പൂവമ്പഴം
കാരൂർ
ഞങ്ങളുടെ വീടിന്റെ കിഴക്കേത് ഒരു വലിയ ജന്മിയുടെ മനയാണ്. ഞങ്ങൾ അവരെ ആശ്രയിച്ചും സേവിച്ചുമാണ് കഴിയുന്നത്. ഞങ്ങൾ പരസ്പരം ഉപകാരികളാണെന്നു പറഞ്ഞാൽ ഒരുതരത്തിൽ ശരിയായിരിക്കും. അവർ യജമാനന്മാരും ഞങ്ങൾ ഭൃത്യരും. മനയ്ക്കൽ എന്തെകിലും വിശേഷം ഉണ്ടായാൽ- പുറന്നാൾ, ഉണ്ണിയൂണ്, വേളി, പിണ്ഡം എന്തെങ്കിലും- അന്ന് ഞങ്ങളുടെ വീട്ടിൽ തീ കത്തിച്ചിട്ടാവശ്യമില്ല. തിരുവാതിരയായാൽ മറ്റെവിടെ കൈകൊട്ടിക്കളിയുണ്ടായാലും എന്റെ വീട്ടിലെ സ്ത്രീകൾ മനയ്ക്കലേ പോകൂ. ഞങ്ങൾ കുട്ടികൾ, മാമ്പഴമുള്ള കാലത്ത് മനയ്ക്കലെ മാഞ്ചുവട്ടിൽ മാടം വെച്ച്കളിക്കയും മാമ്പഴം പെറുക്കുകയും ചെയ്യും. അവിടത്തെ മുറ്റത്തുള്ള മരത്തിലാണ് ഞങ്ങൾ ഓണക്കാലത്ത് ഊഞ്ഞാലിടാറുള്ളത്. അങ്ങനെ പറയേണ്ട, ആ മന ഞങ്ങൾക്ക് വീട്ടിലും ഉപരിയാണ്.
അവിടെ എന്റെ പ്രായത്തിലൊരു ഉണ്ണിയുണ്ടായിരുന്നു- വാസുക്കുട്ടൻ. ഞങ്ങൾ വലിപ്പച്ചെറുപ്പവിചാരമില്ലാത്ത ചങ്ങാതികളായിരുന്നു; പിരിയാത്ത കൂട്ടുകാർ. കഷ്ടം! ആ ഉണ്ണി മൂന്നുകൊല്ലം മുൻപ് മരിച്ചുപോയി.
അതിന്റെ അമ്മ അതെങ്ങനെ സഹിച്ചോ! ഭർത്താവ് മരിച്ചതിൽപിന്നെ ആ സ്ത്രീയുടെ ആശാകേന്ദ്രം ആ ബാലനായിരുന്നു. പത്തുകൊല്ലക്കാലം ആ വിധവ അനുഭവിച്ച ദുഖങ്ങൾക്കിടയ്ക്കു കാണാറുള്ള മധുരസ്വപ്നങ്ങൾ അങ്ങനെ അവസാനിച്ചു. മൂന്നുകൊല്ലങ്ങൾക്കു മുൻപ്.
ആ അന്തർജ്ജനത്തിനുഇങ്ങനെയൊന്നും വരേണ്ടതല്ല. അവരെ പരിചയമുള്ളവർ, അവരുടെ വർത്തമാനം കേട്ടിട്ടുള്ളവർ, ആഗ്രഹിക്കും അവർക്കു നന്മ വരണമെന്ന്. അവരെ ഒരിക്കൽ കണ്ടിട്ടുള്ളവർ ഒരുത്തരും കണ്ണീർ പൊഴിക്കാതിരിക്കയില്ല, അവരുടെ ഇന്നത്തെ നില അറിഞ്ഞാൽ. എന്താണവർക്കൊരു സുഖമുള്ളത്? എന്തിനാണ് അവർ ഇനി ജീവിച്ചിരിക്കുന്നത്?
