നീലവെളിച്ചം
വൈക്കം മുഹമ്മദ് ബഷീർ
നീലവെളിച്ചം എന്ന ഈ കഥ എന്റെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളിൽ ഒന്നാണ്. സംഭവത്തേക്കാൾ നല്ലത്, അത്ഭുതത്തിന്റെ ഒരു കുമിള എന്ന് പറയുന്നതായിരിക്കും. ശാസ്ത്രത്തിന്റെ സൂചികൊണ്ട് ഇതിനെ കുത്തിപ്പൊട്ടിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്നെക്കൊണ്ടു പൊട്ടിക്കാൻ കഴിയുന്നില്ല. ഒരുപക്ഷേ, നിങ്ങൾക്കു കഴിഞ്ഞേക്കാം; വിശകലനം ചെയ്‌ത്, വ്യഖ്യാനിക്കാനും. ഇതിനെ ഞാൻ അത്ഭുതസംഭവം എന്ന് ആദ്യം പറഞ്ഞത്...... അതെ, അങ്ങനെയല്ലാതെ ഞാൻ എന്തുപറയും?
സംഭവം ഇതാണ്:
ദിവസവും മാസവും കൊല്ലവും വേണ്ടല്ലോ. ഞാൻ ഒരു വീടന്വേഷിച്ചു നടക്കുകയായിരുന്നു. പുതുതായി നടക്കുന്നതല്ല. എന്നും ഞാൻ വീടന്വേഷിച്ചു നടക്കുകയാണ്. എനിക്കിഷ്ടമായ വീടോ, മുറിയോ കിട്ടാറില്ല. താമസിക്കുന്ന സ്ഥലത്തിനാണെങ്കിൽ ഒരു.....നൂറു കുറ്റങ്ങൾ പറയാനുണ്ട്. എന്നാൽ ആരോടു പറയും? വേണ്ടെങ്കിൽ പൊയ്‌ക്കോളൂ! പക്ഷേ, എങ്ങോട്ടു പോകും? ഈ വിധത്തിൽ കഴിയുന്നു, വെറുത്ത്. ഇങ്ങനെ ഞാൻ വെറുത്ത എത്ര വീടുകളും എത്ര മുറികളും ഉണ്ടെന്നോ! അപ്പോൾ ആരുടെയും കുറ്റമല്ല. എനിക്കിഷ്ടമില്ല. ഞാൻ പോകുന്നു. ഇഷ്ടമുള്ള വേറൊരാൾ എന്റെ സ്ഥാനത്തു വരുന്നു. ഇങ്ങനെയാണല്ലോ വാടകവീടുകൾ. എന്നാൽ വീടുകൾക്കു വളരെ ക്ഷാമമുള്ള കാലമാണ്. പത്തുകൊടുത്താൽ കിട്ടുമായിരുന്നത് അൻപതുകൊടുത്താലും കിട്ടാനില്ല. ഇങ്ങനെ ഞാൻ നടക്കുമ്പോൾ നിൽക്കുന്നു- ഒരു വീട്!
ഒരു ചെറിയ മാളികയാണ്. ടൗണിന്റെ ബഹളങ്ങളിൽനിന്നെല്ലാം അകലെ. ഏതാണ്ട് മുൻസിപ്പൽ അതിർത്തിയിൽ. 'വാടകയ്ക്കു കൊടുക്കാൻ' എന്ന വളരെ പഴയ ബോർഡുമുണ്ട്.
എനിക്കാകെ പിടിച്ചു. മുകളിൽ രണ്ടു മുറിയും ഒരു പോർട്ടിക്കോയും. താഴത്തു നാലു മുറി. കൂടാതെ കുളിമുറിയുമുണ്ട്. അടുക്കളയുണ്ട്. വെള്ളത്തിനു പൈപ്പും. വെളിച്ചത്തിന് ഇലക്‌ട്രിസിറ്റിമാത്രം ഇല്ല. അടുക്കളയുടെ മുൻപിൽ ഒരു കിണർ. അതിനടുത്തു പറമ്പിന്റെ മൂലയിൽ കക്കൂസ്. മുറ്റത്തുള്ള കിണർ വളരെ പഴയതാണ്. ചുറ്റും കല്ലുകെട്ടിയിട്ടുണ്ട്. പറമ്പിൽ ധാരാളം വൃക്ഷങ്ങൾ. പറമ്പിനു ചുറ്റും മതിൽക്കെട്ട്. പിന്നെ ഒരു ഗുണമുള്ളത് അടുത്ത് അയൽപക്കങ്ങളൊന്നുമില്ല. പബ്ലിക് റോഡിന്റെ അരികത്താണ് വീട്.
ഞാൻ സന്തോഷത്തോടെ അത്ഭുതപ്പെട്ടു. എന്തുകൊണ്ട് കെട്ടിടം ഇതുവരെ ആരും എടുത്തില്ല? വളരെ സുന്ദരിയായ ഒരു സ്ത്രീയെ, സ്ത്രീകൾക്കു പിടിച്ചുപറിയുള്ള ഈ കാലത്ത്- ദാ നമുക്കു ചുളുവിൽ കിട്ടിയിരിക്കുന്നു! ഹോ അവളെ ആരെയും കാണിക്കരുത്. ഒരു പർദ്ദ ഇട്ടു മൂടണം! ഇങ്ങനെയുള്ള ഒരു ഭാവമാണ് ആ മാളിക എന്നിലുണ്ടാക്കിയത്. ഞാൻ പരിഭ്രമിച്ചു. ഓടി. ചാടി. പണം കടംവാങ്ങി. രണ്ടുമാസത്തെ വാടക അഡ്വാൻസായി കൊടുത്തു താക്കോൽ വാങ്ങി- എന്തിന്, ഞൊടിയിടകൊണ്ട് താമസം മാളികയുടെ മുകളിലേക്കു മാറ്റി. അന്നുതന്നെ പുതിയ ഒരു ഹരിക്കെയിൻ വിളക്കും വാങ്ങിച്ചു.
