Printing/sharing/storage of this document is prohibited.

Violators will be fined huge sums under Copyright law

ഒരു വയസ്സൻ

മോപ്പസാങ്

ലോക ചെറുകഥാരംഗത്തെ അതികായരിൽ പ്രമുഖനായ മോപ്പസാങ് 1850ൽ ഫ്രാൻ‌സിൽ ജനിച്ചു. സൈനികജീവിതത്തിനുശേഷം ഒരു സർക്കാർ ഗുമസ്തനായി ജോലിയാരംഭിച്ചതോടെയാണ് മോപ്പസാങ്ങിന്റെ സാഹിത്യ ജീവിതം തുടങ്ങുന്നത്.ഫ്ലോബർട്ടിന്റെ ശിഷ്യനായി അറിയപ്പെട്ട മോപ്പസാങ്, തുർഗെനേവിന്റെയും സോളയുടെയും മറ്റും സൗഹൃദവലയത്തിൽപെട്ടതോടെ കൂടുതൽ സജീവമായി. 1880 ൽ പുറത്തിറങ്ങിയ 'Des verse' എന്ന കാവ്യസമാഹാരമാണ് ആദ്യകൃതി. അതേ വർഷംതന്നെ ആദ്യത്തെ ചെറുകഥാസമാഹാരവും പുറത്തിറക്കി.മോപ്പസാങ്ങിന്റെ രചനാവൈഭവം ആവോളം പ്രകടമായ Butter space ball (Boule de suif )എന്ന ആദ്യ കഥ തന്നെ 'മാസ്റ്റർപീസ്' രചനയായി വാഴ്ത്തപ്പെട്ടു.സർഗാത്മകമായ ഒരു ദശകകാലത്തിനിടയിൽ 300 ചെറുകഥകളും 6 നോവലുകളും കുറെയേറെ നാടകീയ കൃതികളും രചിച്ച മോപ്പസാങ്ങിന്റെ അവസാനകാലം തളർവാതം കൊണ്ട് കഷ്ടപാരമായിരുന്നു. 1893 ൽ അദ്ദേഹം അന്തരിച്ചു.

എല്ലാ ദിനപത്രങ്ങളിലും ഈ പരസ്യം വന്നു : 'കുളിച്ചുപാർക്കാൻപറ്റിയ പുതിയ സ്ഥലമായ റോൺഡേലിസ് ദീർഘവാസത്തിനും സ്ഥിരവാസത്തിനുതന്നെയും പറ്റിയ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇരുമ്പു കലർന്ന പാറകളിൽനിന്നു വരുന്ന ഈ വെള്ളം രക്തശുദ്ധീകരണത്തിന് ലോകോത്തരമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദീർഘായുസ്സ് നൽകാൻ വേണ്ട ചില ഗുണങ്ങളും ഇതിനുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചുറ്റും മലനിരകളും നടുവിൽ പൈൻമരക്കാടുകളുമുള്ളഈ നഗരത്തിന്റെ പ്രത്യേക സ്ഥാനം തന്നെയായിരിക്കാം ഇതിന് കാരണം. പല നൂറ്റാണ്ടുകളായി അസാധാരണമാംവിധം ദീർഘായുസ്സ് നേടിയവരുടെ ജീവചരിത്രങ്ങൾക്കുംഈ സ്ഥലം പ്രസിദ്ധമാണ്.'
-അതുകൊണ്ട് ആളുകൾ കൂട്ടംകൂട്ടമായി വന്നു.