അവരുടെ പേര് ഉണ്ണിമാ എന്നോ നങ്ങയ്യ എന്നോ ഏതാണ്ടാണ്. എന്നാലും അയൽപക്കത്തുള്ള പെണ്ണുങ്ങൾ അവർക്കു കൊടുത്തിരിക്കുന്നത് 'പൂവമ്പഴം' എന്നൊരു പേരാണ്. ആക്ഷേപിച്ചു പറയുന്നതല്ല. അവരുടെ മാതൃഗൃഹം പൂവമ്പുഴ എന്നൊരു സ്ഥലത്താണ്. അതിൽ നിന്നിങ്ങനെ ഒരു പേര് പ്രചാരത്തിലായി. അവർക്കാ പേരാണ് ചേരുന്നതും. വെളുത്തു ചുവന്നു മെഴുത്തിട്ടാണവർ.
മകൻ മരിച്ചതിൽപ്പിന്നെഒരിക്കലോ മറ്റോ ആണ് ഞാൻ അവരെ കണ്ടിട്ടുള്ളത്. എനിക്ക് ഏതാണ്ട് പുരുഷപ്രാപ്തിയായി. അവർ ഒരു അന്തർജ്ജനവും.
ഒരുദിവസം 'അമ്മ പറഞ്ഞു: "നിന്നെയാണ്ടെടാ പൂവമ്പഴം വിളിക്കുന്നു. ആ മതിലുങ്കല്."
ഞാൻ ഒരു ഗൃഹപാഠക്കണക്ക് ചെയ്തുകൊണ്ടിരിക്കയായിരുന്നു. അവർ വിളിച്ചത് കിണറ്റിൽപ്പോയ തൊട്ടി എടുത്തു കൊടുക്കാനോ പീടികയിൽ പോകാനോ വല്ലതുമായിരിക്കും. എനിക്കൊട്ടും രസിച്ചില്ല. എന്റെ വീട്ടുകാരൊക്കെ മനയ്ക്കൽ വേലക്കാരാണ്. ആണുങ്ങളും പെണ്ണുങ്ങളും. ഹൈ സ്കൂളിൽ പഠിക്കുന്ന എനിക്ക് അതൊരു കുറവായി തോന്നിയിട്ടുണ്ട്. ദാരിദ്ര്യംകൊണ്ടാണ് അവിടെ വിടുപണിക്ക് പോകുന്നത്. അതുകൊണ്ടു ദാരിദ്ര്യം മാറുന്നുണ്ടോ, ഒട്ടില്ലതാനും. ഗതിപിടിക്കാനുള്ള വഴി നോക്കണമെന്ന് വിചാരമില്ല, അന്നന്നത്തെ കഞ്ഞിയ്ക്കു മനയ്ക്കൽ നിന്ന് കിട്ടുന്നതുകൊണ്ട്. കുടുംബത്തോടെയുള്ള ഈ നിത്യദാസ്യത്തിനൊരു മാറ്റംവരണമെന്നു എനിക്ക് മോഹമുണ്ട്. ഞാനായിരിക്കും അതിന്റെ മാർഗ്ഗദർശി. അവരുടെ മുറ്റം തൂക്കാനും എച്ചിലെടുക്കാനുമൊക്കെ പോകുന്നതിലെത്ര നല്ലതാണ്, അഭിമാനമുണ്ട്, കൊയ്യാനോ കളപറിക്കാനോ പോയാൽ. ഞങ്ങളുടെ വീട്ടിലെ ആണുങ്ങൾക്കാണെങ്കിൽ പറമ്പു കിളയ്ക്കാനും കയ്യാല കുത്താനും മനയ്ക്കലല്ലാതെ വേറെ വല്ലേടത്തും പോകരുതോ? ഞാൻ ഇംഗ്ളീഷ് പഠിക്കുന്നത് മനയ്ക്കലാർക്കും ഇഷ്ടമായിരിക്കില്ല. അവർക്കു കടയിൽ പോകാനും കവുങ്ങിൽ കയറാനും തൊട്ട അയല്പക്കത്ത് പിന്നെയാരിരിക്കുന്നു?
