മനുഷ്യപുത്രി
ലളിതാംബിക അന്തർജനം
ഒരു നീണ്ട യാത്ര കഴിഞ്ഞ് തളർന്നുലഞ്ഞു വീട്ടിൽ വന്നതേയുള്ളു. മണി മൂന്നായിരിക്കുന്നു. ഇനി നാലരയ്ക്ക് ഒരു കമ്മിറ്റി മീറ്റിംഗ് ഉണ്ട്. അഞ്ചിന് ഒരു പൊതുയോഗം. ആറേകാലിനും ഏഴിനുമിടക്ക് സുപ്രധാനമായ ചില സന്ദർശനങ്ങൾ. ഇങ്ങനെ ഭ്രാന്തുപിടിച്ച ജോലിത്തിരക്കുകൾക്കിടക്ക് സന്ദർശകമുറിയിലെ ആൾത്തിരക്ക് കണ്ടപ്പോൾ അദ്ദേഹം അന്തംവിട്ടുപോയി. താനും ഒരു മനുഷ്യനല്ലേ? കല്ലും ഇരുമ്പുമൊന്നും കൊണ്ടല്ലല്ലോ ഉണ്ടാക്കിയിരിക്കുന്നത്. എങ്കിൽപ്പോലും മണിക്കൂറിന് അറുപതു മിനുട്ട് വെച്ച് ഈ പായുന്ന സമയത്തിനൊപ്പം ഓടിയെത്താൻ തന്നെക്കൊണ്ടാകുമോ? ഓട്ടംതന്നെ,ഓട്ടം… മത്സരിച്ചോട്ടം.. ഈ മാരത്തോൺ മത്സരത്തിൽ ചേരേണ്ടായിരുന്നുവെന്ന് വരുമോ?....
ആഫീസുമുറിയിലെ കസാലയിലേക്ക് ചെന്നു വീണപ്പോള് വല്ലാത്ത തലവേദന തോന്നി. അന്നു കുളിക്കുകയോ ഉണ്ണുകയോ ചെയ്തിട്ടില്ലെന്ന പരമാര്ത്ഥം അപ്പോഴാണ് ഓര്ത്തത്. നിത്യജീവിതചര്യകളില് കൃത്യത പാലിക്കാന് തനിക്കു കഴിയാറില്ല. ആഹാരം,നിദ്ര,വിശ്രമം, ഒക്കെ എപ്പോഴെങ്കിലപ്പോൾ എന്നേയുള്ളൂ. എന്തിന് കാണാന് കൊതിച്ചുണ്ടായ കുഞ്ഞിനെ ഒന്നു നേരെ ചൊവ്വേ കാണാന് പോലും സമയം കിട്ടാറില്ല! ഒരു പൊതുസേവകന്റെ ജീവിതമാണിത്. പൊതുനേതാവിന്റെ ജീവിതമാണ്. ആ സുഖവും അന്തസ്സും അനുഭവിക്കണമെങ്കിൽ ഇത്തരം ചില അസൗകര്യങ്ങൾ സഹിച്ചേ തീരൂ എന്നറിയാം. അതുകൊണ്ടാണ് സ്വീകരണ മുറിയിലൂടെ അകത്തേക്കു നടന്നപ്പോൾ ഉള്ളിൽവന്ന ദേഷ്യം കടിച്ചമർത്തി പുഞ്ചിരിക്കേണ്ടവരോടു പുഞ്ചിരിക്കയും കുശലം പറയേണ്ടവരോട് കുശലം പറയുകയും ചെയ്തത്. എന്നാലും സന്ദർശകക്കാർഡും കൊണ്ടുവന്ന സെക്രട്ടറിയോട് അലറി:
"പോവൂ ആ തൊഴിലില്ലാത്തവരോടു പോയി പറയൂ. എനിക്കിന്ന് ആരെയും കാണാൻ സമയമില്ല. എനിക്കിന്നു സുഖമില്ല. ഇതു സന്ദർശന സമയമല്ല. നാളെ രാവിലെ എട്ടുമണിക്കു വരാൻ പറയൂ"
സെക്രട്ടറി ഉള്ളിലൂറിയ ചിരിയടക്കിക്കൊണ്ടു ക്ഷമാപൂർവ്വം കാത്തു നിന്നു. എത്ര കോപിച്ചു ചാടിയാലും അവരെ ഓരോരുത്തരെയായി വിളിച്ചു കുശലം ചോദിച്ചതിനുശേഷമേ അദ്ദേഹം ഉണ്ണുകയുള്ളൂ എന്നയാൾക്കറിയാം. ചിലപ്പോൾ ഉണ്ണാതെ തന്നെ മീറ്റിങ്ങിനു പോയെങ്കിലുമായി. അങ്ങനെയല്ലെങ്കിൽ അദ്ദേഹത്തിനു പൊതുജനനേതാവാകാൻ കഴിയുമായിരുന്നില്ലല്ലോ.