മുകളിലും താഴെയും എല്ലാം മുറികളും അടുക്കളയും കുളിമുറിയുമൊക്കെ ഞാൻതന്നെ അടിച്ചുവാരി വെള്ളം തളിച്ചു ശുദ്ധമാക്കി. ചവറു വളരെയുണ്ടായിരുന്നു. അപ്പോൾത്തന്നെ എല്ലാ മുറികളും കഴുകി ഒന്നുകൂടി ക്ളീനാക്കി. എന്നിട്ടു ഞാൻ കുളിച്ചു. ആകെക്കൂടി ഒരു സമാധാനമായി. അങ്ങനെ ഞാനാ കിണറിന്റെ കൽക്കെട്ടിൽ ഇരുന്നു. എന്തൊരാഹ്ലാദമാണെന്നോ എനിക്കുണ്ടായത്. ചുമ്മാ ഇരുന്നു സ്വപ്നം കാണാം. പറമ്പിലെല്ലാം ഓടിനടക്കാം. മുറ്റത്തൊരു തോട്ടമുണ്ടാക്കണം. അധികവും പനിനീർച്ചെടികളായിരിക്കണം. മുല്ലയും വേണം. ഞാൻ വിചാരിച്ചു, ഒരു അരിവെയ്പ്പുകാരൻ- വേണ്ട, സൊല്ലയാണത്. കാലത്തെ കുളികഴിഞ്ഞു ചായകുടിക്കാൻ പോകുമ്പോൾ തർമോ ഫ്‌ളാസ്‌ക്കിൽ നിറയെ ചായ കൊണ്ടുവരിക. ഉച്ചയ്ക്ക് ഊണിനു ഹോട്ടലിൽ ഏർപ്പാടുചെയ്യാം. രാത്രിയും അവരിങ്ങോട്ടു കൊടുത്തയയ്ക്കുമായിരിക്കും. പിന്നെ പോസ്‌റ്‌മാനെ കണ്ട് അഡ്രസ്സു മാറിയ വിവരം പറയണം. സ്ഥലം മറ്റാർക്കും പറഞ്ഞു കൊടുക്കരുതെന്നും പറയണം...ഏകാന്ത സുന്ദരങ്ങളായ രാത്രികൾ; ഏകാന്തസുന്ദരങ്ങളായ പകലുകൾ; വളരെ എഴുതാം… ഇങ്ങനെയൊക്കെ വിചാരിച്ചുകൊണ്ടു ഞാൻ കിണറ്റിലേക്കു നോക്കി. വെള്ളം ഉണ്ടോ ഇല്ലയോ എന്നു കാണാൻ സാധിക്കുന്നില്ല. നിറയെ ചെടികൾ എന്തെല്ലാമോ വളർന്നു നില്ക്കുന്നു. ഞാൻ ഒരു കല്ലെടുത്തിട്ടു.
“ള്ളും!” എന്നൊരു മുഴക്കം! വെള്ളമുണ്ട്.
ഇത്രയും പകൽ പതിനൊന്നുമണിക്കാണ്.
തലേദിവസം രാത്രി ഒരു പോളക്കണ്ണു ഞാനുറങ്ങിയിട്ടുണ്ടായിരുന്നില്ല. രാത്രിതന്നെ ഹോട്ടലിലെ കണക്കുതീർത്തു. വീട്ടുടമസ്ഥനെ കണ്ടു വിവരം പറഞ്ഞു. ക്യാൻവാസ് കട്ടിൽ മടക്കിക്കെട്ടി, ഗ്രാമഫോൺ, റിക്കാർഡുകൾ...എല്ലാം അടുക്കിക്കെട്ടി ഭദ്രമാക്കി. പെട്ടി, പ്രമാണങ്ങൾ, ചാരുകസേര, ഷെൽഫ്.... എന്നുവേണ്ട സ്വത്തുക്കളെല്ലാം ശരിപ്പെടുത്തി. നേരം പരപരാ വെളുത്തപ്പോൾ ഒന്നു രണ്ടു വണ്ടികളിൽ സാമാനങ്ങളുമായി പോരുകയാണു ചെയ്‌തത്...ഞാൻ പുതിയ വസതിയുടെ വാതിലുകളെല്ലാം അടച്ച് മുൻവശം പൂട്ടി. റോഡിലിറങ്ങി, ഗേറ്റും അടച്ചു. അങ്ങനെ ഗമയിൽ താക്കോലുംപോക്കറ്റിലിട്ടു നടന്നു.
ഞാൻ വിചാരിച്ചു. ഇന്നു രാത്രി ആരുടെ പാട്ടുകൊണ്ടാണ് പുതിയ വീട് ഉൽഘാടനം ചെയ്യേണ്ടത്?... എന്റെ പക്കൽ നൂറിലധികം റിക്കാർഡുകളുമുണ്ട്. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി. മലയാളത്തിൽ ഒന്നും ഇല്ല. പാടാൻ കഴിവുള്ളവരുണ്ട്. അവരുടെ റിക്കാർഡുകളുമുണ്ട്. എന്നാൽ, അതിന്റെയെല്ലാം ഡയറക്ഷൻ മോശമാണ്. മലയാളത്തിൽ എന്നാണ് ഒരു മ്യൂസിക് ഡയറക്ടർ ഉണ്ടാവുന്നത്? പങ്കജ് മല്ലിക്കിനെപ്പോലെയോ ദിലീപ് കുമാർ റോയിയെപ്പോലെയോ. ഞാൻ വിചാരിച്ചു, ഇന്ന് ആദ്യമായി ആരുടെ പാട്ടുവെക്കും?... പങ്കജ് മല്ലിക്, ദിലീപ് കുമാർ റോയി, സൈഗാൾ, ബിംഗ് ക്രോസ്സ് ബി, പോൾ റോബ്‌സൺ, അബ്ദുൽകരിം ഖാൻ, കാനൻദേവി, കുമാരി മഞ്ജുദാസ് ഗുപ്‌ത, ഖുർഷിദ്, ജൂതികാ റേ, എം.എസ്.സുബ്ബലക്ഷ്മി. ഇങ്ങനെ ഒരു പത്തിരുപതു പേരെ ഞാൻ ഓർമ്മിച്ചു. ഒടുവിൽ ഞാൻ തീർച്ചയാക്കി, “ദൂരദേശവാസി ദാ വന്നിരിക്കുന്നു!” എന്നൊരു പാട്ടുണ്ട്: “ദൂർദേശ് കാ രെഹ്‌നെവാലാ ആയാ!” എന്നു തുടങ്ങുന്നത്. അതാരാണു പാടിയിരിക്കുന്നത്?... പെണ്ണോ, ആണോ?... എന്തോ ഓർമ്മ വന്നില്ല. വന്നിട്ടു നോക്കാം-അങ്ങനെ ഞാൻ പോയി.
ആദ്യമായി പോസ്റ്റ് ശിപായിയെ കണ്ടു. വിവരം പറഞ്ഞു. പുതിയ താമസ സ്ഥലത്തെപ്പറ്റി പറഞ്ഞപ്പോൾ പോസ്റ്റ് ശിപായി ഭയന്നമാതിരി പറയുകയാണ്:
“അയ്യോ, സാറേ... ആ വീട്ടിൽ… ഒരു ദുർമ്മരണം നടന്നിട്ടുള്ളതാണ്. അവിടെ ആരും താമസിക്കാറില്ല. അതായിരുന്നു ആ മാളിക ഇത്രയുംകാലം ഒഴിഞ്ഞുകിടക്കാൻ കാരണം.”
ദുർമ്മരണം നടന്ന സ്ഥലമോ?... ഞാൻ ലേശം പകച്ചു എന്നു വിചാരിക്കുക. ഞാൻ ചോദിച്ചു:
“എന്തു ദുർമ്മരണം?”