"പൂവമ്പഴോം പടറ്റുപഴോം!" എന്ന് മുറുമുറുത്തുകൊണ്ടു ബുക്ക് മടക്കി വച്ചിട്ടു ഞാൻ മതിലിങ്കലേക്കു ചെന്നു- ഞങ്ങളുടെ കിഴക്കേതും മനയ്ക്കലെ പടിഞ്ഞാറേതും അതിരിന് അവർ കെട്ടിവച്ചിരിക്കുന്ന മതിലിങ്കലേക്ക്.
"എന്തിനാ വിളിച്ചത്?" എന്ന് അകലെവച്ചേ ഞാൻ ചോദിച്ചു.
ആ മതിലിനു അവരുടെ അരയോളമേ പൊക്കമില്ലെങ്കിലും അവർ നിൽക്കുന്ന പുരയും എന്റെ തലയോളം ഉയർന്നതാണ്. അവരൊരു മേൽമുണ്ട് പുതച്ചിരുന്ന. അവരുടെ അഴകേറിയ നീണ്ട മുടി അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്നു. അതിനും അറിയാം ഉടയോനില്ലാത്തവരെ വകവെയ്ക്കേണ്ടെന്ന്. ഞാൻ ഒരു പതിനഞ്ചടി അകലത്തിൽ ചെന്നുനിന്നു.
"അപ്പുവിനെ കണ്ടിട്ടെത്ര നാളായി! അവിടെ എന്തെടുക്കുകയായിരുന്നു?"
"ഞാൻ ഒരു കണക്കു ചെയ്യുകയായിരുന്നു."
"ഇന്ന് പഠിത്തമില്ലല്ലോ? പിന്നെയെന്താ ധിറുതി?"
"ധിറുതിയൊന്നുമില്ല എന്താ വേണ്ടത്?"
"നീയിങ്ങോട്ടു നടന്നുവന്നപ്പോൾ ഞാൻ ഓർക്കുകയായിരുന്നു എന്റെ വാസുവിന്റെ കാര്യം. അപ്പുവിനെക്കാളൊന്നരമാസത്തെ എളപ്പമേ ഉണ്ടായിരുന്നൊള്ളൂ."
അവർ മകന്റെ കാര്യം പറഞ്ഞു തുടങ്ങിയാൽ കരഞ്ഞേക്കും. ഞാൻ എന്തുപറഞ്ഞാണവരെയൊന്നു സമാധാനപ്പെടുത്തുക! ഞാൻ ഒന്നുമൂളി.
"ദൈവം നീട്ടിവലിക്കുകയായിരുന്നു." അവരുടെ ശബ്ദത്തിനിടർച്ച തോന്നിയില്ലെങ്കിലും നീണ്ടു നീലിച്ച നയനങ്ങൾ ശോകം പ്രകടിപ്പിച്ചു.
"നമ്മുടെയും കാര്യം ആർക്കറിയാം.!"
അവരൊന്നു നെടുവീർപ്പിട്ടു.
അല്പനേരത്തെ മൗനത്തിനുശേഷം അവർ ചിലതൊക്കെ ചോദിച്ചു. കഞ്ഞിക്കെന്തായിരുന്നു കൂട്ടാൻ, ഏതു ക്ലാസിലാ പഠിക്കുന്നത്, ഫീസെത്ര രൂപയാ, ക്ലാസിലെത്ര കുട്ടികളുണ്ട്, ഇംഗ്ളീഷോ സംസ്കൃതമോ പഠിക്കാൻ പ്രയാസം. ഇങ്ങനെ പലതും.
"ഞാൻ എന്തിനാ വിളിച്ചതെന്നറിഞ്ഞോ? എനിക്ക് ഒരു ഉണ്ടനൂലും തൂശീം മേടിച്ചുതരണം. വണ്ണം കുറഞ്ഞ തൂശി വേണം. തയ്ക്കാനാ."
"മേടിച്ചു തരാമല്ലോ!"
അവർ എന്നെ മതിലിനരികിലേക്കു വിളിച്ചിട്ടു നഗ്നമായ കൈ നീട്ടി ഒരു നാണയം ഇട്ടു തന്നു. "അത് മതിയാകുമോ? ഇന്ന് വേണമെന്നില്ല. നാളെയായാലും മതി. പോയി പഠിച്ചോളൂ. എന്ത് കണക്കാ ചെയ്യുന്നത്?"