അന്നും അങ്ങനെതന്നെ സംഭവിച്ചു. ആഫീസുമുറിയുടെ വാതിലിൽ നിന്ന് അവസാനത്തെ ആളും കടന്നുപോയിക്കഴിഞ്ഞപ്പോൾ സെക്രട്ടറി അടുത്തുചെന്ന്മന്ദസ്വരത്തിൽ പറഞ്ഞു.
"ഇനിയൊരു സ്ത്രീ കൂടിയുണ്ട്. അപ്പുറത്തിരിക്കുന്നു. വളരെ ദൂരെ നിന്നു വന്ന വളരെ പാവപ്പെട്ട ഒരു സ്ത്രീ. അവർക്ക് അവിടുത്തെ തനിച്ചു കാണണമെന്നു പറഞ്ഞതുകൊണ്ടാണ് ഇതുവരെ വിളിക്കാത്തത്."
നേതാവ് ക്ഷോഭവും അക്ഷമയും അടക്കുവാനാവാതെ മേശപ്പുറത്ത് ഊക്കോടെ ഇടിച്ചു. മഷിക്കുപ്പി മറിഞ്ഞു. കടലാസുകൾ ഇളകിപ്പറന്നു.
"നിങ്ങൾക്കെന്നെ കൊല്ലണമെന്നുണ്ടെങ്കിൽ അതു പറഞ്ഞാൽ പോരെ? നിങ്ങളുടെ ഒരു സ്ത്രീ! നിങ്ങളുടെ ശുപാർശക്കാർ! ഞാനും ഒരു മനുഷ്യനാണെന്ന് അവരോട് പറയൂ. ആരായാലും ഇനി നാളെ രാവിലെ വരട്ടെ. മണി നാലരയായിരിക്കുന്നു."
ശാന്തവും അനുനയപൂർവ്വവുമായ സ്വരത്തിൽ സെക്രട്ടറി പറഞ്ഞു: "അതു കഷ്ടമാണെന്നു തോന്നുന്നു. അവർ അതിരാവിലെ ഇവിടെ വന്നു കാത്തിരിക്കയാണ്. പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. വളരെ ദൂരം നടന്നു വന്ന വളരെ പാവം ഒരു വല്യമ്മ. ഒന്നു കണ്ടാൽ മതി ഉടൻ പൊയ്ക്കോള്ളാമെന്നു പറയുന്നു."
നേതാവു നിശബ്ദനായിരുന്നു. സെക്രട്ടറിയെ അനുഗമിച്ച് ആഫീസുമുറിയുടെ വിലയേറിയ കർട്ടൻ ഒതുക്കി മാറ്റി അകത്തു പ്രവേശിച്ചയാളെ അദ്ദേഹം അലസതയോടെ നോക്കി. എന്തു വിചിത്രമായ വേഷം! മൂടിപ്പുതച്ച മുണ്ട്, മുഷിഞ്ഞ കുട, ഊഞ്ഞാലാടുന്ന കാതുകൾ.
പതിനെട്ടാം നൂറ്റാണ്ടിൽനിന്നു കടന്നുവന്ന ഒരു കഥാപാത്രത്തെപ്പോലെ അവർ ആ വലിയ മുറിയുടെ മൂലയ്ക്ക് പരുങ്ങിനിന്നു. പിറകിൽ കാൽമുട്ടുകൾ പിടിച്ചുകൊണ്ട് ആറേഴു വയസ്സായ ഒരാണ് കുട്ടിയും.
നേതാവ് അത്ഭുതപൂര്വ്വം നോക്കി. അദ്ദേഹം എന്തോ ആലോചിക്കുകയായിരുന്നു. ഭൂതകാലത്തിന്റെ ഇരുളിൽനിന്ന് ഏതോ പരിചിത രൂപം ചേര്ത്തെടുക്കാനോര്ക്കുംപോലെ... ഏതോ ഒരു ഛായ... ഏതോ ഒരു സംശയം... പെട്ടന്നദ്ദേഹം എഴുന്നേറ്റു. ആഗതയായ ആ സ്ത്രീ അപ്പോഴും നിലത്തു കണ്ണുംനട്ടു നിശബ്ദം നില്ക്കയായിരുന്നു.