“അവിടുത്തെ മുറ്റത്തൊരു കിണറില്ലേ?... അതിലാരോ ചാടിമരിച്ചു. അതിനു ശേഷം ആ വീട്ടിൽ സ്വൈരമില്ല. പലരും താമസിച്ചു. രാത്രി വാതിലുകൾ ‘പഠേ’ ന്നടക്കും. പൈപ്പു തുറന്നിടും-”
വാതിലുകൾ പഠേന്നടക്കും!... പൈപ്പു തുറന്നിടും!... അത്ഭുതംതന്നെ. ആ രണ്ടു പൈപ്പിനും കൊളുത്തും താഴുമുണ്ടായിരുന്നു. വഴിയേ പോകുന്നവർ മതിൽ ചാടിക്കടന്നു കളിക്കുന്നതുകൊണ്ടാണ് പൈപ്പു പൂട്ടിയിരുന്നതെന്നാണ് വീട്ടുടമസ്ഥൻ പറഞ്ഞത്! എന്നാൽ കുളിമുറിക്കകത്തുള്ള പൈപ്പിന് അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിക്കാൻ അപ്പോൾ തോന്നിയില്ല.
പോസ്റ്റ് ശിപായി തുടർന്നു: “കഴുത്തിനു ഞെക്കിപ്പിടിക്കും!...സാറിനോടിതാരും പറഞ്ഞില്ലേ!”
ഞാൻ വിചാരിച്ചു, ഓ...നന്നായിരിക്കുന്നു… രണ്ടു മാസത്തെ വാടകയും കൊടുത്തിട്ടുണ്ട്! എന്തു ചെയ്യും? ഞാൻ പറഞ്ഞു:
“ഓ, അതൊന്നും സാരമില്ല. അതൊക്കെ ഒരു മന്ത്രത്തിന്റെ പണിയേയുള്ളൂ. ഏതായാലും എനിക്കുള്ള എഴുത്തുകളും മറ്റും അങ്ങോട്ടെത്തിക്കാൻ ഏർപ്പാടുചെയ്യണം.”
ഇത്രയും ഞാൻ ധീരതയോടെ പറഞ്ഞു. ഞാൻ ധീരനോ ഭീരുവോ അല്ല.സാധാരണ എല്ലാവരും ഭയപ്പെടുന്നതിനെ ഞാനും ഭയപ്പെടുന്നു. അതു കൊണ്ടു ഭീരുവാണെന്നു തന്നെ പറയാം. ഇതുപോലുള്ള സന്ദർഭങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുക?
എന്റെ നടപ്പു വളരെ സാവധാനത്തിലായി. എന്തു ചെയ്യണം? ഒരു അനുഭവത്തിനുവേണ്ടി, സാധാരണമായി ഞാൻ അനുഭവം ഉണ്ടാക്കാറില്ല. പക്ഷേ അനുഭവം താനെ വരുന്നെങ്കിലോ?... പക്ഷേ, എന്താണു വരാൻ പോകുന്നത്?....
ഞാനൊരു ഹോട്ടലിൽ കയറി. ചായ കുടിച്ചു. ഊണിനു വലിയ ആവശ്യം തോന്നിയില്ല. അടിവയറ്റിൽ… തീപിടിച്ചമാതിരി. വിശപ്പും കഷ്ടി. ഊണു പതിവായി എത്തിക്കേണ്ട കാര്യത്തെപ്പറ്റി ഹോട്ടൽക്കാരനോട് ഞാൻ പറഞ്ഞു.
സ്ഥലം ഏതെന്നറിഞ്ഞപ്പോൾ അയാളും പറഞ്ഞു:
“പകൽ വേണമെങ്കിൽ എത്തിക്കാം… രാത്രി… പിള്ളേരാരും അങ്ങോട്ടു വരികില്ല. ഒരു പെണ്ണവിടെ കിണറ്റിൽച്ചാടി ചത്തു. അവൾ അവിടെയെങ്ങാനും നില്ക്കും!..സാറിനു പ്രേതങ്ങളെ പേടിയില്ലേ?”
എന്റെ പകുതി ഭയം പോയി. പെണ്ണാണല്ലേ? ഞാൻ പറഞ്ഞു:
“ഓഅതിലൊന്നും സാരമില്ല. പോരെങ്കിൽ മന്ത്രവുമുണ്ട്!”
എന്തു മന്ത്രമാണെന്ന് എനിക്കുതന്നെ അറിഞ്ഞുകൂടായിരുന്നു. പക്ഷേ, പെണ്ണാണ്, ഞാൻ പറഞ്ഞില്ലേ, പകുതി സമാധാനമായി. ഞാൻ അവിടെ നിന്ന് അടുത്തുള്ള ഒരു ബാങ്കിൽ കയറി. അവിടെ എന്റെ രണ്ടു മൂന്നു സ്നേഹിതന്മാർ ക്ലാർക്കുമാരായുണ്ട്. അവരോടും വിവരം പറഞ്ഞു. അവർ എന്നെ ദേഷ്യപ്പെട്ടു.
“മണ്ടത്തരമാണു കാണിച്ചത്, ആ കെട്ടിടത്തിൽ പ്രേതബാധയുണ്ട്. പുരുഷന്മാരെയാണ് അധികവും ഉപദ്രവിക്കാറ്.”
അവർക്കു പുരുഷവിദ്വേഷമുണ്ടല്ലേ. അതു കൊള്ളാം!
ഒരാൾ പറഞ്ഞു:
“കെട്ടിടം എടുക്കുന്നതിനുമുമ്പു ഞങ്ങളോടൊന്നു പറയാൻ വയ്യായിരുന്നോ?”
ഞാൻ പറഞ്ഞു: “ ഇങ്ങനെയൊക്കെയാണെന്നപ്പോൾ ആരറിഞ്ഞു? ഒന്നു ചോദിക്കട്ടെ, ആ പെണ്ണെന്തിനു കിണറ്റിൽച്ചാടി മരിച്ചു?”
“പ്രേമം!” വേറൊരാൾ പറഞ്ഞു. “അവളുടെ പേരു ഭാർഗ്ഗവി എന്നായിരുന്നു. വയസ്സ് ഇരുപത്തിയൊന്ന്. ബി.എ. പാസ്സായി. അതിനെല്ലാം മുമ്പ് ഒരാളുമായി സ്‌നേഹമായിരുന്നു. വലിയ ലൗ. എന്നിട്ടു പുള്ളി വേറൊരുത്തിയെ കല്ല്യാണം കഴിച്ചു. വിവാഹത്തിന്റന്നു രാത്രി ഭാർഗ്ഗവി കിണറ്റിൽ ചാടി മരിക്കുകയും ചെയ്തു.”
എന്റെ ഭയം മുക്കാലേ അരക്കാലും പോയി. അതാണല്ലേ പുരുഷവിദ്വേഷത്തിനു കാരണം?
ഞാൻ പറഞ്ഞു:
“ഭാർഗ്ഗവി എന്നെ ഉപദ്രവിക്കുകയില്ല.”
“എന്താ കാരണം?”
ഞാൻ പറഞ്ഞു:
“മന്ത്രം! മന്ത്രം!!”
“ആ.... കാണാമല്ലോ.. രാത്രി കിടന്ന് അയ്യോ പോത്തോന്നു നിങ്ങൾ നിലവിളിക്കും!”
ഞാൻ ഒന്നും പറഞ്ഞില്ല.
ഞാൻ തിരികെ മാളികയിൽ വന്നു. കതകുകളും ജനാലകളും തുറന്നു. എന്നിട്ടു താഴെയിറങ്ങി കിണറ്റിന്റെ അടുത്തുചെന്നു.
