്കുന്നു. കള്ളന്റെ മുറിയുടെ നിറം ചുകപ്പ്.
നേരം പൊട്ടിവിടരുന്നേയുള്ളു. അന്നേരം ബില്ലിന്റെ തുടരൻ കരച്ചിൽ കേട്ടു. ഞാൻ ഞെട്ടിയുണർന്നു. അതു അലർച്ചയായിരുന്നില്ല. കൂവലായിരുന്നല്ല, ആക്രോശവും അല്ലായിരുന്നു. ചുമയും ആയിരുന്നില്ല! ഇതൊക്കെയാണെല്ലോ ആണുങ്ങളുടെ കണ്ഠനാളങ്ങളിൽ നിന്ന് പുറപ്പെടുമെന്ന് നാം കരുതുന്നസ്വരവിശേഷങ്ങൾ.പക്ഷെ ഇവ-നേര് പറയട്ടെ- ആഭാസമായിരുന്നു. അലോസരപ്പെടുത്തുന്നതായിരുന്നു. നാണിപ്പിക്കുന്ന അലമുറയായിരുന്നു. പെണ്ണുങ്ങൾ പ്രേതത്തെയും പുഴുവിനെയും കണ്ടാൽ പുറത്തേക്കു വിടാറുള്ള അലമുറ-അതുതന്നെ. കരുത്തനും തടിമാടനും ആശയറ്റവനുമായ ഒരു പുരുഷൻ പുലർച്ചയ്ക്ക് ഗുഹയിൽ ഇങ്ങനെ അലമുറക്കൂട്ടുന്നത് കേൾക്കാൻ എന്തൊരു വിഷമമാണെന്നോ!

സംഗതി അറിയാൻ ഞാൻ ചാടിയെണീറ്റൂ. റെഡ് ഇന്ത്യൻ തലവൻ ബില്ലിന്റെ നെഞ്ചത്തു ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഒരു കൈകൊണ്ട് ബില്ലിന്റെ മുടി കൂട്ടിപ്പിണക്കുന്നു. മറുകയ്യിൽ ഞങ്ങൾ ഉണക്കപന്നിയിറച്ചി അരുക്കാൻ ഉപയോഗിച്ച കത്തി. ചെക്കൻ കഠിനാധ്വാനിയായി, യഥാതഥമായി., തലേന്ന് വൈകിട്ട് വിധിച്ച ശിക്ഷാനടപടി, ബില്ലിന്റെ തലയുടെ തൊലിയുരിക്കൽ നടപ്പിലാക്കാൻ തുനിയുന്നു.ഞാനൊരു തട്ട്: കത്തി തെറിച്ചു. വീണ്ടും അവനെ ഒതുക്കി കിടത്തി. ബില്ലിന്റെ പൌരുഷം തകർന്നു പോയിരുന്നു അന്നേരം. ഞാൻ ചാഞ്ഞു കിടന്നു.പക്ഷെ കണ്ണിണ പൂട്ടിയില്ല. ചെക്കൻ ഞങ്ങളോടൊപ്പമുള്ള കാലം വരെ ബില്ല് കണ്ണടക്കാൻ മറന്നു പോയിരുന്നു. ഞാനൽപ്പനേരം കൂടി മങ്ങി.സൂര്യോദയത്തിൽ ഉണർന്നു. അപ്പോൾ ഞാനോർത്തത് ഗോത്രതലവന്റെ വാക്കുകളായിരുന്നു. കുറ്റിയിൽ തറച്ചു എന്നെ തീയിട്ടു ചൂടുമല്ലോ. എനിക്കശേഷം പേടിയുണ്ടായിരുന്നില്ല. എന്നാലും എഴുന്നേറ്റിരുന്നു പൈപ്പ് പുകച്ചു പാറക്കെട്ടിൽ തല ചായ്ച്ചു.
“നീ എന്തിന് ഇത്ര നേരത്തെ ഉണർന്നു. സാം?”ബിൽ ചോദിക്കുന്നു.
“ഞാനോ,” ഞാൻ പറയുന്നു. “ഓ എന്റെ ചുമലിന്നൊരു നാശം വേദന, എഴുന്നേറ്റിരുന്നാൽ മാറുമെന്ന് തോന്നുന്നു.”
“പെരുങ്കള്ളാ,” ബിൽ പറയുന്നു “നീ ഭയന്നിരിക്കുന്നു. പുലർച്ചെ നിന്നെ തീയിട്ടു പുകയ്ക്കുമല്ലോ. അവനതു ചെയ്യും. നിനക്ക് ഭയമുണ്ട്. അവനതു ചെയ്യാൻ ഒരു തീപ്പെട്ടിക്കോലുമതി. സംഗതി മഹാപിശക്. അല്ലേ സാം? ഇങ്ങനെയുള്ള ഒരു താന്തോന്നിച്ചെക്കനെ വീട്ടിലേക്ക് തിരികെ കിട്ടാൻ ആരെങ്കിലും നാലു കാശു ചെലവാക്കാമോ?”