ഇതൊക്കെയാണ് 'കിണ്ണാണം' എന്ന് പറയുന്നത്. അവർക്കതറിഞ്ഞിട്ടൊരാവശ്യവുമില്ല. അറിഞ്ഞാലൊരു രസവുമില്ല. എന്നാലും ഞാൻ പറഞ്ഞു: "സമയവും വേലയും സംബന്ധിച്ച ഒരു കണക്ക്."
"ആ - എനിക്ക് വേലയേ ഉള്ളൂ. സമയമില്ല. എന്നാലും ആ കണക്കൊന്നു പറഞ്ഞേ, കേൾക്കട്ടെ."
എനിക്കല്പം ദേഷ്യം തോന്നാതിരുന്നില്ല. എന്നാലും ഞാൻ പറഞ്ഞു. എന്റെ ചങ്ങാതിയുടെ അമ്മയല്ലേ അവർ? "ജോലി ചെയ്യുന്നതിന് രാമൻ കൃഷ്ണന്റെ ഇരട്ടി സമർത്ഥനാണ്. രണ്ടുപേരും കൂടി പത്തുദിവസം കൊണ്ട് ചെയ്യുന്ന ജോലി ഒറ്റയ്ക്ക് ചെയ്യാൻ ഓരോരുത്തർക്കും എത്ര ദിവസം വീതം സമയം വേണം?"
അവർക്കത് കേട്ടിട്ട് രസം തോന്നി. അതെങ്ങനെ ചെയ്യുമെന്നവർക്കറിയണം. ഞാൻ പറഞ്ഞു കൊടുത്തു. അവർക്കതു മനസിലായി.
"അപ്പുവിണിതൊക്കെ അറിയാമോ?" അവർ അഭിനന്ദനരൂപത്തിലൊന്നു ചിരിച്ചു. വിടരുന്ന പനിനീർപ്പൂവിന്റെ ഭംഗിയുള്ളൊരു പുഞ്ചിരി.
ഞാൻ സൂചിയും നൂലും ബാക്കി ചക്രവും എന്റെ അനുജന്റെ കൈയിൽ അവർക്കു കൊടുത്തയച്ചു.
ഒരാഴ്ച കഴിഞ്ഞ് ആ അമ്മ മതിലിങ്കൽ വന്നു എന്നെ വിളിപ്പിച്ചു. അന്നും അവർക്കൊരു സാധനം വാങ്ങാനുണ്ട്, ഒന്നരമുഴം തലയിണച്ചീട്ടി.
കാര്യം പറഞ്ഞുതീർന്നപ്പോൾ ഞാൻ ചോദിച്ചു: "പൊയ്ക്കോട്ടെ?"
"ഈ അപ്പുവിനെപ്പോഴും ധിറുതിയാണല്ലോ!" എന്ന്ആ അന്തർജ്ജനം പറഞ്ഞു. "ധിറുതിയായിട്ടല്ല" എന്ന് ഞാനും. എനിക്ക് മനയ്ക്കലുള്ള ആരുടേയും അടുത്ത് അധികനേരം നിൽക്കുന്നതിഷ്ടമല്ല. അവരുടെ വലിപ്പവും എന്റെ ഇളപ്പവും എന്റെ മനസ്സിൽ പൊന്തിവരും.
ആ മതിലിൽക്കൂടി ഒരണ്ണാൻ ഓടിച്ചാടി വന്ന് "ഛി ഛി ഛി" എന്ന് പറഞ്ഞു.
"നോയ്ക്കേ, എന്ത് ഭംഗിയാണെന്ന്. ശ്രീരാമസ്വാമി വരച്ചതാ അതിന്റെ പുറത്തെ വര. അപ്പുവിനറിയാമോ ആ കഥ?"
"ദേഹത്ത് മണൽ പറ്റിച്ച് ചിറയിൽ കൊണ്ടിട്ടതിനുള്ള നന്ദി. എനിക്കറിയാം." സംഭാഷണമവസാനിപ്പിക്കാൻ ഞാൻ തിടുക്കം കാണിച്ചു.