“ഭാർഗ്ഗവിക്കുട്ടീ.”
ഞാൻ പതുക്കെ വിളിച്ചു പറഞ്ഞു:
“തമ്മിൽ പരിചയമില്ല. ഞാൻ ഇവിടെ താമസിക്കാൻ വന്ന ആളാണ്. ഞാൻ വളരെ നല്ല മനുഷ്യനാണെന്നാണ് എന്റെ അഭിപ്രായം. നിത്യബ്രഹ്മചാരി. ഭാർഗ്ഗവിക്കുട്ടിയെപ്പറ്റി വളരെ അപവാദങ്ങൾഞാൻ കേട്ടുകഴിഞ്ഞു. നീ ഇവിടെ ആളുകളെ താമസിപ്പിക്കില്ല. രാത്രി പൈപ്പുകൾ തുറന്നിടും. വാതിലുകൾ പഠേന്നടക്കും. ആളുകളുടെ കഴുത്തിനു ഞെക്കിപ്പിടിക്കും.... ഈവിധമൊക്കെ ഞാൻ കേട്ടു. ഞാനിപ്പോൾ എന്താ ചെയ്യുക? രണ്ടു മാസത്തെ വാടക മുൻകൂർ കൊടുത്തുകഴിഞ്ഞിരിക്കുന്നു. എനിക്കീ സ്ഥലം നന്നായി പിടിച്ചിട്ടുമുണ്ട്.”
“എനിക്കിവിടെ ഇരുന്നു ജോലിചെയ്യണം. അതായതു കഥകൾ വല്ലതുമൊക്കെ എഴുതണം. ഇടയ്‌ക്കൊന്നു ചോദിക്കട്ടെ. ഭാർഗ്ഗവിക്കുട്ടിക്ക് കഥകൾ ഇഷ്ടമാണോ? എങ്കിൽ ഞാൻ എഴുതുന്നതെല്ലാം ഭാർഗ്ഗവിക്കുട്ടിയെ വായിച്ചു കേൾപ്പിക്കാം. എന്താ?... എനിക്കു ഭാർഗ്ഗവിക്കുട്ടിയോട് യാതൊരു വഴക്കുമില്ല. കാരണം ഒന്നും ഉണ്ടായിട്ടില്ലല്ലോ… നേരത്തെ ഞാനൊരു കല്ലെടുത്തു കിണറ്റിലിട്ടു. ഓർക്കാതെ ചെയ്‌തതാണ്. മേലിൽ അങ്ങനെയൊന്നും എന്നിൽ നിന്നുണ്ടാവില്ല. ക്ഷമിക്കണം. കേട്ടോ ഭാർഗ്ഗവിക്കുട്ടീ, എന്റെ പക്കൽ ഒന്നാം തരം ഒരു ഗ്രാമഫോണുണ്ട്. ഒന്നാംതരം ഇരുനൂറു പാട്ടുകളും ഉണ്ട്. നിനക്കു സംഗീതം ഇഷ്ടമാണോ?”
ഇത്രയും പറഞ്ഞിട്ടു ഞാൻ ചുമ്മാതിരുന്നു. ഞാൻ ആരോടാണു സംസാരിക്കുന്നത്?... എന്തും വിഴുങ്ങുവാൻ സന്നദ്ധമായി വാപൊളിച്ചു നില്ക്കുന്ന കിണറിനോടാണോ? വൃക്ഷങ്ങൾ, വീട്, വായു, ഭൂമി,ആകാശം… ആരോടാണ്? എന്റെ മനസ്സിലെ അസ്വസ്ഥതയോടാണോ? ഞാൻ വിചാരിച്ചു. കണ്ടിട്ടില്ല. ഇരുപത്തിയൊന്നു വയസ്സുണ്ടായിരുന്ന ഒരു യുവതി. അവൾ ഒരു പുരുഷനെ ഗാഢമായി സ്നേഹിച്ചു. ആ പുരുഷന്റെ ഭാര്യയായി, ജീവിതകാല സഖിയായി...അങ്ങനെ ജീവിക്കുന്നത് അവൾ സ്വപ്നം കണ്ടു. പക്ഷേ, ആ സ്വപ്നം… അതെ, അതങ്ങനെ സ്വപ്നമായിത്തീർന്നു. നൈരാശ്യം അവളെ പിടികൂടി. അപമാനവും....
“ഭാർഗ്ഗവിക്കുട്ടീ!” ഞാൻ പറഞ്ഞു: “നീ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. നിന്നെ ഞാൻ പഴിക്കുകയാണെന്നു വിചാരിക്കരുത്. നിനക്കിഷ്ടം തോന്നിയ പുരുഷൻ നിന്നെ വേണ്ടത്ര സ്നേഹിച്ചില്ല. അയാൾ വേറൊരു സ്ത്രീയെ കൂടുതലായി സ്നേഹിച്ചു. അവളെ വിവാഹം ചെയ്തു.”
“അതുകൊണ്ട് ജീവിതം നിനക്കു കയ്പുനിറഞ്ഞതായിത്തീർന്നു. ശരിയാണത്. എന്നാൽ ജീവിതം അങ്ങനെ കയ്‌പു നിറഞ്ഞതല്ല. പോകട്ടെ; നിന്നെ സംബന്ധിച്ചെടുത്തോളം ഇനി....ചരിത്രം ആവർത്തിക്കപ്പെടുകില്ല. "
“ഭാർഗ്ഗവിക്കുട്ടീ, ഞാൻ നിന്നെ കുറ്റപ്പെടുത്തകയാണെന്നു വിചാരിക്കരുത്; സത്യമായും നീ പ്രേമത്തിനുവേണ്ടിയായിരുന്നോ മരിച്ചത്? പ്രേമം അനന്തമായ ജീവിതത്തിന്റെ പൊൻപുലരിയാണ്.... മണ്ടിക്കഴുതയായ നിനക്ക് ഒരു ചുക്കും അറിഞ്ഞുകൂടായിരുന്നു. അതാണ് നിന്റെ ഈ പുരുഷ വിദ്വേഷം തെളിയിക്കുന്നത്. നിനക്കാകെക്കൂടി ഒരു പുരുഷനെ പരിചയമുണ്ടായിരുന്നു എന്നു വയ്ക്കുക. വാദത്തിനുവേണ്ടി, അയാൾ നിന്നെ ദ്രോഹിച്ചു എന്നും വയ്ക്കൂ. എന്നാൽ ആ ചില്ലിലൂടെ മറ്റു പുരുഷന്മാരെ നോക്കുന്നതു ശരിയാണോ? നീ ആത്മഹത്യ ചെയ്യാതെ കുറേക്കാലംകൂടി ജീവിച്ചിരുന്നെങ്കിൽ നിന്റെ ധാരണ തെറ്റാണെന്ന് നിനക്കനുഭവപ്പെടുമായിരുന്നു. നിന്നെ സ്നേഹിക്കാനും, ‘എന്റെ ഈശ്വരീ!’ എന്നു വിളിച്ചു നിന്നെ ആരാധിക്കുവാനും ആളുണ്ടാകുമായിരുന്നു. ഇനി ഇപ്പോൾ, ഞാൻ പറഞ്ഞില്ലേ, നിന്നെ സംബന്ധിച്ചിടത്തോളം ഇനി.... ചരിത്രം ആവർത്തിക്കപ്പെടുകില്ല.