നേതാവു മനഃക്ഷോഭമടക്കിക്കൊണ്ടു സാവധാനം പറഞ്ഞു: "ഇരിക്കൂ എവിടെ നിന്നാണു വരുന്നത് ? എന്തുവേണം ?എനിക്കു കുറേ തിരക്കുള്ള സമയമാണിപ്പോള്... വേഗം കാര്യം പറയൂ."
ആഗതയായ സ്ത്രീ തലയുയർത്തിയപ്പോൾ പുതപ്പുമുണ്ട് ഊർന്നു വീണു. അമ്പരപ്പും പരിഭ്രമവും കൊണ്ട് അവരാകെ വിറച്ചിരുന്നു. കാതരവും കുലീനവുമായ മിഴികളിൽ നീർ നിറഞ്ഞു തുളുമ്പി, മന്ത്രം ജപിക്കുന്ന സ്വരത്തിൽ അവർ മൊഴിഞ്ഞു.
"ഇരിക്കണില്യ ഗോയിന്നൻകുട്ടീ, ഇരിക്കണില്യാ, ഇപ്പോ പൊക്കോളാം. ഒന്നു കാണണന്നേ ഒണ്ടാർന്നൊള്ളൂ... ഗോയിന്നൻകുട്ടിക്കു മനസ്സിലായില്യേരിക്കും. മനസ്സിലാവില്ല്യാ ഇപ്പോൾ... പക്ഷേ... പക്ഷേ...."
വാക്കുകൾ പുറപ്പെടുവിക്കാൻ അവർ വല്ലാതെ ക്ലേശിക്കുംപോലെ തോന്നി. നെറ്റിയിൽ നമസ്കാരമുദ്ര. കൈകളിൽ ഓട്ടുവളത്തഴമ്പ്. നേതാവു താനറിയാതെ പറഞ്ഞുപോയി.
"ഓ.. ഹെ... ന്റെ... കുഞ്ഞാത്തലമ്മ!"
അവർ പരസ്പരം നോക്കി ഒരു നിമിഷം നിന്നു. ചിരയുക്തനായ ഒരു മകനെ കാണുന്ന അമ്മയുടെ വികാരപ്രകർഷത്തോടെ അവരുടെ കണ്ണുകൾ അയാളെ തൊട്ടുഴിഞ്ഞുകൊണ്ടിരുന്നു. ആ നോട്ടത്തിൽ പരാതിയില്ല. പരിഭവമില്ല. അപേക്ഷകളില്ല. കേവലം സ്നേഹത്തിന്റെ വിനീതവും ആത്മാർത്ഥവുമായ വിശ്വാസദാർഢ്യം മാത്രം. ആ നെടുവീർപ്പിൽക്കൂടെ ഒരു ജീവചരിത്രത്തിന്റെ ചുരുളുകൾ മുഴുവൻ കെട്ടഴിഞ്ഞു നിലത്തു വീണു.
താൻ മുൻപ് ആട്ടിപ്പുറത്താക്കാനൊരുമ്പെട്ട ദീനയും ദരിദ്രജനോചിതവേഷയുമായ സ്ത്രീയുടെ സാന്നിദ്ധ്യത്തിൽ തന്റെ സർവ്വപരിപാടികളും ആ നേതാവു വിസ്മരിച്ചു പോയി. എന്തൊരപരാധ ബോധമാണു മനസ്സിൽ! എന്തൊരു വിഷാദഭാരമാണ്! നിത്യപൂജാർഹമായ ദേവീവിഗ്രഹത്തെ തട്ടിമറിച്ചിട്ടപോലെ. അതു വെറും കല്ലായിരുന്നുവെന്നു താൻ ഭ്രമിച്ചു. കല്ലുകൾക്കു സുഖദുഃഖങ്ങളില്ല. അവ അടിച്ചുടക്കേണ്ടവയാണ്. അതിനുവേണ്ടിയുള്ള സമരത്തിൽ ജയിച്ചു ജയിച്ചാണ് താന് ഇത്രത്തോളമുയരത്തില് എത്തിയതെന്നുമയാളോര്ത്തു. പക്ഷെ, നിരന്തരമായ പാദപ്രഹരത്താല് ഉടഞ്ഞു ചിതറിയ ആ കല്ക്കൂമ്പാരങ്ങള്ക്കിടയില്പ്പെട്ടു നിരാലംബരായി പിടയുന്ന മനുഷ്യജീവികളുടെ കാര്യം താനെന്തേ മുമ്പേ ഓര്ക്കാതിരുന്നത്? ചോര ചിതറാത്ത മുറിവുകള്. കരയാത്ത വേദനകള്. പൊരിഞ്ഞു പൊരിഞ്ഞു മരിച്ചാല്പ്പോലും ഒരരിമണി യാചിക്കാത്ത വയറുകള്. ആ മഹായജ്ഞത്തില് കരുതിക്കഴിക്കേണ്ടുന്ന പശുക്കളിലൊന്ന് ഇതാ തന്റെ മുമ്പില് നില്ക്കുന്നു. സ്നേഹാനുഭവങ്ങളുടെ അമൃതസൃന്ദിയായ അനുഗ്രഹപൂരം വർഷിച്ചു കൊണ്ട്!