"അപ്പുവിനറിയാൻമേലാത്തതൊന്നുമില്ലല്ലോ," എന്ന് പുഞ്ചിരിയിൽ പുരട്ടിയ ഒരഭിനന്ദനം.
അവരുടെ മകനുണ്ടായിരുന്നെങ്കിൽ ഇതൊക്കെ അറിയാമായിരുന്നേനെയല്ലോ, എന്ന് വിഷാദിക്കയായിരിക്കാം ആ അമ്മ.
പത്തുപതിനഞ്ചു ദിവസം കഴിഞ്ഞു കാണും, പിന്നെയും അവർ എന്നെ വിളിച്ചു. അവരുടെ വിളി എന്നിൽ മുഷിവുണ്ടാക്കിയെങ്കിലും, അവർക്കു മകനില്ലാഞ്ഞിട്ടാണല്ലോ എന്നോർത്ത് ഞാൻ ചെന്നു. അന്നവരെനിക്ക് ഒരിലപ്പൊതി സമ്മാനിച്ചു, രണ്ടു നെയ്യപ്പം. അത് അവർ എന്റെ കൈയിലേക്ക് ഇടുകയല്ല വയ്ക്കുകയാണ് ചെയ്തതെന്ന് തോന്നുന്നു. "അപ്പു തിന്നോളൂ, വീട്ടിൽ കൊണ്ടുപോകെണ്ട."
"തിന്നോളാം."
"എന്നാലാട്ടെ."
ഞാനതു തിന്നു.
"നല്ലതല്ലേ?"
"അതെ നെയ്യപ്പം പിന്നെ ചീത്തയാണോ?"
അന്നും അവർ വളരെനേരം അതുമിതുമൊക്കെ ചോദിച്ചും പറഞ്ഞും നിന്നു.
പിന്നെയൊരുദിവസം അവർ മതിലിങ്കൽ വിളിച്ച് എന്നോട് ചോദിച്ചു: "ഈ കൊടിയേന്ന് അഞ്ചാറു വെറ്റ എടുത്തു തരാവോ അപ്പൂ?"
എന്നെയും അവർ വേലക്കാരനാക്കിയെടുക്കാനാണെന്നെനിക്ക് തോന്നി.ഞാൻ സ്കൂൾഫൈനൽ ക്ലാസ്സിൽ പഠിക്കുകയാണ്.പരീക്ഷ ജയിച്ചാൽ എനിക്കൊരുദ്യോഗം കിട്ടും. പത്തിരുപതു രൂപാ ശമ്പളം കിട്ടും. പിന്നെ മനയ്ക്കൽ ഭൃത്യവേളക്ക് പോകുകയില്ല. അതുകൊണ്ടു ഇപ്പഴേ എന്നെക്കൊണ്ട് വേല ചെയ്യിക്കാനാണവരുടെ ശ്രമം. അവരെത്ര നല്ല സ്വഭാവമുള്ളവരാണെങ്കിലും ജന്മിയുടെ കുശുമ്പില്ലാതെ വരുമോ?
"കുഞ്ഞാത്തേരമ്മ മുറുക്കുമോ? പിന്നെയെന്തിനാ വെറ്റില?"
"എനിക്ക് മുറുക്കണ്ട. ഇല്ലത്തു പിന്നെയെല്ലാവരും മുറുക്കുകേലേ? ഞാൻ വെറ്റ തിന്നിട്ടു പത്തുപതിമൂന്നു കൊല്ലം കഴിഞ്ഞു. അന്നും പൊകല തിന്നുകേല. കേറാൻ മേലെങ്കിൽ വേണ്ട."
മേലെങ്കിൽ വേണ്ട! മേലെന്നു പറയുന്ന പ്രായമില്ല എനിക്ക്. "മേലായ്മയൊന്നുമില്ല. ഞാനങ്ങപ്പറേ വരാം."
"ഓ, ഇതിലെ ഇങ്ങു കേറിക്കോ."
"നേരെ വഴിയുള്ളപ്പോൾ കയ്യാല കേറുന്നത് മര്യാദയല്ലല്ലോ."
