ശേഖൂട്ടി
ടി. പത്മനാഭന്
മരണത്തിന്റെ നിഴലിൽ നിസ്സഹായനായ ആ നായ മൂന്നു രാപ്പകൽ കഴിച്ചുകൂട്ടി. നിരത്തുവക്കത്തുള്ള ഒരു മാവിൻ ചുവട്ടിലാണ് 'ശേഖൂട്ടി' തളർന്നു വീണത്. അവിടെനിന്ന് അവൻ പിന്നീട് എണീക്കുകയുണ്ടായില്ല.
അവിടെ നിരത്തിന് വലിയൊരു വളവുണ്ട്. ഒരു വശത്ത് പൂഴി നിറഞ്ഞ തരിശു നിലമാണ്. ഇടയ്ക്കിടെ വെയിലേറ്റു മുരടിച്ച ചെടികളോടു കൂടി, കണ്ണത്താവുന്ന ദൂരത്തോളം അത് പരന്നു കിടക്കുന്നു. കെട്ടിടമെന്നു പറയാൻ അവിടെ അധികമൊന്നുമില്ല. ഉള്ളതിൽ വലുതൊരു കരുവാന്റെ ഉലയാണ്. നിരത്തിന്റെ അങ്ങേ വശത്തായി ഇരുകരയിലും തഴച്ചു നില്ക്കുന്ന കൈതകളോടുകൂടിയ ഒരു തോടുണ്ട്. വർഷത്തിലെ പ്രാഭവം സ്വപ്നം കാണാനേ ആ തോടിന് ഇന്നും നിവൃത്തിയുള്ളൂ. ഒഴുക്കു നിലച്ചു. വെള്ളം അവിടവിടെയായി കെട്ടിനില്ക്കുന്നു.
മറ്റൊരവസരത്തിലായിരുന്നുവെങ്കിൽ ശേഖൂട്ടി ആ കാഴ്ചകളോരോന്നും നോക്കി രസിച്ചേനെ. പുതുതായി എന്തെങ്കിലും കണ്ടാൽ അടുത്തു ചെന്നു മണത്തു നോക്കിയേ അവൻ പോകാറുള്ളൂ, ആരോടെങ്കിലും കലമ്പൽ കൂട്ടിയാലെ അവന് തൃപ്തിയാവൂ. പക്ഷെ ആ ദയനീയാവസ്ഥയിൽ അവന് അതൊന്നും തരപ്പെടുകയില്ല. ആ പഴയ കനൽക്കട്ടയല്ല അവനിന്ന്, കത്തിയടങ്ങിയ വെറും ചാരം!
ആദ്യത്തെ ദിവസം അവൻ കണ്ണ് തുറന്നുതന്നെ കിടന്നു. വഴി പോകുന്നവരെയൊന്നും അവൻ ശ്രദ്ധിച്ചില്ല. എങ്കിലും അവരെല്ലാവരും അവനെ നോക്കി. നായയല്ലേ, മനുഷ്യർതന്നെ മാവിൻ ചുവട്ടിൽ കിടന്നു ശ്വാസം വലിച്ചാലും തിരിഞ്ഞു നോക്കാത പോകുന്നവരായിരുന്നു അക്കൂട്ടർ. എങ്കിലും അവരെല്ലാവരും ശേഖൂട്ടിയെ നോക്കി. ചെമ്പിച്ച നിറത്തിൽ സാമാന്യത്തിലധികം വലിപ്പമുള്ള ഒരു കൂറ്റൻ നായ. കഴുത്തിൽ പട്ടയ്ക്കടുത്തായി രണ്ടു വലിയ മുറിവുകളുണ്ട്. പക്ഷേ,അതൊന്നുമല്ല രസം, വായ തുറക്കാൻ സമ്മതിക്കാത്ത വിധത്തിൽ മുക്കിനു മുകളിലായി കൊളുത്തോടു കൂടിയ വലിയൊരിരുമ്പുപട്ട! അതിനു ചെറിയൊരു ഇരുമ്പ പൂട്ടും. കഴുത്തിലെ പട്ടയോടു രണ്ടു ചെറിയ തുടൽകൊണ്ട് അതു ബന്ധിച്ചിരിക്കുന്നു. ആളുകൾക്ക് അത് പുതുമ നിറഞ്ഞ കാഴ്ചയായിരുന്നു. മുൻകാൽ രണ്ടും നീട്ടി, അവയ്ക്കിടയിൽ തലവെച്ചു നീണ്ടു നിവർന്നു ശേഖൂട്ടിയുടെ അടുക്കലേക്ക് അവരാരും പോയില്ല. ആ കണ്ണുകളിലെ പ്രകാശം കണ്ട് അവരൊക്കെ പേടിച്ചു.