“നീ ഏതായാലും എന്നെ ഉപദ്രവിക്കരുത്, ഇതൊരു വെല്ലുവിളിയല്ല, വെറും ഒരപേക്ഷ. നീ എന്നെ ഇന്നു രാത്രി ഞെക്കിക്കൊല്ലുകയാണെങ്കിൽ നിന്നോടു പകരം ചോദിക്കാൻ ആരും ഉണ്ടാവില്ല. ചോദിക്കാൻ കഴിയുമെന്നു വച്ചിട്ടല്ല. ആരും ഉണ്ടാവില്ലെന്നു സാരം. എന്താണെന്നോ, എനിക്കാരുമില്ല.”
“ഭാർഗ്ഗവിക്കുട്ടിക്ക് ഇപ്പോൾ സംഗതി മനസ്സിലായല്ലോ. നമ്മൾ ഇവിടെ താമസിക്കുന്നു. അതായത് ഞാൻ താമസിക്കാൻ വിചാരിക്കുന്നു. ന്യായത്തിനു കിണറും വീടുമെല്ലാം എന്റേതാണ്. അതുപോകട്ടെ; നീ താഴത്തെ നാലുമുറികളും കിണറും ഉപയോഗിച്ചുകൊള്ളുക. അടുക്കളയും കുളിമുറിയും നമുക്കു പപ്പാതി. എന്താ ഇഷ്ടമായോ?”
സമാധാനമായി. ഒന്നും ഉണ്ടായില്ല.
രാത്രിയായി. ഊണുകഴിച്ച് തെർമോഫ്‌ളാസ്‌ക്ക് നിറയെ ചായയുമായി ഞാൻ വന്നു. എന്റെ കൈയിലിരുന്ന ഇലക്ട്രിക്ക് ടോർച്ചു തെളിച്ചുവച്ചിട്ട് ഞാൻ ഹരികെയിൻ വിളക്കു കൊളുത്തി. മഞ്ഞവെളിച്ചത്തിൽ മുറി മുങ്ങി.
ഇലക്ട്രിക്ക് വിളക്കുമായി ഞാൻ താഴെ ഇറങ്ങി. നല്ല ഇരുട്ടിൽ കുറെ സമയം അനങ്ങാതെ നിന്നു. എന്റെ ഉദ്ദേശ്യം പൈപ്പുകൾ പൂട്ടാനാണ്. ഞാൻ ജനാലുകളെല്ലാം തുറന്നുമലർത്തി. എന്നിട്ട് കിണറ്റിനരികെ അടുക്കളയുടെ അടുത്തു ചെന്നു. അപ്പോൾ തോന്നി! പൈപ്പുകൾ പൂട്ടരുത്!
ഞാൻ അങ്ങനെ വാതിലുകൾ അടച്ചു സാക്ഷയിട്ട് കോവണിപ്പടി കയറി മുകളിൽവന്നു ശകലം ചായ കുടിച്ചു. എന്നിട്ടൊരു ബീഡിവലിച്ചുകൊണ്ട് കസേരയിൽ ഇരുന്നു. അങ്ങനെ ഞാൻ എഴുതാൻ തുടങ്ങുകയാണ്. അപ്പോൾ എനിക്കു തോന്നി; എന്റെ കസേരയുടെ പിന്നിൽ..... ഭാർഗ്ഗവി നില്പുണ്ട്!
ഞാൻ പറഞ്ഞു:
“ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും നോക്കുന്നത് എനിക്കിഷ്ടമല്ല.”
ഞാൻ തിരിഞ്ഞുനോക്കി....ആരുമില്ല!
എന്തോ, തുടർന്നെഴുതാൻ മനസ്സു വന്നില്ല. ഞാൻ എണീറ്റ് രണ്ട് മുറികളിലായി ലാത്തിത്തുടങ്ങി. കാറ്റില്ല. വെളിയിൽ വൃക്ഷങ്ങളുടെ ഇലകൾ പോലും അനങ്ങുന്നില്ല. ഞാൻ ജനാലവഴി താഴത്തേക്കു നോക്കുമ്പോൾ......
ഒരു വെളിച്ചം!
നീലയോ, ചുവപ്പോ മഞ്ഞയോ...എന്താണെന്നറിഞ്ഞുകൂടാ. ഒരു നിമിഷനേരമേ കണ്ടൊള്ളൂ.
ഓ, ചുമ്മാ ഭാവനയാണ്; ഞാൻ തന്നത്താൻ പറഞ്ഞു. ആ വെളിച്ചം കണ്ടതുതന്നെ എന്ന് എനിക്കു സത്യം ചെയ്യാൻ സാദ്ധ്യമല്ല. എങ്കിലും കാണാതെ കണ്ടൂ എന്നു തോന്നുന്നതെങ്ങനെ? ഞാൻ വളരെ സമയം അങ്ങനെ നടന്നു. വളരെ സമയം ജനാലകളുടെ മുൻപിൽ നിന്നു. വിശേഷം ഒന്നുമില്ല. എന്തെങ്കിലും വായിക്കാൻ നോക്കി. ഏകാഗ്രത കിട്ടുന്നില്ല.
നേരത്തെ ഉറങ്ങാമെന്നു വിചാരിച്ചു കിടക്ക വിരിച്ചു വിളക്കണച്ചു. അപ്പോൾ തോന്നി ഒരു റിക്കാർഡു വയ്ക്കണം!
വീണ്ടും വിളക്കു കൊളുത്തി. ഗ്രാമഫോൺ തുറന്നു വച്ചു. ഒരു പുതിയ സൂചി സൗണ്ടുബോക്സിൽ ഫിറ്റുചെയ്തു. അതിനുശേഷം ഗ്രാമഫോണിനു കീ കൊടുത്തു.
ആരുടെ പാട്ടുവയ്ക്കും?....ലോകം നിശ്ശബ്ദം. എന്നാൽ ഒരു മുഴക്കമുണ്ട്. "ഹൂ" എന്ന്, എന്റെ രണ്ടു ചെവികളിലുമാണ്. ഭയം എന്നെ പിടികൂടിയില്ല. എന്നാൽ എന്റെ പുറത്ത് ഒരു പൊരുപൊരുപ്പ്. ഭീകരമായ നിശ്ശബ്ദതയെ ലക്ഷം ലക്ഷം കഷണങ്ങളായി തകർക്കാൻ ഞാൻ വിചാരിച്ചു. അതിന് ആരുടെ പാട്ടുവേണം? അങ്ങനെ തിരഞ്ഞുതിരിഞ്ഞ്, അമേരിക്കയിലെ നീഗ്രോ ഗായകനായ പോൾ റോബ്‌സന്റെ ഒരു റിക്കാർഡ് എടുത്തുവച്ചു. ഉടനെ ഗ്രാമഫോൺ പാടിത്തുടങ്ങി. മധുരവും, ഗംഭീരവുമായ പുരുഷശബ്ദം:
“Joshua fit the battle of Jericho,”
അതു തീർന്നു. പിന്നീട് പങ്കജ് മല്ലിക്കാണ്:
“തൂ ഡർ ന സരാഭീ!”