ക്രൂശിതയായ ഈ മനുഷ്യപുത്രിയുടെ മുമ്പിൽ താനാകെ ചെറുതായിച്ചെറുതായി വരുന്നതുപോലെ അയാൾക്കു തോന്നി. ഇപ്പോൾ താൻ മഹായോഗത്തിൽ പ്രസംഗിക്കേണ്ട നേതാവല്ല. കമ്മിറ്റികളിൽ പങ്കുകൊള്ളുന്ന വിദഗ്ദ്ധനുമല്ല. അങ്ങു ദൂരെ... ദൂരെ... ദൂരെയൊരു കുഗ്രാമത്തിൽ ഒരു ചെറിയ വീട്ടിൽ മാമ്പഴം പെറുക്കിയും കാരകളിച്ചും കുളംചാടിയും തിമിർത്തുനടന്ന ഒരു ചെക്കൻ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചിരുന്നു. അമ്മാവന്മാർ പിരിയുകയും ചെയ്തു. കഷ്ടിച്ചു കഴിഞ്ഞുകൂടുവാനുള്ള വകയുണ്ടാക്കാൻ അമ്മ എത്ര പ്രയാസപ്പെട്ടിരുന്നു! മകനെ പഠിപ്പിച്ച് ഒരു നിലയിലാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവൻ പഠിച്ചു. പ്രൈമറി ക്ലാസുകൾ മുഴുവൻ കടന്നു കയറിയത് ഒറ്റച്ചാട്ടത്തിനായിരുന്നു
മനയ്ക്കലെ കുഞ്ഞാത്തല് അമ്മയോട് പറയാറുള്ളതയാൾ ഓർത്തു.
"ഗോയിന്നൻകുട്ടി ബുദ്ധിയുള്ളോനാ ലക്ഷ്മീ! ഓൻ ഒരു നെലേല് എത്തും."
അമ്മ സങ്കടത്തോടെ പറയും, "എങ്ങനെയാ കുഞ്ഞാത്തലെ, പഠിപ്പിക്കുക? വയറിനുതന്നെ കൊടുക്കാനില്ലാത്തപ്പോ... ബുക്ക്, പെനസിൽ പുസ്തകം എന്തെല്ലാമൊരൂട്ടം വേണം ഓനു സ്കൂളിൽ പോണെങ്കില് ?"
കുഞ്ഞാത്തല് എന്തോ ആലോചിക്കുംപോലെ തോന്നി... "അതു സാരോല്യാ ലക്ഷ്മീ! ഒക്കെ വഴീണ്ടാവും. തേവാരത്തിനുള്ള പൂവ്വ് കൊണ്ടരാമോ മിടുക്കന്? ചില്ലറ ഞാനുണ്ടാക്കാം."
കരുണാമയിയായ ഒരു ദേവിയെപ്പോലെ അവര് തന്റെനേരെനോക്കി. ആ മുഖം ഒരു ദേവിയുടെ ഛായയിലേ തനിക്കോർക്കാൻ കഴിയുന്നുള്ളൂ. അമ്പലനടയിൽവെച്ചാണു തങ്ങൾ അധികനേരവും കാണാറ് എന്നതുകൊണ്ടാണോ? അതോ ചോറുരുളയും നീട്ടിപിടിച്ച് അന്നപൂർണ്ണയെപോലുള്ള ആ നില്പുകൊണ്ടോ? രാവിലെ കണ്ട കാടും മേടും ചാടി പൂജാപുഷ്പങ്ങൾ ഒരുക്കുമ്പോഴേക്കും നല്ല വിശപ്പുണ്ടാവും. ഉണ്ണികളുടെ പ്രാതൽ കഴിഞ്ഞിരിക്കും. തൈരും മാങ്ങാക്കറിയും കൂട്ടികുഴച്ചു കുഞ്ഞാത്തലമ്മയുടെ ഓട്ടുവളയിട്ട വെളുത്ത കൈപ്പടംകൊണ്ട് ഉരുട്ടിയെടുക്കുന്ന ഉരുള-അതേ അയാൾ നിറച്ചുണ്ടിട്ടുള്ളൂ. അമൃതിനേക്കാൾ രുചികരമായ ആ അന്നം അതിലും രുചികരമായ വാക്കുകളോടെ കുഞ്ഞാത്തലമ്മ അവന്റെ കൈകളിൽ വെച്ചുകൊടുക്കുന്നു. അടുക്കൽനിന്നു വിങ്ങുന്ന അമ്മയോടു പറയും.