പക്ഷേ, അതു രണ്ടു ദിവസം മുമ്പുള്ള കഥയാണ്. കണ്ണുതുറക്കാനുള്ള ശക്തി ൽപോലും അവനിന്നില്ല.
ദിനാന്ത്യത്തിലെ തളർന്ന രശ്മികൾ ഇലപ്പടർപ്പിലൂടെ കടന്നുവന്ന് ആ നിർഭാഗ്യവാനെ തലോടി. പകൽ രാത്രിക്കു വൈമനസ്യത്തോടെ വഴിമാറി കൊടുക്കുന്ന ആ സന്ധ്യാവേളയിൽ ശേഖൂട്ടി അർദ്ധസുഷുപ്തിയിൽ മയങ്ങിക്കിടക്കുകയായിരുന്നു. അങ്ങകലെ പാടങ്ങൾക്കപ്പുറത്തുനിന്ന് ഒരു ശബ്ദം അലച്ചു വന്നു:
‘...ഏ...ദാമ്വേ…’
ശേഖൂട്ടിയും അതു കേട്ടു. അവൻ വേദനയും ആലസ്യവും ക്ഷണനേരത്തേക്കു മറന്നു. ചെവി വട്ടം പിടിച്ചു. വീണ്ടും ആ ശബ്ദം:
‘'...ഏ...ദാമ്വേ…’
അവന്റെ ശരീരത്തിലെ ഒാരോ അണുവും വികാരാധീനമായി. കാലുകൾ പൂഴിയിലൂന്നി പിടഞ്ഞെഴുന്നേല്ക്കുവാൻ അവൻ ശ്രമിച്ചു. രോമനിബിഡമായ ആ വാൽ അവൻ നിലത്തു തല്ലി. അവന്റെ യജമാനനെയാണ് ആരോ വിളിക്കുന്നത്. അവന്റെ സ്വന്തം യജമാനൻ--! അവൻ ആരുടെ മുമ്പിലെങ്കിലും തലകുനിച്ചിട്ടുണ്ടെങ്കിൽ അതവന്റെ യജമാനന്റെ മുമ്പിൽ മാത്രമാണ്! ആരെയെങ്കിലും ഹൃദയം തുറന്ന് സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതവന്റെ യജമാനനെ മാത്രമാണ്. യജമാനനെ കണ്ടിട്ട്,
ദിവസങ്ങൾ കുറെയായി. അയാൾ അവനെ കാണാൻ വന്നിരിക്കുകയാണ്.
പക്ഷേ, ശേഖൂട്ടിക്ക് എഴുന്നൽക്കാൻ കഴിഞ്ഞില്ല. അവന്റെ കാലുകൾ ദുർബലങ്ങളായിരുന്നു. അവൻ കണ്ണടച്ച് ചെവിയോര്ത്തു കിടന്നു. ആ ശബ്ദം നിലച്ചിരിക്കുന്നു. ഒരുപക്ഷേ, ‘ദാമു’ അവനെ കാണുവാൻ ബദ്ധപ്പെട്ടു വരുന്നുണ്ടായിരിക്കാം.
ആ നായയുടെ ഹൃദയത്തിൽ ആനന്ദം കവിഞ്ഞൊഴുകി. ഒരു നിമിഷം കഴിഞ്ഞോട്ടെ.അവന്റെ യജമാനന്റെ കാലുകളിൽ തലയണച്ച് അവൻ കിടക്കും. വരാന്പോകുന്ന ആ സുഖത്തിന്റെ സ്മരണയിൽ അവൻ നിർവൃതിയടഞ്ഞു.
പക്ഷെ ശേഖൂട്ടിയുടെ യജമാനൻ ഒരിക്കലും വരികയുണ്ടായില്ല. അവൻ കേട്ടതു കാലികളെ തളിച്ചു കൊണ്ടുവരാൻ വൈകിയ തന്റെ മകനെ വിളിക്കുന്ന ഏതോ കര്ഷകന്റെ സ്വരമായിരുന്നു.
ചില്ലകളനങ്ങി, പൂഴി നീങ്ങി. ആരോ അടുത്തുവരുന്നു.