"അപ്പുവിന് മര്യാദയൊന്നും നോക്കെണ്ട. ഇഷ്ടമുള്ളതിലെ കേറാം. ഇതിലേയിങ്ങു കേറിക്കോളൂ."
ഞാൻ നിഷ്പ്രയാസം കയ്യാല ചാടിക്കയറി.
"മിടുക്കനാണേ!" അതിനും അവർ എന്നെ അഭിനന്ദിച്ചു. അവരുടെ മകനുണ്ടായിരുന്നെങ്കിൽ കയ്യാല ചാടികയറാറായേനെയെന്ന വിഷാദവുമുണ്ടായിരിക്കാം അവർക്ക്.
അവരൊരു വാഴക്കൂട്ടത്തിന്റെ മറവിൽ നിന്നുകൊണ്ട് ഞാൻ മരത്തിൽ കയറുന്നതു നോക്കി. "കേറാൻമേലെങ്കിൽ വേണ്ട കേട്ടോ."
ഞാൻ മുണ്ടിന്റെ താഴത്തെ തുമ്പുരണ്ടും എളിയിൽ കുത്തി വെറ്റില നുള്ളുനുള്ളി പുറകിൽ മുണ്ടിനകത്തു നിക്ഷേപിച്ചുതുടങ്ങി; ഞാൻ താഴെയിറങ്ങിയപ്പോൾ നാലുകെട്ടിന്റെ വരാന്തയിൽ നിന്നുകൊണ്ട് അവർ വിളിച്ചു പറഞ്ഞു: "ഇവിടെ; ഇങ്ങോട്ടു കൊണ്ടുപോരെ-"
ഞാൻ പുറകുവശത്തെ വരാന്തയിൽച്ചെന്നു വെറ്റില കുടഞ്ഞിട്ട് അടുക്കിക്കൊണ്ടിരുന്നപ്പോൾ ആ അന്തർജ്ജനം മുറിക്കകത്തു നിന്നുകൊണ്ടു പറഞ്ഞു: "നല്ല തളിരുവെറ്റില. ഇത് കണ്ടിട്ടൊന്നു മുറുക്കാൻ തോന്നുന്നു."
അടുക്കിത്തീർന്നപ്പോൾഅവർ പറഞ്ഞു: "കുറച്ചങ്ങോട്ടെടുത്തോളൂ."
"എനിക്കെന്തിനാ!" എന്നുപറഞ്ഞിട്ട് ഞാൻ മുറ്റത്തിറങ്ങി.
"അപ്പു ഇന്നലെ കേശവന്റെ കല്യാണത്തിന് പോയിരുന്നോ?"
"പോയിരുന്നു."
"കേമമായിരുന്നോ? ഒത്തിരിയാലുണ്ടായിരുന്നോ?"
"ഒത്തിരിയുണ്ടായിരുന്നു."
"എന്തെല്ലാമായിരുന്നു സദ്യവട്ടങ്ങള്?"
ഞാൻ വിസ്തരിച്ചു കേൾപ്പിച്ചു. അവർ കൗതുകത്തോടെ കേട്ടു.
"പെണ്ണിനെ ഇന്നലെത്തന്നെ കൊണ്ടുപോന്നോ?"
വർത്തമാനം കുറെ നീളുന്ന ലക്ഷണമുണ്ട്. ഇനി, പെണ്ണിനെ കൊണ്ടുവന്നത് വണ്ടിയിലാണോ? കല്യാണത്തിന് ആരെല്ലാം പോയിരുന്നു? പെണ്ണിന് ആഭരണം ധാരാളമുണ്ടോ? എന്നുതുടങ്ങി നൂറായിരം ചോദ്യം വരും. അതിനൊക്കെ മറുപടി പറയാൻ നിന്നാൽ നേരം സന്ധ്യയാകും. അതുകൊണ്ട് ഇതങ്ങവസാനിപ്പിക്കണം. ഒഴുക്കന്മട്ടിൽ മറുപടി പറയുന്നതാണതിനു വഴി.
"ഉം."
"പെണ്ണ് മിടുക്കിയാണോ?"