"കരയണ്ടാട്ടോ ലക്ഷ്മിക്കുട്ടീ! ഓൻ പഠിച്ചു മിടുക്കനാവും. താഴത്തേടത്തെ വീട് ഓടിടിക്കൂലോ ഓൻ!"
താഴത്തേടത്തെ വീട് ഓടിടുവിച്ചു. എങ്കിലും അതു കാണാൻ 'ലക്ഷ്മിക്കുട്ടി' ജീവിച്ചിരുന്നില്ല എന്ന കാര്യം വ്യസനസമേതം അയാളോർത്തു.
അമ്മയുടെ മരണശേഷം കുഞ്ഞാത്തലമ്മ മാത്രമായിരുന്നു അവന്റെ ഏകസഹായം. അശരണനായ ആ കുട്ടിയിൽ അവരുടെ വാത്സല്യം കോരിചൊരിയുകയായിരുന്നു. പലപ്പോഴും അവനു ചില്ലറ കൊടുക്കാറുണ്ട്.
ദുർഗ്ഗാപൂജയുടെ അട പ്രേത്യേകമായി വെച്ചിരിക്കും... പറയും.
"ഉണ്ണിയെ കാട്ടണ്ടാട്ടോ... ഓനു വച്ചിരുന്നതാണ്... കുറുമ്പന് എത്ര്യായാലും നിറയില്ലാന്നു വെച്ചോളൂ."
ഉദാരമായ ഈ ദാനങ്ങള് ധര്മ്മകൃത്യങ്ങളാണെന്ന ബോധം അവര്ക്കുണ്ടായിരുന്നുവോ? കുഞ്ഞാത്തലമ്മയെ സംബന്ധിച്ചിടത്തോളം തന്റെ നിത്യജീവിതത്തിന്റെ ഒരാവശ്യഘടകമായിരുന്നു ഈ കര്ത്തവ്യം. കൊടുക്കാന് മാത്രമായി ജീവിക്കുകയായിരുന്നു അവര്. അതില് ഒരസാധാരണതയും തങ്ങള്ക്കു കാണുവാനും കഴിഞ്ഞില്ല. തനിക്കു മാത്രമല്ല, തന്റെ ചുറ്റുപാടുള്ള എല്ലാവര്ക്കും. മത്തായിക്കും മമ്മതിനും ചാത്തന്പുലയനുമൊക്കെ ഇതാണു വിചാരം. കൊടുക്കാന് വേണ്ടി പിറന്നവരാണവര്. അവരല്ലെങ്കിൽ പിന്നെ ആരാണു കൊടുക്കുക? അങ്ങനെ ആ നാട്ടിൻപുറത്ത് ഇതൊരു സാധാരണ സംഭവം മാത്രമായി. ദിവസവും അന്തിമയങ്ങിയാൽ മനയ്ക്കലെ പടിപ്പുരയിൽ ഈ വിളി കേൾക്കാം. "അത്താഴപട്ടിണിക്കാരാരെങ്കിലുമുണ്ടോ?"