“തീർച്ചയായും” ഞാൻ പറയുന്നു. “കുസൃതിക്കൂട്ടന്മാരെയാണ് രക്ഷിതാക്കൾക്കിഷ്ടം. ഇനി നീയും ഗോത്രത്തലവനും എഴുന്നേറ്റാട്ടെ, പ്രാതലുണ്ടാക്കിക്കോളു. ഞാൻ മലമുകളിൽ കേറട്ടെ. ശത്രുവിന്റെ നീക്കങ്ങൾ അറിയണമല്ലോ.”
ഞാൻ മലമേട്ടിൽ കയറി ചുറ്റും കണ്ണോടിച്ചു. ശക്തരും ദൃഢചിത്തരുമായ ഗ്രാമവാസികൾ കത്തി, പിക്കാസ് തുടങ്ങിയ സമരായുധങ്ങളുമായി, തമ്പേറടിച്ച് ആണത്തമില്ലാത്ത തട്ടിക്കൊണ്ടുപോകലുകാരെ തിരക്കി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.ഒരനക്കവുമില്ല. കണ്ടത് ശാന്തസുന്ദരമായ പ്രകൃതി ദൃശ്യം. ഒരുവൻകാളയെക്കൊണ്ട് നിലമുഴുന്നു.ആരും ഇങ്ങോട്ടില്ലെന്നുമാത്രം.ദു:ഖാർത്തരായ മാതാപിതാക്കളുടെ പുത്ര നഷ്ടത്തെകുറിച്ചുള്ള വ്യാകുലവാർത്തകളും കേട്ടില്ല. കൺമുമ്പിൽ പരപരാ കിടക്കുന്ന അലബാമ പ്രദേശത്തിന് ഉറക്കച്ചടവുള്ള ഒരു ഭാവമാണുള്ളത്.ഞാൻ സ്വയം തിരുത്തി.ഒരു പക്ഷെ അവർ സംഗതി കണ്ടെത്തിയിട്ടുണ്ടാവില്ല.ചെന്നായ്ക്കൾ ആട്ടിൻകിടാവിനെ അവരിൽ നിന്ന് തട്ടിയകറ്റിയത് അറിഞ്ഞിട്ടുണ്ടാകില്ല. ദൈവമേ, ചെന്നായ്ക്കളെ രക്ഷിച്ചാലും പിന്നെ ഞാൻ മലയിറങ്ങി പ്രാതൽ കഴിക്കണമല്ലോ.

ഗുഹയിൽ കണ്ട കാഴ്ച. ബില്ലിനെ ഗോത്രതലവൻ പാറക്കെട്ടിൽ ചാരിനിർത്തിയിരിക്കുന്നു. ബില്ലിന്റെ ശ്വാസോച്ഛ്വാസം തകരാറിലായിട്ടുണ്ട്.തേങ്ങയുടെ വലിപ്പമുള്ള പാറക്കഷണം ചെക്കന്റെ കയ്യിൽ. അതുകൊണ്ട് ബില്ലിനെ ചതച്ചരയ്ക്കുമെന്ന ഭീഷണി വായിൽ.


“അവൻ ചുട്ടുപൊള്ളുന്ന ഉരുളക്കിഴങ്ങ് എന്റെ നടുപ്പുറത്തേക്കെറിഞ്ഞു.” ബില്ല് പറയുന്നു. “എന്നിട്ടവൻകാൽകൊണ്ടത് പുറത്ത് ചവിട്ടിയുരസി, ഞാനന്റെ ചെവി തിരുമ്പി. നിന്റെ കയ്യിൽ തോക്കുണ്ടോ, സാം?”
പാറക്കഷണം ചെക്കനിൽനിന്ന് തട്ടികയറ്റി അവർ തമ്മിലുള്ള വാക്ക്തർക്കങ്ങൾക്കറുതീ വരുത്തി.“ ഞാൻ നിന്നെ ശരിപ്പെടുത്തും.”ചെക്കൻ ബില്ലിനോട് പറയുന്നു. “റെഡ് ഇന്ത്യൻ തലവനെ ഇന്നോളം ആരും ഇടിച്ചിട്ടില്ല. സൂക്ഷിച്ചോ.”

പ്രാതൽ കഴിച്ചു. ചെക്കൻ കീശയിൽ നിന്നൊരു തോൽപ്പട്ടയെടുത്തു. അതിന്റെ അറ്റത്തൊരു കവണയുണ്ട്. അത് ചുരുട്ടിവച്ചിരിക്കുകയായിരുന്നു കീശയിൽ. അതെടുത്തു ചെക്കൻ ഗുഹയുടെ പുറത്തേക്ക്.
“അവനെന്തു ചെയ്യാനാണ് ഭാവം?” ബിൽ ചോദിക്കുന്നു. “അവൻ ഓടിപ്പോകുമോ സാം?”

“നീ അക്കാര്യത്തിൽ മാത്രം പേടിക്കണ്ട” ഞാൻ പറഞ്ഞു. “അവൻ വീട്ടുമുറയിൽ ഒതുങ്ങിയിരിക്കുന്നവനല്ല.എന്നാലും നമ്മുടെ പദ്ധതിക്കൊരു പ്രായോഗിക രൂപം നൽകണം. പണയസംഖ്യ തിട്ടപ്പെടുത്തണം, സമ്മിറ്റിൽ ഇക്കാര്യത്തിൽ വലിയ ഉത്സാഹമൊന്നും കാണുന്നില്ല.ഒരു പക്ഷെ ചെക്കനെ കാണാതായതു അർ അറിഞ്ഞിട്ടില്ലായിരിക്കാം. ചെക്കൻ അമ്മായി ജെയിനിന്റെ കൂടെയോ കൂട്ടുകാരുടെ കൂടെയോരാർപ്പാക്കുകയാണെന്ന് കരുതുന്നുണ്ടാകും. പക്ഷെ കുറെ കഴിഞ്ഞാൽ അവർക്ക് വെളിവു വരും.ഇന്നുരാത്രി ചെക്കനെ തിരിച്ചയക്കാൻ രണ്ടായിരം ഡോളർ പ്രതിഫലം ചോദിച്ചുള്ള സന്ദേശം അവന്റെ അച്ഛനയക്കണം.”

അന്നേരം പുറത്തുനിന്നൊരു കൊലവിളി.ഇതേ പോർവിളിയാകണം. ചാമ്പ്യൻ ഗോലിയത്തിനെ അടിച്ചു നിലംപരിശോധിക്കാൻ ദാവീദ് പുറപ്പെടുവിച്ചിട്ടുണ്ടാകുക. റെഡ് ഇന്ത്യൻ തലവൻ കീശയിൽ നിന്നെടുത്ത കവണയുള്ള തോൽപ്പട്ട തലക്കുമീതെ വട്ടം ചുഴറ്റുന്നു.