സ്നാനഘട്ടത്തിലെ ഡോക്ടർക്ക് പുതുതായി അവിടെ വന്ന ഡാറോൺ എന്ന ഒരാളെ സന്ദർശിക്കാൻ സന്ദേശമെത്തി. റോൺഡേലിസ്സിൽ ഏതാനും ദിവസം മുമ്പെത്തി, കാടിന്റെ അതിർത്തിയിലെ ഭംഗിയുള്ള ഒരു വില്ല വാടകക്കെടുത്ത് താമസിക്കുന്ന ഒരെൺപത്താറുകാരൻ. ഇപ്പോഴും നല്ല ആരോഗ്യവും പ്രസരിപ്പും കുറുതായി കമ്പിപോലെ മെലിഞ്ഞ ശരീരവുമുള്ള വൃദ്ധൻ തൻ്റെ ശരിയായ വയസ്സ് പുറത്തറിയാതിരിക്കാൻ വളരെയേറെ കഷ്ടപ്പെടുന്ന പ്രകൃതക്കാരനായിരുന്നു.
അദ്ദേഹം ഡോക്ടറോട് ഇരിക്കാൻ പറഞ്ഞു. പിന്നെ ഡോക്ടറോട് കൽപ്പിക്കാൻ തുടങ്ങി.
"ഡോക്ടർ, എനിക്ക് ഇപ്പോഴും നല്ല ആരോഗ്യമുണ്ടെങ്കിൽ അത് വൃത്തിയും വെടിപ്പുമുള്ള ജീവിതചര്യകൊണ്ടാണ്. ഞാനൊരു വൃദ്ധനൊന്നുമായിട്ടില്ല. ഒരു പ്രായമൊക്കെ എത്തിയെങ്കിലും ശുചിത്വം കൊണ്ടാണ് ഞാൻ എല്ലാ രോഗങ്ങളെയും വല്ലായ്മകളെയും ചില്ലറ അസുഖങ്ങളെക്കൂടിയും അകറ്റി നിർത്തുന്നത്.
ഈ പ്രദേശത്തെ കാലാവസ്ഥ ആരോഗ്യത്തിന് നല്ലതാണെന്ന് ആളുകൾ പറയുന്നു.അത് വിശ്വസിക്കാൻ ഞാനും തയ്യാറാണ്. പക്ഷെ,അതുറപ്പിക്കുംമുമ്പ് എനിക്ക് ചില തെളിവുകൾ വേണം. ഡോക്ടർ, താങ്കൾ ആഴ്ചയിലൊരിക്കൽ ഇവിടെ വരണം. വളരെ കൃത്യമായി എനിക്കു ചില വിവരങ്ങൾ തരണം. ഈ നഗരത്തിലും പരിസരത്തിലുമുള്ള എൺപതുവയസ്സുകഴിഞ്ഞ എല്ലാവരുടെയും- ഞാൻ പറയുന്നത് എല്ലാവരുടെയും- ഒരു ലിസ്റ്റ് എനിക്ക് ആദ്യം തരണം. ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റിയും കുറച്ചൊക്കെ പറഞ്ഞുതരണം. അവരുടെ തൊഴിൽ, ജീവിതരീതി, സ്വഭാവവിശേഷങ്ങൾ അങ്ങനെയുള്ള കാര്യങ്ങൾ. അവരിൽ ആരെങ്കിലും മരിക്കുമ്പോൾ കൃത്യമായ, കിറുകൃത്യമായി മരണകാരണവും മരണത്തിന്റെ സാഹചര്യവും ഡോക്ടർ എന്നെ അറിയിക്കണം."
പിന്നെ അദ്ദേഹം ഉദാരഭാവത്തിൽ പറഞ്ഞു: "നമ്മൾ നല്ല സുഹൃത്തുക്കളാവുമെന്ന് പ്രതീക്ഷിക്കാം!". എന്നിട്ടദ്ദേഹം ചുളിഞ്ഞ കൈനീട്ടി. ഡോക്ടർ തന്റെ സഹകരണം വാഗ്ദാനം ചെയ്ത് ആ കൈ കുലുക്കി.