ആരെങ്കിലുമുണ്ടാകും. തങ്ങളുടെ പൊതുനെല്ലറയും പൊതു ഭക്ഷണശാലയുമാണ് ആ സ്ഥലം എന്ന അവകാശബോധത്തോടെ ആളുകൾ വിശ്വസിച്ചിരുന്നു. ഇതുകൊണ്ടൊക്കെയായിരിക്കാം ഗോവിന്ദൻകുട്ടി പത്താം ക്ലാസു പാസായി നാടു വിട്ടപ്പോൾ കുഞ്ഞാത്തലമ്മയോട് ഒരു വാക്കുപോലും ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് അയാൾക്കു തോന്നിയില്ല. അപ്പോഴേക്ക് അയാൾ വളരെ വളർന്നിരുന്നു. വളരെയധികം പുസ്തകങ്ങൾ വായിക്കയും പ്രസംഗങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. സ്നേഹവും കടപ്പാടും നന്ദിയുമെല്ലാം കാപട്യമാണെന്നറിയത്തക്കാവണ്ണം വർഗ്ഗ സമരത്തിൽ അറിവും നേടിയിരുന്നു. കുഞ്ഞാത്തലമ്മയുടെ ദീർഘദർശനം സഫലമാക്കിക്കൊണ്ട് ബുദ്ധിമാനും ഭാഗ്യശാലിയുമായ ആ ചെറുപ്പക്കാരൻ പ്രസംഗപീഠങ്ങളിലൂടെയും പ്രതിനിധി സഭകളിലൂടെയും ഉയർന്നുയർന്നു കയറിപ്പോയ്ക്കഴിഞ്ഞപ്പോൾ ആ പഴയ നാട്ടിൻ പുറത്തെപ്പറ്റി ഓർക്കാനേ നേരമുണ്ടായില്ല. വർഷങ്ങൾ കഴിഞ്ഞു. സംഭവഗതികൾ മാറിമറിഞ്ഞു. അസംഭാവ്യമായതു സംഭവിച്ചാലും ആളുകൾ ഞെട്ടാതെയായി.
ഇന്നാളാണെന്നു തോന്നുന്നു. ഒരു സ്വീകരണയോഗത്തിന് ആ വഴി പോവുമ്പോൾ അവിചാരിതമായി അയാള് കണ്ടു. മനയ്ക്കലെ കൂറ്റന് പതിനാറുകെട്ടു നിന്നിരുന്ന സ്ഥലം മുഴുക്കെ വെളുത്ത് അപ്പയും കാട്ടുമുള്ചെടികളും പിടിച്ചു കിടക്കുന്നു. അമ്പലക്കുളം ഇടിഞ്ഞു തൂര്ന്നു. പടിപ്പുരമാളികയുടെ മുഖപ്പ് മൂക്കുകുത്തി വീഴാറായിരിക്കുന്നു. കൂടെയുള്ളവര് പറഞ്ഞു.
"കൊടുത്ത് കൊടുത്താണ് കേട്ടോ, ഈ ഇല്ലക്കാര് നശിച്ചത്. കാലം മാറിയത് അവര് അറിഞ്ഞില്ല. ആരു ചെന്നാലും സല്ക്കരിക്കും. പാട്ടവും ജന്മിക്കരവും പിരിയാതായപ്പോള് പറമ്പുകള് വിറ്റ് അരിമേടിച്ചു. അതും തീര്ന്നപ്പോള് കടമായി. പുരയുടെ കഴുക്കോലുകള് ഊരിയൂരി വിറ്റ് അവര് ദാനധര്മ്മങ്ങള് നടത്തി. അച്ഛന് നമ്പൂതിരിയുടെ പിണ്ഡത്തിനു മാത്രം അഞ്ഞൂറു പറ അരി വെച്ചത്രേ. ആ കടത്തിനു വേണ്ടിയാണ് ഇല്ലപ്പറമ്പു പോയത്. ഉണ്ണിക്കു വാതമാണ്. സ്കൂള് ഫെെനല് പാസ്സായ ഒരനുജനുള്ളത് ഉദ്യോഗം തേടി നിരാശനായി ഇപ്പോള് ഏതോ പാര്ട്ടിയില് ചേര്ന്ന് അലഞ്ഞു നടക്കുന്നു.
രോഗിയായ മകനേയും അയാളുടെ കുട്ടികളെയുംകൊണ്ട് കുഞ്ഞാത്തലമ്മ അകലെയെവിടെയോ ഒരു ദേശവഴിയിലുള്ള ചെറിയ വീട്ടിലേക്കു താമസം മാറ്റി. അതും ഒരു പഴയ കുടിയാന്റെ കാരുണ്യം കൊണ്ടാണ് വീടു കിട്ടിയത്.
"ജന്മിത്വം തകര്ക്കണം" എന്ന് ഉറച്ചു വിളിച്ചിരുന്ന അയാള്ക്കു തൊണ്ടയിടറി. ആരും തകര്ക്കാതെ തന്നെ അതു തകര്ന്നിരിക്കുന്നു.
കുഞ്ഞാത്തലമ്മയെ ചെന്നുകണ്ട് കുശലമന്വേഷിക്കണമെന്ന് അപ്പോള് വിചാരിച്ചതാണ്. ആ ജീവിതം എങ്ങനെയിരിക്കും ? പട്ടിണി കിടക്കാന് പണ്ടേ പരിചയമുള്ള കൂട്ടത്തിലാണ് കുഞ്ഞാത്തലമ്മ. ഏകാദശി, പ്രദോഷം, തിങ്കളാഴ്ച ഇങ്ങനെ മാസത്തിലിരുപതു ദിവസവും ഉപവാസമായിരിക്കും. അന്നൊക്കെ അവര് വളരെയധികം ആളുകള്ക്കു വെച്ചുവിളമ്പി ഊട്ടുന്നു. വ്രതതാന്തമായ ആ മുഖത്ത് അധികം സംതൃപ്തിയോടെ മന്ദസ്മേരം വിരിയും. അവര് പാടും.