മാറി ഞാൻ. പടോ എന്നൊരു ശബ്ദം, ജീനിയയിക്കുമ്പോൾ കുതിര പുറപ്പെടുവിക്കാറുള്ള ദീർഘശ്വാസം പോലെയുള്ള ശബ്ദം ബില്ലിൽ നിന്നു കേട്ടു.മുട്ടയോളം വലിപ്പമുള്ള കരിങ്കല്ല് ബില്ലിന്റെ ഇടത്തു ചെവിയിൽ തട്ടി. ബിൽ ചാഞ്ഞു. തല കുത്തി വീണു. വീണത് അടുപ്പത്തു വെച്ച ചൂടുവെള്ളപ്പാത്രത്തിലേക്കാണ്. ഞാനവനെ പാത്രത്തിൽ നിന്ന് വലിച്ചു കയറ്റി അരമണിക്കൂറോളം അവന്റെ തലയിൽ പച്ചവെള്ളം കൊണ്ടുഴിഞ്ഞു കൊടുത്തു. സാവാകാശം ബില്ല് എഴുന്നേറ്റു. ചെവി തടവി, എന്നിട്ട് പറയുന്നു: “ സാം ബൈബിളിലെ എനിക്കിഷ്ടപ്പെട്ട കഥാപാത്രം ആരാണെന്നു നിനക്കറിയാമോ?”
“സാരമില്ല,” ഞാൻ പറയുന്നു: “ അല്പം കഴിഞ്ഞാൽ ഒക്കെ നേരെയാവും. “
അവൻ പറയുന്നു: “ഹെറോദ് രാജാവ്! നീ എന്നെ ഇവിടെ വിട്ട് ഓടിപ്പോകുമോ, സാം?”
ഞാൻ പുറത്തേക്കോടി. ചെക്കനെ ആഞ്ഞുപിടിച്ചു. അവനെ കശക്കി.

“നീ നന്നായി പെരുമാറിക്കോ” ഞാൻ പറയുന്നു: “ അല്ലെങ്കിൽ ഈ നിമിഷം ഞാൻ നിന്നെ വീട്ടിലേക്കെത്തിക്കും. നീ നന്നായി പെരുമാറുമോ ഇല്ലയോ?”

“ഞാൻ തമാശ കളിക്കുകയായിരുന്നു” അവൻ മെല്ലെ പറയുന്നു: “കിഴക്കൻ ഹാങ്കിനെ ദ്രോഹിക്കാൻ ഒട്ടും വിചാരിച്ചിട്ടില്ല. പക്ഷെ അവനെന്തിന് എന്നെ ഇടിച്ചു? പാമ്പുകണ്ണാ, ഞാൻ നന്നായി പെറുമാറാം. എന്നെ വീട്ടിലേക്കയക്കരുത്. എന്നെ ഇന്ന് ബ്ലാക്ക്സ്കൌട്ട് കളിക്കാൻ സമ്മതിക്കണം.”

“ എനിക്ക് ആ കളിയറിയില്ല” ഞാൻ പറയുന്നു: “അത് നീയും മിസ്റ്റർ ബില്ലും തമ്മിൽ തീരുമാനിച്ചോളൂ.ഇന്നത്തെ നിന്റെ കളിക്കൂട്ടൂകാരാൻ അവനാണ്. ഞാനിപ്പോൾ പുറത്തേക്ക് പോകും. ഒരു കാര്യമുണ്ട്. നീ അകത്തേക്ക് വാ. ബില്ലിനോട് ലോഗ്യമാകൂ. അവനെ വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കു. ഇല്ലെങ്കിൽ ഇതാ ഇപ്പോൾ വീട്ടിലേക്ക് പുറപ്പെടാം.”

ചെക്കൻ വന്നു; ബില്ലിനെയും ചെക്കനെയും കൈകൊടുപ്പിച്ചു. എന്നിട്ട് ബില്ലിനെ പുറത്തേക്ക് വിളിച്ചു, സ്വകാര്യമായി പറഞ്ഞു:“ ഗുഹയിൽ നിന്ന് മൂന്നുനാഴിക അകലെയുള്ള പോപ്ലർ ക്ലോവിലേക്ക് പോകുന്നു. തട്ടിക്കൊണ്ടു പോയതിനെക്കുറിച്ചുള്ള പ്രതികരണം അറിയാൻ ശ്രമിക്കാം. കിഴവൻ ഡോർസെറ്റിനു അലംഘനീയമായ ഒരു കത്തെഴുതുന്നത് നന്നായിരിക്കുമെന്നും തോന്നി. കത്തിൽ പണയസംഖ്യ പറയണം. അതെങ്ങനെ നമുക്കത്തിക്കണമെന്നും പറയണം.”

“ സാം, നിനക്കറിയില്ലേ? വെള്ളപ്പൊക്കത്തിലും തീപ്പിടുത്തത്തിലും ഭുകമ്പത്തിലും ഒക്കെ ഞാൻ കൺപോളപോലും ചിമ്മാതെ നിന്നോടൊപ്പം നിന്നിട്ടുണ്ട്. ശീട്ടുക്കളി, ഡൈനാമിറ്റ് പൊട്ടിക്കൽ, പോലീസ് വേട്ട, തീവണ്ടിക്കൊള്ള, എന്തിന് കൊടുങ്കാറ്റിലും നാം ഒന്നിച്ചുണ്ടായിരുന്നു. ഇന്നോളം ഞാൻ പേടിച്ചിട്ടില്ല. ഇരുകാലുള്ള ഈ ആകാശവാണത്തെ തട്ടിക്കൊണ്ടുവരുന്നതുവരെ, നീ വേഗം വരുമോ? ഇവനോടൊപ്പം എന്നെ അധികനേരം നീ വിട്ടുപോകുമോ, സാം?
“ ഞാൻ ഉച്ചയാവുമ്പോളെത്തും.”

ഞാൻ പറയുന്നു. “ ചെക്കനെ സന്തോഷിപ്പിക്കൂ. ശാന്തനാക്കൂ, ഞാൻ വരും വരെ, ഇപ്പോൾ നമുക്ക് ഡോർസെറ്റിനുള്ള കത്തെഴുതാം.”


ബില്ലും ഞാനും കടലാസും പെൻസിലുമെടുത്തു, കത്തെഴുത്ത് തുടങ്ങി.