ശ്രീമാൻ ഡാറൂണിന് എപ്പോഴും മരണത്തെപറ്റി അസാധാരണമായ ഭീതിയുണ്ടായിരുന്നു. അപകടമാണെന്നുകരുതി അദ്ദേഹം പല സുഖങ്ങളും നേരത്തെ പരിത്യജിച്ചിരുന്നു. മദ്യം - മനസ്സിന് ലാഘവമുണ്ടാക്കുന്ന ആ വിശിഷ്ടവസ്തു കഴിക്കാത്തതിനെപ്പറ്റി ആരെങ്കിലും അത്ഭുതം പ്രകടിപ്പിച്ചാൽ ഡാറോൺ ഭയത്തോടെ പറയും: "എനിക്ക് എന്റെജീവനാണ് വലുത്."
എന്റെ ജീവൻ എന്ന്അദ്ദേഹം ഉറപ്പിച്ചുപറയുമ്പോൾ അതിന് ആരും അറിയാത്ത ചില മൂല്യങ്ങളുണ്ടെന്ന് തന്നെ തോന്നിപോകും.
'എന്റെ ജീവനും' മറ്റുള്ളവരുടെ ജീവനും തമ്മിൽ വളരെ അന്തരമുണ്ടെന്ന് തോന്നും കേട്ടാൽ. ആരും അതുകൊണ്ട് മറുത്തൊന്നും പറയാൻ നിൽക്കില്ല.
തന്റെ ശരീരത്തിന്റെ ഭാഗത്തെപ്പറ്റി പറയേണ്ടിവരുമ്പോഴുമുണ്ട് ഈ പ്രത്യേകത. "എന്റെ കണ്ണുകൾ", "എന്റെ കാലുകൾ ", "എന്റെ കൈകൾ" എന്നൊക്കെ അദ്ദേഹം പറയുമ്പോൾ ആരും തെറ്റിദ്ധരിക്കേണ്ട,അതൊന്നും മറ്റുള്ളവർക്കുള്ളതല്ല തന്റേതുമാത്രമാണ് എന്ന ഊന്നലുണ്ട്.

ഡോക്ടർ ഇപ്പോഴത്തെ ആരോഗ്യ നില വിവരിച്ചപ്പോൾ ഡാറോൺഭക്ഷണത്തിൽ ചില മാറ്റങ്ങൾ നിർദേശിച്ചു. ചില പരീക്ഷണങ്ങൾ മറ്റുള്ളവരിൽ ഫലപ്രദമെന്നുകണ്ടാൽ സ്വയം പരീക്ഷിക്കണണമെന്ന്നിശ്ചയിച്ചുവെച്ചചില ചികിത്സാവിധികളും.ഈ പതിനേഴുപേർതനിക്ക് പലതും പഠിക്കാൻപാകത്തിൽകിട്ടിയ പരീക്ഷണശാലകളാണല്ലോ.
ഒരു വൈകുന്നേരം ഡോക്ടർ വന്നപ്പോൾ പ്രഖ്യാപിച്ചു : "റോസ്‌ലി ടോർണൽ മരിച്ചു !"
ഡാറോണിന്റെ ശരീരമൽപംവിറച്ചു. പിന്നെ ചോദിച്ചു : "എങ്ങനെ?"
"ഒരു തരംഹൃദ്രോഗം "
വൃദ്ധൻ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.പിന്നെ വ്യഖ്യാനിച്ചു:"ആയമ്മക്ഭയങ്കരതടിയായിരുന്നു, ദുർമേദസ്സ്. കണ്ടമാനം വാരിവലിച്ച്തിന്നിട്ടുണ്ടാവും. ഞാനൊക്കെ ആയമ്മയുടെ വയസ്സാവുമ്പോൾ കൂടുതൽ ശ്രദ്ധിക്കും, അതുതന്നെ. "
(റോസ്‌ലിയെക്കാൾ രണ്ടുവയസ്സ് കൂടുതലായിരുന്നു അദ്ദേഹത്തിന് പക്ഷെ എഴുപതിനപ്പുറം കടന്നിട്ടല്ല എന്നദ്ദേഹം ഉറപ്പിച്ച്പറയാറുണ്ട്.)
ഏതാനും മാസങ്ങൾക്കു ശേഷം ഹെന്റിബ്രിസ്സോയുടെഊഴമായിരുന്നു മരിക്കാൻ.