"ഏറിയ മോദാൽ മര്ത്തൃസമൂഹമേ
കോരികകൊണ്ടു വിളമ്പവളേ ജയ!
സുന്ദരരൂപേ, ഗിരിതനായ, ചെറു-
കുന്നിലമര്ന്നിടുമമ്മേ, ജയ ജയ"
ഒരു നാള് അമ്മ ചോദിച്ചു.
"കുഞ്ഞാത്തലമ്മേ! അടിയത്തിനൊരു സംശയം... അടിയങ്ങള് പഷ്ണി കിടക്കുന്നത് ഇല്ലായ്മ കൊണ്ടാണ്. തിരുമനസ്സുകൊണ്ടോ?"
"അതോ ലക്ഷ്മീ" കുഞ്ഞാത്തലമ്മ സ്വല്പം ആലോചിച്ചു നിന്നിട്ടു പറയുന്നു. "അത് ഇല്ല്യാണ്ടാവാതിരിക്കാനാ--ഇല്യാത്തോരടെ ദുരിതമറിയാനാ-- ദാരിദ്ര്യം ഒരു കഷ്ടം തന്നെയാണേയ്! ഒന്നു നിരീച്ചു നോക്കൂ. കുട്ട്യോളിങ്ങനെ വിശന്നു കരയാ, ഒന്നും കൊടുക്കാനില്യാണ്ടാവുക! ഭഗവാനേ ഗുരുവായൂരപ്പാ, ഇങ്ങനെയൊരു സ്ഥിതി ആര്ക്കും വരുത്തല്ലേ!"
തന്റെ സങ്കൽപ്പത്തിലുള്ള ഏതോ മഹാശക്തിയെ ധ്യാനിച്ച് അവർ തൊഴുതു. ഇതു കണ്ടാൽ കാണുന്നവരും തൊഴുതുപോവും. ഇങ്ങനെ നിത്യ തപസ്വിനിയും നിത്യൈശ്വര്യദായിനിയുമായ കുഞ്ഞാത്തലമ്മയാണിപ്പോൾ... ഇപ്പോൾ..
നേതാവിനു തലചുറ്റുമ്പോലെ തോന്നി.
പുറമെ മീറ്റിങ്ങിനു പോവാനുള്ള കാർ ഹോണടിച്ചു തളരുന്നു. സെക്രട്ടറിമാർ അക്ഷമരായി എത്തിനോക്കുകയാണ്. ഒരക്ഷരം മിണ്ടാതെ--എന്നാൽ വളരെയധികം മനസ്സിലാക്കികൊണ്ടു പരസ്പരം കണ്ണുകളാലാശ്ലേഷിച്ചു മതിമറന്നു നിന്ന ആ അമ്മയും മകനും ഉണർന്നു.
അമ്മ പറഞ്ഞു: "ഗോയിന്നൻകുട്ടി ക്ഷമിക്കട്ടോ വല്ലാത്ത ശല്യായ്യേരിക്കും. ലക്ഷ്മി മരിക്കാന് കാലത്തു പറഞ്ഞേര്ന്നു എന്റെ ചെക്കനു കുഞ്ഞാത്തലേ അനുഗ്രഹായുള്ളൂന്ന്. സന്തോഷായി എനിക്ക്. ശ്ശിയേറെ സന്തോഷായി. ഉണ്ണിക്ക് ഒരുഗുണം വരേണേനൊപ്പം തൃപ്തിയായീന്നു വെക്കുക"
അല്പം നിര്ത്തി സംശയിച്ചു കൊണ്ടു മടിച്ചുമടിച്ചു അവര് തുടര്ന്നു.
"ഉണ്ണി കിടപ്പായിട്ട് എട്ടുകൊല്ലം കഴിഞ്ഞു. ഇല്ലോക്കെ നശിച്ചു. അന്യേന് പടിച്ചു പാസായിട്ട് ഏറിയ ജോലി തെണ്ടീന്നു വയ്ക്യാ. മുന്ത്യേ ജാതിക്കാര്ക്ക് ഇപ്പോ പടിപ്പും ഉദ്യോഗൊന്നും പാടില്ലാന്ന് പറേണ കേട്ടു. സഭയോ പ്രസങ്ങോ ഒക്കെയായി ഓനങ്ങനെ പോയി. ഒരു പെണ്കിടാവുള്ളതു പുര നിറഞ്ഞു നില്ക്കുന്നു. ഗോയിന്നന്കുട്ട്യേ കണ്ടാല് ഒക്കേനു വഴീണ്ടാവുന്നേ ആളോള് പറഞ്ഞത്."