ശേഖൂട്ടി പതുക്കെ കണ്ണുമിഴിച്ചു. ആവൂ, അവസാനനിമിഷത്തിലെങ്കിലും യജമാനനു വരാൻ തോന്നിയല്ലൊ. ചിരപരിചിതമായ ആ രൂപം അവൻ ഹൃദയം കുളിര്ക്കെ നോക്കി. അശ്രുബിന്ദുക്കൾ കവിളിലൂടെ ഒലിച്ചു താണു പൂഴിയിൽ വിലയം പ്രാപിച്ചു. തൊണ്ട അനക്കുവാന് അവൻ ശ്രമിച്ചുവെങ്കിലും ഒച്ച പൊന്തിയില്ല.
പെട്ടെന്ന് അവന്റെ മധുരഭാവനകളെല്ലാംതന്നെ തകർന്നടിഞ്ഞു. ആരെയാണ് അവൻ മുമ്പിൽ കാണുന്നത്? ആകാശം തൊടുന്ന ഒരു ബീഭത്സരൂപം. അതവന്റെ നേരെ വരികയാണ്. ആ വളഞ്ഞ കൊക്കും ക്രോപ്പ് ചെയ്ത കഴുത്തും തലയും അവൻ വേറെവിടെയോ കണ്ടിട്ടുണ്ട്. അവന്റെ വീടിനു സമീപത്തുള്ള റെയിലിന്മേൽ ഒരു പശു ചത്തു വീണപ്പോൾ അവിടെയെത്തിയത് ആ നാറുന്ന ജീവിതന്നെയാണ്.
അന്ന് അതിനെ ‘ശേഖൂട്ടി’ ഭയപ്പെടുത്തി ഓടിച്ചിട്ടുണ്ട്. ഒരുപക്ഷേ, ആ ശവം തീനി പകരം വീട്ടാൻ വന്നതായിരിക്കും.
തന്റെ ജീവിതത്തിന്റെ നിലനില്പിൽ അവനു സംശയമുണ്ടായിരുന്നു. ആ തിരി ഇനി അധികനേരം നിന്നു കത്തുകയില്ല. മരണം തന്റെ വലിയ മൂടുപടം അവന്റെ മേലിടുവാൻ കാത്തു നില്ക്കുകയാണ്. ശേഖൂട്ടി അതോർത്തു സങ്കടപ്പെട്ടില്ല. അവൻ എന്നും ധീരനായ ഒരു പോരാളിയായിരുന്നു. എങ്കിലും ജീവൻ കൂട്ടിലുള്ളപ്പോൾ അന്യന് ആഹാരമായി തീരുക അതവന് ആലോചിക്കാൻ കഴിഞ്ഞില്ല.
കഴുകൻ പതുക്കെ ചാഞ്ചാടിക്കൊണ്ടെടുത്തു. അവന്റെ മുഖത്തു സംതൃപ്തി നിഴലിച്ചിരുന്നു. ആ നായയെ അവൻ അവിടെ കാണാൻ തുടങ്ങിയിട്ട് ഒന്നുരണ്ടു ദിവസമായി. മരിക്കുന്നതുവരെ കാത്തു നില്ക്കുവാൻ അവനു ക്ഷമയുണ്ടായിരുന്നില്ല. എങ്ങനെ ഉറപ്പിക്കാം, അതിനിടയിൽ മറ്റാരും ആ സാധനം കാണുകയില്ലെന്ന്?
പക്ഷേ, നായ്ക്കളെ അവന് ഭയമാണ്. അതിനാൽ അവൻ കാത്തുനിന്നു. സമയം വരട്ടെ; അപ്പോൾ ഒരു നൊടിയിടയിൽ പണിതീർക്കാം.
അവിടവിടെയായി എറിച്ചുനില്ക്കുന്ന രോമങ്ങളോടുകൂടിയ ആ വലിയ കഴുത്ത് വളഞ്ഞു. പാറ പൊട്ടിക്കുവാൻ പോലും കെല്പുള്ള ആ കൊക്ക് താഴുകയായി.
ശേഖൂട്ടി--!
അവന്റെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. ക്ഷീണിച്ച മാംസപേശികൾ
വിജൃംഭിച്ചു. പ്രതാപം നിറഞ്ഞ പഴയ കാലം അവനോർത്തു. കണ്ണുകളിൽനിന്നു തീപ്പൊരി പാറി. അവൻ അന്തശ്‌ചൈതന്യം പ്രതിഷേധസ്വരമുയർത്തി. ഭീഷണമായ ഒരു ശബ്ദം!