‘റെഡ് ഇന്ത്യൻ തലവൻ’ ഒരു വിരിപ്പെടുത്ത് പുതച്ചുമൂടി, ഗുഹാമുഖത്തു ലാത്തി ഗുഹ കാക്കുകയായിരുന്നു. രണ്ടായിരം ഡോളർ പണയ സംഖ്യ ആയിരത്തിഅഞ്ഞൂറാക്കി ചുരുക്കാൻ ബിൽ എന്നോട് കണ്ണീരോടെ യാചിക്കുകയുണ്ടായി. ബിൽ പറയുന്നു. “ രക്ഷാകർതൃ വാത്സല്യത്തിന്റെ പ്രഖ്യാതമായ ധാർമികവശത്തെ അവഹേളിക്കാൻ ഞാൻ ശ്രമിക്കുകയല്ല. പക്ഷെ നാം പെരുമാറുന്നത് മനുഷ്യരോടാണെല്ലോ! നാല്പത്റാത്തൽ തൂക്കവും ചുണങ്ങുമുള്ള ഈ കാട്ടുപൂച്ചക്ക് രണ്ടായിരം ഡോളർ ചോദിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. ഞാൻ ആയിരത്തി അഞ്ഞൂറ് ഡോളറിൽ രാജിയാകും. വ്യത്യാസമായി വരുന്ന അഞ്ഞൂറ് ഡോളർ നീ എന്റെ പേരിൽ ചെലവെഴുതു.”
ബില്ലിനെ ആശ്വസിപ്പിച്ചു, സമ്മതം നൽകി. ഞങ്ങൾ കൂട്ടായി കത്തെഴുതി. അതിങ്ങനെയായിരുന്നു.

എബ്നേസർ ഡോർസെറ്റ് അവർകൾക്ക്,
ഞങ്ങൾ നിങ്ങളുടെ അരുമസന്തതിയെ സമ്മിറ്റിൽ നിന്നകലെയുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.അവനെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് നിങ്ങളായാലും അതിസമർത്ഥരായ കുറ്റാന്വേഷകരായാലും നിഷ്പ്രയോജനകരമായ ജോലിയായിരിക്കും. നിങ്ങൾക്കവനെ തിരികെ കിട്ടാനുള്ള നിബന്ധന ഇതാ. വലിയതരം നോട്ടുകളിൽ ആയിരത്തി അഞ്ഞൂറ് ഡോളർ അവനെ തിരികെ തരാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. പണവും നിങ്ങളുടെ മറുപടിയും ഇനി വിവരിക്കാൻ പോകുന്ന സ്ഥലത്തുള്ള കാർഡ്ബോർഡ് പെട്ടിയിൽ നിക്ഷേപിക്കണം. നിങ്ങൾക്ക് ഈ നിബന്ധനകൾ സമ്മതമാണെങ്കിൽ നിങ്ങളുടെ മറുപടി ഇന്നു രാത്രി എട്ടര മണിക്ക് അയക്കുക.ഒരു സന്ദേശ വാഹകൻ മുഖേന. ഔൾ ക്രീക്ക് കടന്നാൽ പോപ്ലാർ ക്ലോവിൽ മൂന്ന് വൻ മരങ്ങൾ ആറു വാര വിട്ടു വിട്ട് നിൽപ്പുണ്ട്. അവ ഗോതമ്പ് പാടങ്ങളുടെ വേലിക്ക് വലതു വശത്തിന്നരികെയാണ്. മൂന്നാമത്തെ മരത്തിനെതിരെ, വേലിത്തറിയുടെ താഴെ ഒരു ചെറിയ കാർഡ് ബോർഡ് പെട്ടി കാണും. സന്ദേശവാഹകൻ മറുപടി ഈ പെട്ടിയിൽ ഇടണം. പിന്തിരിഞ്ഞു നോക്കാതെ ഉടനടി സമ്മിറ്റിയിലേക്ക് യാത്ര തിരിക്കണം. നിങ്ങൾ ഞങ്ങളെ ചതിക്കാൻ ശ്രമിക്കയോ, ഈ ആവശ്യങ്ങൾ നിരാകരിക്കയോ ചെയ്താൽ - പിന്നെ കുഞ്ഞിനെ നിങ്ങൊരിക്കലും കാണില്ല!

എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ കത്തിനു പുറത്ത് ഡോർസെറ്റിന്റെ മേൽവിലാസമെഴുതി, കീശയിൽ വെച്ചു. ഞാൻ പോകാൻ ഒരുങ്ങവേ ചെക്കൻ എന്നെ സമീപിക്കുന്നു. എന്നിട്ട് എന്നോട് പറയുന്നു:
“ഹേ, പാമ്പുകണ്ണാ, നിങ്ങൾ പോയാൽ എനിക്ക് ബ്ലാക്ക് സ് കൌട്ട് കളിക്കാമെന്ന് പറഞ്ഞിരുന്നില്ലേ?”
“ഉവ്വ്, കളിച്ചോളു.” ഞാൻ പറയുന്നു:മിസ്റ്റർ ബിൽ നിന്നോടൊപ്പം കളിക്കും. എന്തുകളിയാണിത്?”
“ ഞാൻ ബ്ലാക്ക് സ് കൌട്ട്” റെഡ് ഇന്ത്യൻ തലവൻ പറയുന്നു: “എനിക്ക് മേച്ചിൽപ്പുറം വരെ സവാരി ചെയ്യണം. അവിടെയുള്ള കുടിയേറിപ്പാർപ്പുകാർക്ക് റെഡ് ഇൻഡ്യക്കാർ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് കൊടുക്കണം. റെഡ് ഇന്ത്യൻ തലവനായുള്ള അഭിനയം എനിക്ക് മടുത്തിരിക്കുന്നു.ഇക്കുറി ഞാൻ ബ്ലാക്ക് സ് കൌട്ട് ആകും.”