ഒരു നെടിയ നെടുവീര്പ്പോടെ തന്റെ പൗത്രനെ അവര് മുമ്പോട്ടു നീക്കി നിര്ത്തി. മെല്ലെ, വളരെ മെല്ലെ പറഞ്ഞു.
“ഒന്നൂല്ല്യങ്കില് ഈ ഉണ്ണിയെ സ്കൂളില് ചേര്ത്തു തരുക... ഉച്ചക്കഞ്ഞിയെങ്കിലും കിട്ടൂലോ. ഭഗവാനേ! ഗുരുവായൂരപ്പാ!... രക്ഷിക്കണേ!”
നേതാവു ഞെട്ടിത്തരിച്ചു നിന്നുപോയി. അന്നപൂര്ണേശ്വരിയായ കുഞ്ഞാത്തലമ്മയുടെ കുഞ്ഞുമകന് ഉച്ചകഞ്ഞിക്കുവേണ്ടി ഇരക്കേണ്ടതായി വന്നിരിക്കുന്നു. ദാനധര്മ്മങ്ങളുടെ ഫലം നശിച്ചിരിക്കുന്നു. ആഭിജാത്യക്കൊട്ടാരം തകര്ന്നിരിക്കുന്നു.
അയാളുടെ കണ്ണീര് ചിറപൊട്ടി ഒഴുകി. കുഞ്ഞാത്തലമ്മയുടെ മുന്നില് കുനിഞ്ഞ് പാദപാംസുക്കള് ഗ്രഹിച്ചുകൊണ്ടു പറഞ്ഞു.
"മാപ്പു തരു! അമ്മേ മാപ്പു തരൂ. ഗോവിന്ദന്കുട്ടി ദുഷ്ടനാണ്. നന്ദികെട്ടവനാണ്. എന്നാലും അവിടുന്ന് അവനെ ശപിക്കില്ല. ആ ഇല്ലം തല്ലിതകര്ത്തതു ഞങ്ങളാണ്. പാട്ടം കിട്ടാതാക്കിയതും ഞങ്ങളാണ്. ഉണ്ണാനില്ലാത്തവര്ക്കു വേണ്ടിയുള്ള സമരത്തിനിടയില് ചോറുവിളമ്പിത്തന്ന കെെകള് ഞങ്ങള് മറന്നുപോയി. എന്നിട്ടും അവിടുന്നു ഞങ്ങളെ ശപിക്കുന്നില്ല. പകരം ശാപത്തേക്കാള് ശക്തമായ അനുഗ്രഹം കൊണ്ടു മൂടുകയും ചെയ്യുന്നു.
"അവിടുത്തെ മകനെ വീണ്ടെടുത്തുതരാന് ഞാനാളാവുമോ ? ആ ഉച്ചക്കഞ്ഞി പോലും എന്റെ വരുതിയിലല്ല. പക്ഷെ ഒരപേക്ഷയുണ്ട്. അമ്മയില്ലാത്ത ഗോവിന്ദന്കുട്ടിക്ക് ഒരമ്മയാവണേ അവിടുന്ന്. ഈ സ്നേഹവും വാത്സല്യവും നിഷ്കപടതയും അടുത്ത തലമുറയ്ക്കും കൊടുക്കണേ. അവിടുത്തെ കോരികയില് മാത്രമേ അത് ഇന്നും നിറഞ്ഞിരിക്കുന്നുള്ളൂ".
നേതാവു തിരിഞ്ഞു സെക്രട്ടറിയോടു പറഞ്ഞു.
"എന്റെ കാർ തിരിച്ചിട്ട് അമ്മയെ അതിൽ കയറ്റിയിരുത്തൂ. എന്നിട്ട് ഫോൺ ചെയ്യണം. ഒഴിച്ചു കൂടാത്ത ചില കർത്തവ്യങ്ങളുള്ളതുകൊണ്ട് എനിക്കിന്നു പൊതുയോഗത്തിൽ വരാൻ സാദ്ധ്യമല്ല. ഞാനും ഒരു മനുഷ്യനാണ്... മനുഷ്യപുത്രിയുടെ മകൻ!...