ഡാറോൺ കുറച്ച് അസ്വസ്ഥനായി. ഇത്തവണ മരിച്ചത് പുരുഷനാണ്. മെലിഞ്ഞ മനുഷ്യൻ. മൂന്നു മാസം മാത്രമേ തന്നെക്കാൾ പ്രായക്കൂടുതലുള്ളൂ. ശുഷ്കാന്തിയോടെജീവിച്ച ആളാണ്. വിശദവിവരങ്ങൾ ചോദിക്കാൻ ധൈര്യം തോന്നിയില്ല. ഡോക്ടർ എന്തെങ്കിലും പറയുമെന്ന് ഉത്കണ്ഠയോടെ കാത്തു.
"ഓ അങ്ങനെ പെട്ടെന്നോ?കഴിഞ്ഞയാഴ്ച ഒരസുഖവും ഉണ്ടായിരുന്നില്ലല്ലോ. അയാൾ എന്തെങ്കിലും ബുദ്ധിയില്ലായ്മ കാണിച്ചിരിക്കും ഡോക്ടർ!"
രസിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു.
"ഇല്ല. മക്കൾ പറഞ്ഞു, അദ്ദേഹം ഇപ്പോഴും കരുതലോടെ തന്നെയായിരുന്നു."
അടക്കാൻ ആവാത്ത മനോവേദനയോടെ ഡാറോൺ ചോദിച്ചു : "പക്ഷെ.... പക്ഷെ… പിന്നെങ്ങനെ മരിച്ചു ?"
"പ്ലൂരസി !"
ഓ, അത്സന്തോഷകരമായ വാർത്തയാണ്. വൃദ്ധൻ വരണ്ട കൈകൾ കൊട്ടി ആഹ്ലാദത്തോടെ പറഞ്ഞു : "അങ്ങനെ വരട്ടെ!ഞാൻ പറഞ്ഞില്ലേ,എന്തെങ്കിലും അബദ്ധം ചെയ്തിട്ടുണ്ടാവുമെന്ന്. പ്ലൂരസിഅങ്ങനെ വെറുതെ കയറിക്കൂടില്ല ശരീരത്തിൽ. അത്താഴം കഴിഞ്ഞ് നടന്നിട്ടുണ്ടാവും അപ്പോൾ തണുപ്പ് നെഞ്ചിലടിച്ചു, അത്ര തന്നെ.
പ്ലൂരസിയല്ലേ? അതൊരു രോഗമല്ല അപകടം പറ്റലാണ്. ശുദ്ധമണ്ടന്മാരെ പ്ലൂരസി കൊണ്ട് മരിക്കൂ."
എന്നിട്ടദ്ദേഹം ആഹ്ലാദത്തോടെഅവശേഷിച്ചവരെപ്പറ്റി സംസാരിച്ചുകൊണ്ട് അത്താഴം കഴിച്ചു.
"ഇനി പതിനഞ്ചുപേരുണ്ട് അല്ലേ? പക്ഷെ, അവരൊക്കെ നല്ല ആരോഗ്യമുള്ളവരല്ലേ? ജീവിതത്തിൽ അങ്ങനെയാണ് ഡോക്ടർ. ദുർബലന്മാർ ആദ്യം വീണുപോകും. മുപ്പതുവയസ്സു കഴിഞ്ഞുകിട്ടിയാൽ പിന്നെ എൺപതുപിടിക്കാൻ പ്രയാസം കാണില്ല. എൺപതു കഴിഞ്ഞവർ ശരിക്ക് നൂറിലെത്തണം. നല്ല ആരോഗ്യം, ശ്രദ്ധ, എന്തും നേരിടാവുന്ന ശരീരഘടന.. അങ്ങനത്തവരാണല്ലോ അവസാനം എൺപതിലെത്തുന്നത് അല്ലേ?"