“ആയിക്കോളൂ” ഞാൻ പറയുന്നു. “ അതിൽ കുഴപ്പമൊന്നുമില്ല. ശല്യക്കാരായ പ്രാകൃതന്മാരെ അടിച്ചമർത്താൻ ബിൽ നിന്നെ സഹായിക്കാതിരിക്കില്ല.”
“നീ, എന്റെ കുതിര” ബ്ലാക്ക് സ് കൌട്ട് പറയുന്നു. “നീ മുട്ടുകുത്തി നിൽക്ക്. മേച്ചിൽപുറംവരെ ഞാൻ കുതിരപ്പുറത്തല്ലാതെ എങ്ങനെ സഞ്ചരിക്കും.?”
ചെക്കന്റെ താല്പര്യം കെടുത്താതെ ബിൽ,” ഞാൻ പറയുന്നു. “ ഈ പദ്ധതി നടപ്പിലാക്കുന്നത് വരെ സ്വൽപം ത്യാഗം. ക്ഷമിക്ക്.”
ബിൽ നാലുകാലിൽ മുട്ടുകുത്തിനിൽക്കുന്നു. അവന്റെ കണ്ണ് – കെണിയിൽ വീണ മുയലിന്റെ കണ്ണുകൾ പോലെ.
“മേച്ചിൽ പുറത്തേക്കെത്ര ദൂരമുണ്ട് കുഞ്ഞേ?” പരുക്ഷമായി ബിൽ ചോദിക്കുന്നു.
“തൊണ്ണൂറ് നാഴിക” ബ്ലാക്ക് സ്കൌട്ട് പറയുന്നു. “കൃത്യസമയത്തവിടെ എത്തണം. നന്നായി ഓടിക്കോ. വൌ വൌ..... പോ......”
ബ്ലാക്ക് സ്കൌട്ട് കുതിരപ്പുറത്തേക്ക് ചാടിക്കയറുന്നു. മടമ്പുകൊണ്ട് കുതിരയെ ചവിട്ടുന്നു.

“സാം ദൈവത്തെ ഓർത്ത് വേഗം മടങ്ങി വാ...കഴിയും വേഗം. പണയസംഖ്യ ആയിരം ഡോളറാക്കി ചുരുക്കാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു. ദേയ്, ചവിട്ടുന്നത് നിർത്ത്.ഇല്ലെങ്കിൽ ഞാനെണീറ്റ് നിൽക്കും. നല്ല ചുട്ട അടിതരും, നിനക്ക്.
”ഞാൻ പോപ്ലർ ക്ലോവിലേക്ക് നടന്നു. പോസ്റ്റാപ്പീസിന്റെയും പലചരക്ക് കടയുടേയും അടുത്തായി ഇരുന്നു. അവിടെ ഉണക്കയിറച്ചി വിൽക്കാൻ വരുന്നവരുമായി കുശലം പറഞ്ഞു.ഒരുഗ്രമീശക്കാരൻ പറയുന്നു: “ ഡോർസെറ്റ് ആകെ ബേജാറിലാണ് പയ്യനെ കാണാനില്ല. കട്ടു കൊണ്ടുപോയിരിക്കുന്നു.” എനിക്കറിയേണ്ടത് കർത്താവെ, അതു മാത്രം. ഞാൻ കുറച്ചു പുകല വാങ്ങി.കറുത്തകണ്ണുള്ളകടലയുടെ വില ചോദിച്ചു.ആരും കാണാതെ കത്ത് തപാൽപെട്ടിയിൽ ഇട്ടു. തടിതപ്പി ഒരു മണിക്കൂറിനുള്ളിൽ കത്തെടുക്കാൻ സമ്മിറ്റിൽ നിന്ന് മെയിൽവണ്ടി വരുമെന്ന് പോസ്റ്റർ പറഞ്ഞിരുന്നു.

ഞാൻ ഗുഹയിലെത്തി, ബില്ലിനെ കാണാനില്ല. ചെക്കനെയും കാണാനില്ല.ചുറ്റുപാടും തിരക്കി. ഒന്നു രണ്ടുതവണ സ്വരമുയർത്തുക എന്ന അപകടവും ചെയ്തു നോക്കി. ഇല്ല ഒരനക്കവും ഇല്ല.

അതിനാൽ പൈപ്പ് കൊളുത്തി. സംഭവങ്ങൾ അറിയാൻ പായലുള്ള ഒരു പാറയിൽ ഇരുന്നു. അരമണിക്കൂറോളം കഴിഞ്ഞുകാണും. ഇലയനങ്ങി. ഇരുചുമലുകളും പൊക്കിയും താഴ്ത്തിയും ബില്ല് അവശനായി വരുന്നു.ഗുഹാമുഖത്തെ കാട്ടുവഴിയിൽ പ്രത്യക്ഷപ്പെടുന്നു.അവന്റെ പിറകിലായി ചെക്കൻ . ബില്ലിൽ നിന്ന് എട്ടോളം അടി അകലെ. ചെക്കൻ ശാന്തൻ. മുഖമാകെ പരന്ന ഒരിളി ബില്ല് നിന്നു. തലയിൽ നിന്ന് തൊപ്പിയെടുത്തു. ചുവന്ന തൂവാലക്കൊണ്ട് മുഖം തടവി. ചെക്കൻ ദൂരെ.

“സാം,” ബില്ല് പറയുന്നു. “എന്നെ ഒരു വർകവഞ്ചകനായി നീ മുദ്രയടിച്ചേക്കാം.പക്ഷെ എനിക്കു വയ്യ,ഞാനൊരു മുതിർന്ന പോത്തനാണ്. എനിക്കെന്റെ പുരുഷത്വവും പ്രതിരോധബോധവും ഉണ്ട്. നമ്മുടെയൊക്കെ അഹന്തയും താൻപോരിമയും. തോറ്റമ്പുന്ന ചില അവസങ്ങളുണ്ട്. ചെക്കൻ പോയി, കേട്ടോ, ഞാനവനെ ഓടിച്ചു, വീട്ടിലേക്ക്. എല്ലാം കഴിഞ്ഞു. മുൻകാലങ്ങളിൽ രക്തസാക്ഷികൾ ഉണ്ടായിരുന്നു. തങ്ങളിഷ്ടപ്പെട്ട കാര്യം നിർവ്വഹിക്കാൻ അവർ മരണത്തെവരെ സ്വാഗതം ചെയ്തു. എന്നാലും എന്നെപ്പോലെ അവരാരും ഇത്രകടുത്ത ശിക്ഷകൾക്ക് വിധേയരായിട്ടില്ല. നമ്മുടെ തട്ടിപ്പിന്റെ പ്രമാണങ്ങളെല്ലാം വിശ്വാസപൂർവ്വം നിർവ്വഹിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ എല്ലാറ്റിന്നും ഒരു പരിധിയുണ്ടല്ലോ.”