നീ അശേഷം ഭയപ്പെടേണ്ട! അതുകഴിഞ്ഞു മധുരവും മൃദുലവുമായ സ്ത്രീശബ്ദമാണ്:
“കാറ്റിനിലേ വരും ഗീതം.”
അങ്ങനെ എം.എസ്.സുബ്ബലക്ഷ്മി പാടിക്കഴിഞ്ഞു.
ഈ മൂന്നു പാട്ടു കഴിഞ്ഞപ്പോൾ എനിക്കെന്തോ സമാധാനമായി. അങ്ങനെ ഞാൻ കുറേ സമയം ഇരുന്നു. ഒടുവിൽ സാക്ഷാൽ സൈഗാളിനെ വിളിച്ചു. അദ്ദേഹം പതുക്കെ ആ ക്ഷീണിച്ച സ്വരത്തിൽ വിഷാദത്തോടെ മധുരമായി പാടി:
“സോജാ രാജകുമാരീ!”
രാജകുമാരീ ഉറങ്ങൂ: സുന്ദരങ്ങളായ സ്വപ്‌നങ്ങൾ കണ്ട് നീ ഉറങ്ങൂ.....
അതും കഴിഞ്ഞു.
“അത്രതന്നെ; ഇനി നാളെ,” എന്നും പറഞ്ഞു ഞാൻ ഗ്രാമഫോൺ അടച്ച് ഒരു ബീഡിയും കത്തിച്ച്, വിളക്കണച്ചു കിടന്നു. തൊട്ടടുത്തു ടോർച്ചു ലൈറ്റുണ്ട്, വാച്ചുമുണ്ട്.
പോർട്ടിക്കോയിലേക്കുള്ള വാതിൽ അടച്ചിട്ടാണ് ഞാൻ കിടന്നത്. സമയം പത്തുമണിയായിക്കാണും. ഞാൻ ചെവിയോർത്തു കിടന്നു.
വാച്ചിന്റെ വളരെ നേരിയതായ 'ടിക്, ടിക്' ശബ്ദമല്ലാതെ മറ്റൊന്നുമില്ല. മിനിറ്റുകളും മണിക്കൂറുകളും അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. എന്റെ മനസ്സിൽ ഭയമില്ല. ഉള്ളത് തണുത്ത ഒരു...ഒരു...ജാഗ്രത. ഇതെനിക്ക് പുതിയതല്ല. ഒരു ഇരുപതുകൊല്ലത്തെ ഏകാന്തജീവിതത്തിൽ..... എനിക്കുതന്നെ അർത്ഥം കണ്ടുപിടിക്കാൻ കഴിയാത്ത ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് എന്റെ ശ്രദ്ധ ഭൂതകാലത്തിലേക്കും… വർത്തമാനകാലത്തിലേക്കും.... അങ്ങനെ പോയും വന്നുകൊണ്ടിരുന്നു. ഇടയ്ക്ക്… വാതിലിൽ മുട്ടുമോ.... പൈപ്പിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുമോ.... കഴുത്തിനു ഞെക്കിപ്പിടിക്കുമോ… ഈ വിധത്തിൽ മൂന്നുമണിവരെ ഞാൻ ശ്രദ്ധിച്ചു.
ഒന്നും കേട്ടില്ല. ഒന്നും അനുഭവപ്പെട്ടില്ല. പരമ ശാന്തത. ഞാൻ ഉറങ്ങി. ഒരു സ്വപ്നവും കണ്ടില്ല. പിറ്റേദിവസം ഒൻപതുമണിക്ക് ഞാൻ എണീറ്റു.
ഒന്നും സംഭവിച്ചിട്ടില്ല!
"ഭാർഗ്ഗവിക്കുട്ടീ, വളരെ നന്ദി… ഒന്നെനിക്കു മനസ്സിലായി കേട്ടോ- ആളുകൾ ചുമ്മാ ഭാർഗ്ഗവിക്കുട്ടിയെ പറ്റി അപവാദം പറയുകയാണ്! അവരങ്ങനെ പറഞ്ഞോട്ടെ- അല്ലേ? "
ഇങ്ങനെ രാപകലുകൾ കഴിഞ്ഞുവന്നു. മിക്ക രാത്രികളിലും എഴുതി ഞാൻ ക്ഷീണിക്കുമ്പോൾ റിക്കാർഡു വയ്ക്കും, പാട്ടിനുമുമ്പേതന്നെ ആരാണോ പാടുന്നത്, പാട്ടിന്റെ സാരമെന്ത്, ഇതൊക്കെ ഞാൻ നേരത്തെ അനൗൺസ് ചെയ്യും. ഞാൻ പറയും, ദാ വരുന്ന പാട്ടുണ്ടല്ലോ, പങ്കജ് മല്ലിക്ക് എന്ന ബംഗാളി ഗായകന്റേതാണ്. ദുഃഖമയമാണു പാട്ട്. ഓർമ്മകളെ ഉണർത്തുന്നതാണ്. കഴിഞ്ഞുപോയ കാലങ്ങളുണ്ടല്ലോ? ശ്രദ്ധിച്ചു കേട്ടോളൂ:
“ഗുസർഗയാ വഹ് സമാനാ കൈസാ.....
കൈസാ…”
അല്ലെങ്കിൽ ഞാൻ പറയും:
“ഈ വരുന്നത് ബിംഗ് ക്രോസ്ബിയുടെതാണ്. In the moon light , എന്നു വച്ചാൽ നിലാവെളിച്ചത്തിൽ.... ഓ, ബി.എ-ക്കാരിയാണല്ലോ.... ക്ഷമിക്കണം.”
ഈ വിധമൊക്കെയും ഞാൻ തന്നത്താൻ പറയും. ഇങ്ങനെ രണ്ടര മാസം കഴിഞ്ഞു. ഞാൻ തോട്ടമുണ്ടാക്കി. പൂക്കളുണ്ടാകുമ്പോൾ എല്ലാം ഭാർഗ്ഗവിക്കുട്ടിക്കാണെന്നു പറയുകയും ചെയ്തു. ഇടയ്ക്ക് ഞാൻ ഒരു ചെറു നോവലും എഴുതിത്തീർത്തു. എന്റെ വളരെ സ്നേഹിതന്മാർ വന്നു. പലരും അവിടെ രാത്രി കഴിച്ചുകൂട്ടിയിട്ടുണ്ട്. ഉറങ്ങുന്നതിനുമുൻപ് അവരാരും അറിയാതെ ഞാൻ താഴത്തിറങ്ങിച്ചെന്ന് ഇരുളിൽ നോക്കിക്കൊണ്ട് പതുക്കെ പറയും:
“കേട്ടോ ഭാർഗ്ഗവിക്കുട്ടീ എന്റെ കുറെ സ്നേഹിതന്മാർ രാത്രി ഇവിടെ ഉറങ്ങുന്നുണ്ട്. അവരെ ആരെയും ഞെക്കിക്കൊല്ലരുത്. അങ്ങനെ വല്ലതും സംഭവിച്ചാൽ പോലീസുകാർ എന്നെ പിടിച്ചുകൊണ്ടുപോകും. സൂക്ഷിക്കണേ… ഗുഡ്‌നൈറ്റ്”
സാധാരണയായി പുറത്തേക്കിറങ്ങാൻ ഭാവിക്കുമ്പോൾ ഞാൻ പറയും:
“ഭാർഗ്ഗവിക്കുട്ടീ വീട് സൂക്ഷിച്ചോളണേ, വല്ല കള്ളന്മാരും കയറിവരികയാണെങ്കിൽ ഞെക്കിക്കൊന്നോളൂ. ശവം ഇവിടെ ഇടരുത്. വലിച്ച് ഒരു മൂന്നു മൈൽ ദൂരെക്കൊണ്ടുപോയി ഇട്ടേക്കണം അല്ലെങ്കിൽ നമുക്കു കുഴപ്പമുണ്ട്.”