പക്ഷെ തുടർന്ന് അക്കൊല്ലം രണ്ടുപേർകൂടി പോയി. ഒരാൾ അർശസ്സ് കൊണ്ട്. മറ്റെയാൾ ശ്വാസംമുട്ടലിന്റെ ഫലമായിട്ടും. ആദ്യത്തെ വയസ്സന്റെ മരണത്തെപറ്റി ആലോചിച്ചപ്പോൾ ഡാറോണിന് രസം തോന്നി. ദുരകൊണ്ട് തലേന്ന് പഥ്യം തെറ്റിച്ച് വല്ലതും തിന്നിട്ടുണ്ടാകും എന്ന നിഗമനത്തിലുമെത്തി ഇതുവരെ കണ്ടുപിടിക്കാത്ത ഒരു ഹൃദയാസ്വാസ്ഥ്യത്തിന്റെ ഭാഗമായിട്ടാവും ശ്വാസംമുട്ടലുകാരൻ മരിച്ചതെന്നും സമാധാനിച്ചു.
പിന്നെ ഒരു വൈകുന്നേരം ഡോക്ടർ പാൾ തിമോണയുടെ മരണവാർത്ത അറിയിച്ചു. അയാൾ നൂറു തികക്കുമെന്ന് എല്ലാവരും കരുതിയതാണ്. സുഖവാസസ്ഥലത്തിന് ഒരു ജീവനുള്ള പരസ്യമായി നടന്ന ആൾ.
ഡാറോൺ പതിവുപോലെ ചോദിച്ചു:
"എങ്ങനെയാണ് മരിച്ചത് ?"
ഡോക്ടർപറഞ്ഞു : "സത്യത്തിൽ എനിക്കറിഞ്ഞുകൂടാ."
"എന്ന് പറഞ്ഞാലോ? നിങ്ങളറിയണ്ടേ? ഡോക്ടർക്കറിയാതിരിക്കുന്നതെങ്ങനെ? ഉള്ളിലെന്തെങ്കിലും കുഴപ്പം?"
"ഇല്ല. ഒന്നുമില്ല. "
"ലിവറിനോ കിഡ്നിക്കോ വല്ല തകരാറും?"
"ഇല്ല. എല്ലാം ആരോഗാവസ്ഥയിൽ തന്നെ. "
"ആമാശയം ശരിക്കും പ്രവർത്തിച്ചിരുന്നോ എന്ന് നോക്കിയോ? ദഹനക്കേടുകൊണ്ടു പലപ്പോഴും അപകടം പറ്റും."
"ഒരു അപകടവും അങ്ങനെ സംഭവിച്ചിട്ടില്ല."
ഡാറോൺ അമ്പരന്നു. കൂടുതൽ അസ്വസ്ഥനായി.
"പക്ഷെ,എന്തെങ്കിലുമൊരു കാരണം കൊണ്ടാവും. എന്താ ഡോക്ടറുടെ അഭിപ്രായം?"
ഡോക്ടർ കയ്യുയർത്തിക്കൊണ്ട് പറഞ്ഞു:
"എനിക്ക് യാതൊന്നും അറിയില്ല. അയാൾ മരിച്ചു എന്നുവെച്ചാൽ മരിച്ചു. അത്രതന്നെ. "
ഡാറോൺ വികാരനിർഭരമായ സ്വരത്തിൽ തിരക്കി:
"ശരിക്കും അയാൾക്കെത്ര വയസ്സായിരുന്നു? എനിക്ക് കൃത്യമായി ഓർമ്മവരുന്നില്ല. "
ഡോക്ടർ പറഞ്ഞു: "എൺപത്തൊൻമ്പത്. "
കുറിയ ശരീരമുള്ള വയസ്സൻ അത്ഭുതത്തോടെ ആത്മവിശ്വാസം വീണ്ടുകിട്ടിയ പോലെ അലറി.
"എൺപത്തൊമ്പത്! അപ്പോൾ വാർദ്ധക്യം കൊണ്ടല്ല.....!"

വിവർത്തനം : എം ടി വാസുദേവൻ നായർ