“ എന്താണ് കുഴപ്പം?” ഞാൻ ചോദിക്കുന്നു.
ഞാൻ സവാരിക്കുതിരയായിരുന്നു.” ബില്ല് പറയുന്നു: “മേച്ചിൽപ്പുറത്തിലേക്കുള്ള ദൂരം അത്രയും ഓടി. തൊണ്ണൂറ് നാഴിക. ഒരിഞ്ചും ചെക്കൻ കുറച്ചിട്ടില്ല. അങ്ങനെ അവൻ കുടിയേറിപാർപ്പുകാരെ രക്ഷിച്ചു. എനിക്ക് തിന്നാൻ ഓട്ട്സ് തന്നു. മണ്ണ് ഓട്ട്സിന് പകരമായ രുചിയുള്ള പദാർത്ഥമാകുകയില്ലല്ലോ! പിന്നീട് ഒരു മണിക്കൂറുനേരം ചർച്ച. വേലികെട്ടുകൾ ശൂന്യമായി കിടക്കുന്നതെന്തുകൊണ്ട്? ഒരു നിരത്തിലൂടെ ഇരുഭാഗത്തേക്കും പോകാൻ കഴിയുന്നതെങ്ങനെ? പുല്ലെങ്ങനെ പച്ചനിറമാകുന്നു? ഞാൻ പറയട്ടെ , ഒരു മനുഷ്യന്നു അത്രത്തോളമേ സഹിക്കാൻ പറ്റു. ഞാൻ കുപ്പായസഹിതം അവന്റെ കഴുത്ത് പിടിച്ച മലയുടെ താഴേക്ക് വലിച്ചിട്ടു. വഴിക്കൽ വെച്ചവൻ എന്നെ പൊതിരെ ചവിട്ടി. എന്റെ കൈവിരലുകളിൽ ഒന്നോ രണ്ടോ കടിപ്പാട് കാണും.”

“ ശല്യം പോയി” ബില്ല് തുടരുന്നു. “ വീട്ടിലേക്കവൻ പോയി. സമ്മറ്റിലേക്കുള്ള വഴി ഞാനവന് കാണിച്ചുകൊടുത്തു.ഒരെട്ടടി ദൂരം കുറഞ്ഞു കിട്ടുന്ന ഒരു ചവിട്ടും കൊടുത്തു. നമുക്ക് പണയസംഖ്യ നഷ്ടമായതിൽ ഞാൻ ദു:ഖിക്കുന്നു. ഒന്നുകിൽ പണയസംഖ്യ – അല്ലെങ്കിൽ ബിൽ ഡ്രിസ്കോൾ ഭ്രാന്താശുപത്രിയിൽ. “

ബിൽ കിതയ്ക്കുന്നുണ്ടായിരുന്നു. ഞരങ്ങിയിരുന്നു. എന്നാലും അവന്റെ മുഖമാകെ സുഖകരമായ ശാന്തത. അവന്റെ ഇളം ചുവപ്പാർന്ന മുഖത്ത് വളർന്ന് വരുന്ന സംതൃപ്തിയുണ്ടായിരുന്നു.
“ബിൽ” ഞാൻ വിളിക്കുന്നു.“ നിന്റെ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ടോ? പറയൂ.”
“ഇല്ല”ബിൽ പറയുന്നു.“ പഴക്കമുള്ള രോഗങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മലമ്പനിയും അപകടങ്ങളും മാത്രം.”
“ എങ്കിൽ നീ തിരഞ്ഞു നോക്കണം.” ഞാൻ പറയുന്നു. “ നിന്റെ പിറകിൽ എന്താണെന്നു കാണൂ.”

ബിൽ തിരയുന്നു. ചെക്കനെ കാണുന്നു. ബില്ലിന്റെ മുഖം വാടുന്നു.പടോന്ന് നിലത്തിരിക്കുന്നു. അലക്ഷ്യമായി പുല്ല് പറിക്കുന്നു. ചെറുതണ്ടുകളും പറിച്ചെടുക്കുന്നുണ്ട്. ഒരു മണിക്കുറോളം നേരം ആ ജോലിയിൽ ബിൽ തുടരുന്നു. അവന്റെ മാനസികനിലയെക്കുറിച്ച് ഞാൻ പേടിക്കുന്നു. പിന്നെ ഞാൻ പറയുന്നു. “ ഞാനേറ്റകാര്യം പൂർണ്ണമായും നടപ്പിലാക്കിയിരിക്കുന്നു. പണയസംഖ്യ നമുക്ക് കിട്ടും ബിൽ ഇന്നു നട്ടപ്പാതിരക്ക് നാം സ്ഥലംവിടും – കിഴവൻ ഡോർസെറ്റ് നമ്മുടെ പദ്ധതിയിൽ വീണാൽ.” അന്നേരം ബിൽ സാവകാശം എണീറ്റ് ചെക്കന് ക്ഷീണിച്ച പുഞ്ചിരി ദാനം ചെയ്തു. അല്പം സുഖമായാൽ ചെക്കനോടൊപ്പം ജപ്പാൻ യുദ്ധത്തിൽ റഷ്യക്കാരനായി കളിക്കാമെന്നു സമാശ്വസിക്കുകയും ചെയ്തു.