രാത്രി സെക്കന്റ് ഷോ സിനിമാ കണ്ടിട്ടു മടങ്ങിവരുമ്പോൾ ഞാൻ പറയും:
“ഞാനാണു കേട്ടോ.”
ഇത്രയെല്ലാം പുതുമോടിക്കു ഞാൻ പറഞ്ഞതാണ്. കാലം കുറെയങ്ങു കഴിഞ്ഞപ്പോൾ ഞാൻ ഭാർഗ്ഗവിയെ മറന്നു. അതായതു വലിയ വർത്തമാനങ്ങൾ ഒന്നുമില്ല. വല്ലപ്പോഴും ഓർക്കും എന്നു മാത്രം.
ആ ഓർമ്മ എങ്ങനെയുള്ളതാണെന്നു പറയാം: ഈ ഭൂമിയിൽ എത്രയോ കോടി… അതായത്, മനുഷ്യസമുദായത്തിന്റെ ഉത്ഭവത്തിനുശേഷം.... എണ്ണമില്ലാത്ത സ്ത്രീപുരുഷന്മാർ മരിച്ചിട്ടുണ്ട്.... അവരെല്ലാം ഈ ഭൂമിയിൽ അലിഞ്ഞും പൊടിഞ്ഞും ചേർന്നിരിക്കുകയാണ്. ഇതു നമുക്കറിയാം. ആ ഇനത്തിൽ ഒരു ഓർമ്മ മാത്രമായി അവശേഷിച്ചു ഭാർഗ്ഗവി.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു സംഭവമുണ്ടായത്. അതാണിനി പറയാൻ പോകുന്നത്:
ഒരു രാത്രി, സമയം ഏതാണ്ടു പത്തുമണിയായിക്കാണും. ഒരു ഒമ്പതു മണിമുതൽ ഞാൻ ഒരു കഥ എഴുതുകയായിരുന്നു. വളരെ വികാരമുള്ളതാണ്. ഞാൻ വളരെ ധൃതിയിൽ എഴുതിക്കൊണ്ടുവരുന്നു. ക്രമേണ വിളക്കു മങ്ങുന്നതായി എനിക്ക് തോന്നി.
ഞാൻ വിളക്കെടുത്തു പതുക്കെ ഒന്ന് കുലുക്കി നോക്കി. മണ്ണെണ്ണ തീരെ ഇല്ല! എങ്കിലും ഞാൻ വിചാരിച്ചു. ഒരു പേജു കൂടി എഴുതാം. ഇതങ്ങനെ വ്യക്തമായ വിചാരമല്ല. എന്റെ പരിപൂർണ്ണ ശ്രദ്ധയും എഴുതിവരുന്ന കഥയിലാണ്. ഇടയ്ക്കു വെളിച്ചം കുറഞ്ഞു. അങ്ങനെ വരുമ്പോൾ എന്താണു ചെയ്യുക? മുമ്പു ചെയ്തിട്ടുള്ളത്, വിളക്കിലെണ്ണയുണ്ടോ എന്നു പരിശോധിക്കും. അങ്ങനെ പരിശോധിച്ചു. എന്നിട്ടു തിരി ശകലം നീട്ടി. എന്നിട്ടെഴുതുകയാണ്. കുറേക്കഴിഞ്ഞപ്പോൾ വീണ്ടും വെളിച്ചം കുറഞ്ഞു. വീണ്ടും തിരി നീട്ടി. എന്നിട്ടെഴുതിത്തുടങ്ങി. പിന്നെയും വിളക്കു മങ്ങി. വീണ്ടും തിരി നീട്ടി. ഈ വിധത്തിൽ കുറേ കഴിഞ്ഞപ്പോൾ ഒരു അരയിഞ്ചു വീതിയിലും നാലിഞ്ചു നീളത്തിലുമുള്ള ഒരു ചുവന്ന കനലായി അവശേഷിച്ചു വിളക്കിന്റെ തിരി.
ഞാൻ ഇലക്ട്രിക് വിളക്കു തെളിച്ചുവച്ചിട്ട് ഹരിക്കെയിൻ വിളക്കിന്റെ തിരി മുഴുവനും താഴ്ത്തി. വിലക്കണഞ്ഞു എന്നു പറയേണ്ടതില്ലല്ലോ.
ഞാൻ തന്നത്താൻ പറഞ്ഞു:
“വെളിച്ചത്തിനെന്തുവഴി?”
മണ്ണെണ്ണ വേണം, ഞാൻ ഓർത്തു. ബാങ്കിൽ ചെന്നാൽ ആ ക്ളാർക്കന്മാരുടെ സ്റ്റൗവ്വിൽനിന്നുകുറെ മണ്ണെണ്ണ കടം വാങ്ങാം. ഞാൻ ടോർച്ചു ലൈറ്റും മണ്ണെണ്ണക്കുപ്പിയുമായി വാതിൽ പൂട്ടി താഴെ ഇറങ്ങി. മുൻവശത്തെ വാതിലും പൂട്ടി വെളിയിലിറങ്ങി ഗേറ്റടച്ച് പെരുവഴിയിലൂടെ നടന്നു. മങ്ങിയ നിലാവുണ്ട്. നല്ല മഴക്കാറുമുണ്ട്. ഞാൻ വേഗം നടന്നു.
തെരുവീഥിയിലൂടെ ബാങ്കിന്റെ മുൻപിൽ ചെന്ന് മുകളിലേക്ക് നോക്കി ഒരു ക്ലാർക്കിന്റെ പേര് വിളിച്ചു. രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോൾ ഒരാൾ ഇറങ്ങിവന്ന്സൈഡ് ഗേറ്റ് തുറന്നു. പുറമേ കൂടി ഞങ്ങൾ ബാങ്ക് കെട്ടിടത്തിന്റെ പിൻവശത്തുചെന്ന് കോവണിപ്പടിവഴി മുകളിൽ ചെന്നു. അപ്പോഴാണ് എനിക്കു മനസ്സിലായത് അവർ മൂന്നുപേരും കൂടി ചീട്ടുകളിക്കയായിരുന്നുവെന്ന്.
ഞാൻ മണ്ണെണ്ണയുടെ കാര്യം പറഞ്ഞപ്പോൾ അവരിൽ ഒരുവൻ ചിരിച്ചു കൊണ്ടു ചോദിച്ചു:
“എന്നാൽ ആ ഭാർഗ്ഗവിയോടു പറയാൻ വയ്യായിരുന്നോ മണ്ണെണ്ണ കൊണ്ടുവരാൻ?”