"ഉം."
"അതെങ്ങനെയാ അപ്പു അറിഞ്ഞത്?"
"കണ്ടിട്ടങ്ങനെ തോന്നി."
"കണ്ടാൽ നല്ല പെണ്ണാണോ?"
"ഉം."
"എന്താ നെറം?"
"ഇരുനിറം."
"എന്റെ നിറമാണോ?"
"ഉം."
"എന്നേക്കാൾ വെളുത്തതാണോ?"
"ഉം."
"അതാണോ ഇരുനിറം? പെണ്ണിനെന്തു പ്രായമൊണ്ട്?"
"ഒരു വിധം."
"ഒരു വിധം-" അവരൊന്നും ചിരിച്ചു.
"അല്ലല്ല ഞാൻ വേറെ ഏതാണ്ടോർത്തുപോയി. പത്തിരുപതു വയസ്സുവരും."
"വേറെ എന്താ ഓർത്തത്?"
"ഒന്നുമില്ല."
"അതല്ല."
"പെണ്ണുവീട്ടുകാരുടെ സ്വത്തിന്റെ കാര്യം. ഒരുവിധം സ്വത്തൊണ്ട്."
"ഇരുപതുവയസ്സായോ? ചെറുക്കാനെത്ര വയസ്സാ?"
"അതിൽ കൂടുതലൊണ്ട്."
ആ 'അമ്മ ചിരിച്ചു. "അങ്ങനെയല്ലേ നമ്മുടെ നാട്ടിൽ പതിവ്. വെള്ളക്കാർക്കങ്ങനെയല്ലപോലും!"
അടുക്കളയിൽനിന്ന് പുറത്തിറങ്ങാത്ത അന്തർജ്ജനം വെള്ളക്കാരന്റെ കാര്യത്തിലേക്കു കടന്നിരിക്കുന്നു. ലോകം മുഴുവൻ ചുറ്റുന്ന മട്ടുണ്ട്. എന്നാലും അവരെ നിഷേധിക്കാമോ? അവർക്കു മകനില്ല; ഭർത്താവിള്ള. സാധു!
"ഉം!"
"എന്നെ വേളികഴിച്ചത് പതിമൂന്നു വയസ്സിലാ. ഈ മകരത്തിൽ ഇരുപതു കൊല്ലമാകും."
"ഉം."
"അദ്ദേഹത്തിനന്നു പതിനെട്ടു വയസ്സായിരുന്നു."
"ഉം."
അവർ മുറിക്കകത്തു കതകിന്റെ ഒരു പാളിയിൽ മാറിടം കൊള്ളിച്ചു നിൽക്കുകയാണ്. അവരുടെ കഴുത്തിലൊരു മുണ്ടുടുള്ളത് ഓർ കയറുപോലെ കിടക്കുകയാണ്. അതിന്റെ രണ്ടുതലയും പുറകോട്ടായിരുന്നു. അവരുടെ കഴുത്തിൽ താലിയില്ലെന്നുള്ള വസ്തുത മറയ്ക്കാൻമാത്രം പറ്റിയിരുന്നു ആ മുണ്ട്.
ഞങ്ങളുടെ വീട്ടിലെ ചക്കിപ്പൂച്ചയും ഞങ്ങളോട് കൂടി. പടിയിൽ എനിക്കഭിമുഖമായിട്ട് ആ സുന്ദരിപ്പൂച്ച വന്നിരിപ്പുപിടിച്ചു. ഞങ്ങളുടെ വർത്തമാനം അതിനു രസിച്ചെന്നു തോന്നുന്നു.
"എന്ത് ഭംഗിയുള്ള പൂച്ച!" ആത്തേരമ്മ പറയുകയാണ്. "പക്ഷെ ഇത് വല്ലാത്തതാണ്. രാത്രി എന്റെ കൂടെയാ കിടപ്പ്. ഞാനറിയാതെ വന്നു എന്റെ കൈക്കൂട്ടിൽ പറ്റിപ്പിടിച്ചു കിടക്കും."