പണയസംഖ്യ ശേഖരിക്കുവാനും എനിക്കൊരു പദ്ധതുയുണ്ടായിരുന്നു. ആപത്തിൽ പെടാതെ സംഖ്യ നേടണമല്ലോ. മറുചതിയിൽ വീഴരുത്. എന്റെ പദ്ധതി തൊഴിയിൽ സാമർത്ഥ്യമുള്ള തട്ടിപ്പുകാർക്കുപോലും പ്രശംസാർഹമായി തോന്നുമായിരുന്നു. ആദ്യം കത്തും പിന്നീട് പണയസംഖ്യയും വെക്കേണ്ട മരച്ചോട്ടിലെ കാർഡ്ബോർഡ്പെട്ടി നിരത്തുവക്കീലെ വേലിക്കടുത്തായിരുന്നു. ചുറ്റുപാടും വരണ്ട പാടങ്ങൾ. ഒരു കൂട്ടം പോലീസുകാർ ഞങ്ങളെ കണ്ടാൽ പോലും നിരത്തോ പാടമോ മുറിച്ചു കടക്കുന്നത് മാത്രമേ കാണൂ. പക്ഷെ, ഞാൻ അതല്ല ചെയ്തത്.എട്ടരമണിക്ക് ഞാൻ മരമുകളിൽ കയറി ഇരിപ്പുറപ്പിച്ചു.മരത്തലപ്പിൽ പോക്കാച്ചിതവളയെപോലെ ഇരുന്നു. സന്ദേശവാഹകനെ കാത്തുകൊണ്ട്.

സമയം കൃത്യം. പാതിവളർന്ന ഒരു പയ്യൻ സൈക്കിളിൽ നിരത്തിലൂടെ വരുന്നു. മരത്തിന്റെ താഴെയുള്ള പെട്ടി കാണന്നു. മടക്കിയ കടലാസ് പെട്ടിയിലേക്ക് ഇടുന്നു. സമ്മിറ്റിയിലേക്ക് തിരിച്ചുപോകുന്നു.

എന്നിട്ടും ഒരു മണിക്കൂർകൂടി ഞാൻ മരക്കൊമ്പിലിരുന്നു. പിന്നെ തീരുമാനമായി. സംഗതി ശുഭകരമായി കലാശിച്ചിരിക്കുന്നുവല്ലോ. പതുക്കെ മരത്തിൽ നിന്നിറങ്ങി. കുറിപ്പെടുത്തു. വേലിപ്പടർപ്പിലൂടെ പതുങ്ങി നടന്ന് കാട്ടിലേക്ക് മറഞ്ഞു. അരമണിക്കുറിനുള്ളിൽ ഗുഹയിൽ എത്തി. ഞാൻ മടക്കിയ കുറിപ്പ് തുറന്നു. റാന്തൽ അടുത്തേക്കു നീക്കി. ബില്ലിന്നു കത്ത് വായിച്ചു കൊടുത്തു. കത്തിന്റെ സാരാശം ഇതായിരുന്നു.
എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർക്ക്,
മാന്യരേ,
ഇന്നലെ തപാലിൽ നിങ്ങളുടെ കത്ത് കൈപ്പറ്റി. നിങ്ങൾ ചോദിച്ച പണയസംഖ്യയുടെ കാര്യം; നിങ്ങൾ അൽപം അധികമാണ് ചോദിക്കുന്നത്.അതുകൊണ്ട് ഒരു മറുനിർദ്ദേശം ഞാൻ വെയ്ക്കുന്നു. അതു നിങ്ങൾ സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം. നിങ്ങൾ ജോണിയെ വീട്ടിലേക്കു കൊണ്ടുവരു. എനിക്ക് പ്രതിഫലമായി രൊക്കം ഇരുന്നൂറ്റമ്പത് ഡോളർ തരൂ. എന്നാൽ ഞാനവനെ നിങ്ങളിൽ നിന്ന് ഏറ്റുവാങ്ങാം. രാത്രി വരുന്നതായിരിക്കും നിങ്ങൾക്ക് നന്നായിരിക്കുക. കാരണമുണ്ട്. അയൽപക്കത്തെ ധാരണ പയ്യൻ നഷ്ടപ്പെട്ടുവെന്നാണ്. അതുകൊണ്ട് അവനെ തിരികെ കൊണ്ടുവരുന്ന നിങ്ങളെ ആരെങ്കിലും അയൽവാസികൾ കണ്ടാൽ അവർ ചെയ്യുന്നതിനൊന്നും ഞാൻ ഉത്തരവാദിയാകുന്നതല്ല.വളരെ ബഹുമാനത്തോടെ,
എബ്നേസർ ഡോർസെറ്റ്
“ എന്റെ തമ്പുരാനേ!” ഞാൻ പറയുന്നു. “ എല്ലാ അധികപ്രസംഗങ്ങൾക്കുമുപരിയായി.”

പക്ഷെ ഞാൻ ബില്ലിന്റെ നേരെ കണ്ണോടിക്കുന്നു.എനിക്ക് സംശയം അവന്റെ കണ്ണിൽ തീവ്രമായ യാചനാരൂപത്തിലുള്ള ഒരഭ്യർത്ഥന ഉണ്ടായിരിക്കുന്നു. അതുപോലുള്ള ഒന്ന് ഞാനിന്നോളം കണ്ടിട്ടില്ല. ഒരു മൂകന്റെയും വായാടിയുടെയും മുഖത്ത് ഇന്നോളം കാണാത്ത അഭ്യർത്ഥന.
“സാം” അവൻ പറയുന്നു: “ ഇരുന്നൂറ്റിഅമ്പത് ഡോളർ എന്നും പഞ്ഞാലെന്ത്? ഹേയ് ഒരു ചുക്കുമില്ല. നമ്മുടെ കയ്യിൽ പണമുണ്ട്. ഒരു രാത്രികൂടെ ചെക്കനോടൊപ്പം കഴിഞ്ഞാൽ എന്നെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റേണ്ടി വരും.ഡോർസെറ്റ് മഹാൻ മാത്രമല്ല; ദയാലുവും കൂടിയാണ് അത്രയുംമിതമായ ഒരാവശ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഈ അവസരം നഷ്ടപ്പെടുത്തരുത്. നീ എന്തു പറയുന്നു?”
“ നേരു പറയട്ടെ ബിൽ” ഞാൻ പറയുന്നു. “ഈ ചെക്കൻ എന്റെ ഞരമ്പുകളെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.അവനെ വീട്ടിൽ കൊണ്ടു പോയിവിടുക. സംഖ്യകൊടുക്കുക. തടി കേടുകൂടാതെ രക്ഷപ്പെടുത്തുക.”