ഞാൻ ഒന്നും പറഞ്ഞില്ല ഞാനും ചിരിച്ചു. അവരിൽ ഒരാൾ സ്റ്റൗവ്വിൽനിന്ന് മണ്ണെണ്ണ കുപ്പിയിലേക്കൊഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു മഴ വീണു.
ഞാൻ പറഞ്ഞു:
“ഒരു കുടയും തരണം” അവർ പറഞ്ഞു.
“ഒന്നു പോയിട്ട് ഒരു കാൽപോലുമില്ല. നമുക്കല്‌പം ചീട്ടുകളിക്കാം. മഴ തോരുമ്പോൾ പോകുകയും ചെയ്യാം.”
അങ്ങനെ ഞങ്ങൾ ചീട്ടുകളിച്ചു. ഞാനും എന്റെ കൂട്ടുകാരനും മൂന്നു പ്രാവശ്യം ‘സലാം’ വച്ചു. അധികവും എന്റെ അശ്രദ്ധമൂലമാണ്. എന്റെ മനസ്സ് കഥയിലായിരുന്നതുകൊണ്ട് കളിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. ഏതാണ്ട് ഒരു മണിയായപ്പോൾ മഴ നിന്നു. കളി മതിയാക്കി മണ്ണെണ്ണക്കുപ്പിയും ടോർച്ചും എടുത്തു. അവരും കിടക്കാൻ ഭാവിക്കയാണ്. ഞാൻ താഴെയിറങ്ങി റോഡിൽ എത്തിയപ്പോൾ വിളക്കണച്ചു.
തെരുവിൽ ഒരനക്കവുമില്ല; വെളിച്ചവുമില്ല. ഞാൻ അങ്ങനെ നടന്നു. ഒരു സ്ഥലത്തും വെളിച്ചമില്ല, ഞാൻ വളവുതിരിഞ്ഞ് താമസസ്ഥലത്തിന്റെ നേർക്കു നടന്നു. ആ മങ്ങിയ നിലാവിൽ ലോകമെല്ലാം അവ്യക്തമായ ഒരത്ഭുതത്തിൽ മുഴുകികിടക്കയാണ്. എന്തെല്ലാം ചിന്തകളാണ് എന്റെ മനസ്സിലൂടെ പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്നെനിക്കറിഞ്ഞുകൂടാ. ഒരു പക്ഷേ, ഒന്നും ഞാൻ ചിന്തിച്ചു കാണുകില്ല. ശൂന്യവും നിശ്ശബ്ദവുമായ വഴിയിലൂടെ ഇലക്ട്രിക് വിളക്കും തെളിച്ച് ഞാനങ്ങനെ നടന്നു.
താമസസ്ഥലത്തു ചെന്ന് ഗേറ്റു കടന്നു വാതിൽ തുറന്നു. അകത്തു കടന്നു വാതിൽ സാക്ഷയിട്ടു. അസാധാരണമായി മുകളിൽ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നു ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. എന്നാൽ ഒന്നുണ്ട്: വ്യക്തമായ കാരണം ഒന്നും കൂടാതെ എന്റെ മനസ്സ് ദുഃഖത്താൽ നിറഞ്ഞു. ചുമ്മാ എനിക്കു കരയണമെന്നു തോന്നി. വേഗം എനിക്കു ചിരിക്കാൻ കഴിയും. എന്നാൽ ഒരു തുള്ളിപോലും കരയാൻ സാദ്ധ്യമല്ല. കണ്ണുനീരു വരികില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്നിൽ ഒരു ദിവ്യഭാവം ഉദയം ചെയ്യാറുണ്ട്. അപ്പോൾ അങ്ങനെ ഉണ്ടായി.
ആ ഭാവത്തോടെ ഞാൻ മുകളിലേക്കു കയറിച്ചെന്നു. സാധാരണ ചെല്ലുന്നതുപോലെതന്നെ. എന്നാൽ.... ഒരു അപൂർവ്വസംഭവം എന്റെ കണ്ണുകൾ കണ്ടു. ഉപബോധ മനസ്സ് രേഖപ്പെടുത്തകയും ചെയ്തു. സംഗതി ഇതാണ്:
ഞാൻ മുറി പൂട്ടി പോരുമ്പോൾ എണ്ണ തീർന്നതിനാൽ വിളക്ക് അണഞ്ഞു പോയിരുന്നു. മുറിയിൽ ഇരുൾ നിറഞ്ഞുംപോയിരുന്നു. അതിനുശേഷം ഒരു മഴപെയ്തു. രണ്ടുമൂന്നു മണിക്കൂറുകളും കഴിഞ്ഞുപോയിരുന്നു. എന്നാൽ ഇപ്പോൾ മുറിക്കകത്തു വെളിച്ചമുണ്ട്. വാതിലിന്റെ വിടവിലൂടെ അതു കാണാം....ഈ വെളിച്ചമാണ് എന്റെ കണ്ണുകൾ കണ്ടതും ഉപബോധമനസ്സു രേഖപ്പെടുത്തിയതും. പക്ഷേ, ഈ രഹസ്യം എന്റെ..... എന്റെപ്രജ്ഞയിൽ എത്തിയില്ല.
പതിവുപോലെ ഞാൻ താക്കോൽ എടുത്തു. എന്നിട്ടു താഴിൽ ലൈറ്റടിച്ചു. താഴു വെള്ളിപോലെ മിന്നി.....എന്നു പറയുന്നതിനേക്കാൾ ശരിയായിട്ടുള്ളത് പുഞ്ചിരി തൂവി എന്നു പറയുന്നതാണ്.
ഞാൻ മുറിതുറന്ന് അകത്തു കയറി. അപ്പോൾ എല്ലാം ഞാൻ അറിഞ്ഞു. എന്ന് പറഞ്ഞാൽ ഒരു ഞെട്ടലോടെ എന്റെ ഓരോ അണുവിനും ഒരു സംഗതി ബോദ്ധ്യം വന്നു. ഞാൻ ഭയന്നു വിറച്ചില്ല. സ്‌തബ്ധനായി നിന്നു എന്നു മാത്രം. എനിക്കെന്തോ പുകച്ചിലോ വിയർപ്പു പൊടിയലോ ഒക്കെ ഉണ്ടായി.
വെള്ളച്ചുമരുകളും മുറിയും നീലവെളിച്ചത്തിൽ മുങ്ങിനില്ക്കുന്നു!... വെളിച്ചം വിളക്കിൽനിന്ന്.... രണ്ടിഞ്ചു നീളത്തിൽ ഒരു നീലത്തീനാളം. ഞാൻ അത്ഭുതസ്തബ്ധനായി അങ്ങനെ നിന്നു.
“മണ്ണെണ്ണ ഇല്ലാതെ അണഞ്ഞുപോയ വിളക്ക് എങ്ങനെ, ആരാൽ കൊളുത്തപ്പെട്ടു?... ഈ നീലവെളിച്ചം എവിടെനിന്നുണ്ടായി?”