"അതിനറിയാം കുഞ്ഞാത്തേരമ്മയ്ക്കതിനോടിഷ്ടമുണ്ടെന്ന്. ചൂടുപറ്റി സുഖത്തിനങ്ങ് കിടക്കും."
അവരെന്റെ നേരെയൊന്നു നോക്കി. തുളച്ചുകയറുന്ന ഒരു നോട്ടം. അവരുടെ മുഖം കതകിന്റെ മറവിലേക്കൊന്നു മാറുകയും ചെയ്തു.
"ഞാൻ പോകുന്നേ" എന്നു പറഞ്ഞിട്ട് നാലുകെട്ട് ചുറ്റി പടിപ്പുര കടന്ന് ഞാൻ വീട്ടിലേക്കു പോന്നു.
പിന്നെ ഞാനവരെക്കാണാൻ പോയില്ല. എന്നെ വിളിക്കുമ്പോൾ ഞാൻ പറയും, "അവർക്കു ജോലിയൊന്നുമില്ല. ഞാനിവിടെയില്ലെന്നു പറഞ്ഞേരെ," എന്ന്.
കുറേനാൾ കഴിഞ്ഞപ്പോൾ 'പൂവമ്പഴ'ത്തിനെന്തോ സൂക്കേടാണെന്ന് വീട്ടിലാരോ പറയുന്നത് കേട്ടു.
ആയിടെ അവിടത്തെ നമ്പൂതിരി മൂന്നാമതൊരാന്തർജ്ജനത്തിനെക്കൂടി വേളികഴിക്കയുണ്ടായി. അതിന്റെ 'കുടിവയ്പ്' അത്ര കേമമായിരുന്നില്ലെങ്കിലും ഞങ്ങൾക്ക് സദ്യയുണ്ടായിരുന്നു. ഞാൻ ഊണ് കഴിഞ്ഞപ്പോൾ 'പൂവമ്പഴം' എന്നെ വിളിപ്പിച്ചു. അവർക്കു സുഖമില്ലാതിരിക്കയല്ലേ? വല്ല മരുന്നും വാങ്ങിക്കൊണ്ടുവരാനായിരിക്കാം. അവർക്കു മക്കളിലല്ലല്ലോ. ഞാൻ പുറകുവശത്തു മുറ്റത്തു ചെന്നുനിന്നു. അവർ മുറിക്കകത്തു വാതിൽക്കൽ ഇരുന്നു. അവരുടെ നീണ്ട മുടി മുറിച്ചുകളഞ്ഞിരിക്കുന്നു. കവിളെല്ലുകൾ തള്ളിനിൽക്കുന്ന. കണ്ണിന്റെ പ്രകാശത്തെ നിരാശത കവർന്നിരിക്കുന്നു. പുരികത്തിന്റെ ഭംഗി മാത്രം ശേഷിച്ചിട്ടുണ്ട്. ക്ഷീണിച്ച സ്വരത്തിൽ അവർ ചോദിച്ചു:
"ഉണ്ടോ?"
"ഉണ്ടു."
"സദ്യ നന്നായോ?"
"ഉം."
"എനിക്കൊന്നും കഴിക്കാൻ മേല, ഒന്നും വേണ്ടാതാനും."
"ഉം."
"ഇനി ഇവിടെ ആദ്യമുണ്ടാകുന്ന സദ്യ ഒരു പിണ്ഡമായിരിക്കും."
"...ഊം?"
"അതെ, അപ്പു, അതെ."
"എന്താ അങ്ങനെ പറയുന്നത് കുഞ്ഞാത്തേരമ്മ?"
".......കുഞ്ഞാത്തേരമ്മ!"
...............
അവരൊന്നു ചിരിക്കാൻ പണിപ്പെട്ടു.
അമിതമായ സമ്പത്ത്.
അനല്പമായ സൗന്ദര്യം.
നല്ല പ്രായം....
ഞാൻ മരവിച്ച് നിന്നുപോയി. എന്റെ വീതത്തിനു ഞാനും അവരെ വേദനിപ്പിച്ചുകാണുമോ?
"അപ്പു- പൊയ്ക്കൊള്ളൂ."
അവർ കതകടച്ചുകളഞ്ഞു .