അന്നുരാത്രി ഞങ്ങളവനെ വീട്ടിലേക്ക് കൊണ്ടുപോയി. അവൻ വരാൻ വേണ്ടി ഞങ്ങൾ പറഞ്ഞു. “ അവന്റെ അച്ഛൻ അകത്ത് വെള്ളിപൂശിയ ഒരു തോക്ക് വാങ്ങിയിരിക്കുന്നു. ഒരു ജോഡി മൃദുലമായ ചെരിപ്പും വാങ്ങിയിട്ടുണ്ട്. നാളെ മുതൽ നമുക്ക് കരടിവേട്ട തുടങ്ങാം.”

ഏതാണ്ട് രാത്രി 12 മണിയായി ഞങ്ങൾ എബ്നേസറിന്റെ മുൻവാതിൽ മുട്ടി. ആദ്യ പദ്ധതി പ്രകാരം മരച്ചോട്ടിലുള്ള പെട്ടിയിൽനിന്നു ആയിരത്തിഅഞ്ഞൂറ് ഡോളർ ഞാൻ എണ്ണിയെടുക്കേണ്ട നിമിഷമായിരുന്നു. സംഭവിച്ചതോ? ബിൽ ഇരുന്നുറ്റിഅമ്പത് ഡോളർ എണ്ണിതിട്ടപ്പെടുത്തി ഡോർസെറ്റിന്റെ കയ്യിലേൽപ്പിക്കുന്നു.

ഞങ്ങൾ ചെക്കനെ വീട്ടിലാക്കി പോകയാണെന്നറിഞ്ഞപ്പോൾ ചെക്കൻ ചൂളം വിളിക്കുന്ന ഒരു സംഗീതോപകരണത്തിലെന്നപോലെ ആർക്കാൻ തുടങ്ങി. അട്ടയെപോലെ അവൻ ബില്ലിന്റെ കാലിൽ പിടിച്ചുതൂങ്ങി. അവന്റെ അച്ഛൻ അവനെ ഒരു പ്ലാസ്റ്റർ പോലെ സാവകാശം ബില്ലിന്റെ കാലിൽ നിന്ന് അടർത്തിയെടുക്കുന്നു.

“ നിങ്ങൾ എത്ര നേരം അവനെ പിടിച്ചുനിർത്തും?” ബിൽ ചോദിക്കുന്നു.
“ മുമ്പത്തെപോലെ ഞാനിപ്പോൾ ശക്തനല്ല.”കിഴവൻ ഡോർസെറ്റ് പറയുന്നു.“ എന്നാലും പത്തുനിമിഷം ഒതുക്കിനിർത്താം.”
“ ധാരാളം” ബില്ല് പറയുന്നു. “പത്തുമിനിറ്റിനുള്ളിൽ ദക്ഷിണമദ്ധ്യപശ്ചിമസംസ്ഥാനങ്ങൾ കടന്നു കാനഡയുടെ അതിർത്തി പ്രദേശത്തേക്ക് ഞാൻ കാൽകുത്തും !”

നേരം ഇരുട്ടിയിട്ടും, ബിൽ തടിമാടനായിട്ടും, ഞാനൊരു നല്ല ഓട്ടക്കാരനായുട്ടും എന്നെക്കാൾ ഒന്നരനാഴിക മുമ്പിൽ ബിൽ ഓടി സമ്മിറ്റിനപ്പുറം കടന്നെത്തിയിരിന്നു. അവിടെവെച്ചേ ബില്ലിനെ എനിക്ക് കണാൻ കഴിഞ്ഞുള്ളൂ.

വിവർത്തനം:എൻ. പി. മുഹമ്മദ്

##കുറിപ്പുകൾ
1. അലബാമ: അമേരിക്കയിലെ ഒരു തെക്കൻ സംസ്ഥാനം
2. റെഡ് ഇന്ത്യൻ: അമേരിക്കയിലെ ആദിവാസികൾ. കുടിയേറ്റക്കാരായ വെള്ളക്കാരും അവരമായി നിരന്തരയുദ്ധങ്ങൾ നടന്നു. അതിന്റെ പശ്ചാത്തലത്തിൽ പിൽക്കാലത്ത് നിരവധി വീരസാഹസ കഥകളുണ്ടായി. റെഡ് ഇന്ത്യക്കാരനായി കളിക്കുന്നത് അമേിക്കൻ കുട്ടികൾക്ക് ഒരു വിനോദമായി തീർന്നു.
3. ബഫലേബിൽ: (1846-1917) അമേരിക്കൻ സൈന്യത്തിന്റെ കൂടെ വഴിക്കാട്ടിയായി പ്രവത്തിച്ച വില്യം ഫ്രെഡറിക്ക് ബഫുലോബിൽ എന്നപേരിൽ പ്രസിദ്ധനായിരുന്നു. സവാരി, വെടിവെപ്പ്, എന്നിവയിൽ അത്ഭുതവേഗവും തന്ത്രങ്ങളും കാണിക്കുന്ന പ്രകടനങ്ങൾ പല നഗരങ്ങളിലും നടത്തി അവസാനകാലത്ത്.
4. ഹെറോദ് രാജാവ്: ബൈബിളിലെ കഥാപാത്രം. സ്നാപക യോഹന്നാന്റെ ശിരസ്സ് മകൾക്കു വേണ്ടിവെട്ടിക്കൊടുത്ത രാജാവ്.
5. ഡേവിഡ്; ബൈബിൾ പഴയനിയമത്തിലെ ഒരു പ്രവാചകൻ. സംഗീതജ്ഞൻ. ഗോലിയത്ത് എന്ന ഭീമാകാരനെ പോരിൽ തോൽപ്പിച്ച കഥ അനുസ്മരിക്കപ്പെടുന്നു.