കഠിനമായ നൈരാശ്യവും ഹൃദയവ്യഥയും 'ശേഖൂട്ടി'ക്കനുഭവപ്പെട്ടു. ആ വായ തുറക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ!
ആ പട്ടയും പൂട്ടും അവിടെനിന്നു നീങ്ങിയിരുന്നെങ്കിൽ!
കഴുകൻ അതു പ്രതീക്ഷിച്ചിരുന്നില്ല. ആശ്ചര്യത്തോടെ അവൻ രണ്ടടി പിറകോട്ടു മാറി. ആ നായ മരിച്ചിട്ടില്ല. എന്താണ് വേണ്ടത്---? അവൻ തെല്ലിട സംശയിച്ചു നിന്നു. ഇടവും വലവും ചെരിഞ്ഞ് അവൻ നായയെ നോക്കി. നായ അവിടെത്തന്നെ കിടക്കുകയാണ്. പക്ഷേ, ആ തല അല്പം ഉയർന്നിട്ടുണ്ട്. ഏതു നിമിഷവും അതു തന്റെ മേൽ ചാടി വീണേക്കാം.
ഇരുട്ടു കൂടി വന്നു. കഴുകൻ വൈമനസ്യത്തോടെ അടുത്തുള്ള മരത്തിൻറ മുകളിലേക്കു പറന്നുപോയി.
അതു തന്റെ വിജയമായി ശേഖൂട്ടി കരുതിയില്ല. ആ പക്ഷിക്ക് അപ്പോഴങ്ങനെ തോന്നിയെന്നേയുള്ളൂ. അതു വീണ്ടും വരാതിരിക്കില്ല. അപ്പോഴും അവന്റെ ദേഹത്തിൽ ജീവൻ അവശേഷിച്ചിരിക്കുമോ? അവൻ പച്ചയിറച്ചിയിൽ കൂർത്തു വളഞ്ഞ കൊക്കുകൾ തറച്ചു കയറുമ്പോൾ--
ഇല്ല, അതൊരിക്കലും സംഭവിക്കില്ല. 'ശേഖൂട്ടി' ആരാണെന്ന് അവൻ അവർക്കൊക്കെ മനസ്സിലാക്കിക്കൊടുക്കും. പട്ടിണികിടന്നതുകൊണ്ടൊന്നും അവന്റെ ശക്തി കുറയാൻ പോകുന്നില്ല. അവന്റെ ബാല്യത്തിൽ അവനേക്കാൾ വലിയ ടൈഗറെ അവൻ കുടഞ്ഞെറിയുകയുണ്ടായിട്ടുണ്ട്, ഒരൊറ്റ നായപോലും അവന്റെ അധികാരത്തെ ചോദ്യം ചെയ്യുവാൻ മുതിർന്നിട്ടില്ല. നായ മാത്രമോ? മറ്റെല്ലാ ജീവികളും! ആ പല്ലുകൾക്ക് ഉരുക്കിന്റെ ശക്തിയുണ്ട്. നായയും കുറുക്കനും പൂച്ചയും കോഴിയും പശുവും മാത്രമല്ല, മനുഷ്യര്പോലും അവനെ കണ്ടാല് ഓടിയൊളിക്കും. അവന് ശക്തനും ധീരനുമാണ്. അവന് ഒരു നാടുവാഴിയാണ്---
മുഖത്തുള്ള ഇരുമ്പുപട്ട അവനെ അസ്വസ്ഥനാക്കി. ഓ അതെന്തൊരു നശിച്ച പട്ടയാണ്? അതാണ് അവന്റെ പരാജയത്തിനെല്ലാംതന്നെ കാരണം. ഒരൊറ്റ നായക്കുപോലുമുണ്ടോ അങ്ങനെയൊരു പൊല്ലാപ്പ്! തന്റെ സ്വാതന്ത്ര്യത്തെ കെടുത്തിയവരോട് അവനു വെറുപ്പ് തോന്നി. അവരോടുള്ള ബഹുമാനം നിമിത്തമാണ് അവൻ അതുവരെ അത് കളയാതിരുന്നത്. ഇനിയവൻ അതു വെച്ചിരിക്കില്ല. നേരം പുലരട്ടെ; അവൻ അതു എവിടെയെങ്കിലും അടിച്ചുടക്കും. ആ നശിച്ച പട്ടയും ചങ്ങലയും കൊളുത്തും.
തനിക്കതിനുള്ള കഴിവില്ലെന്നും പലപ്പോഴും പരിശ്രമിച്ചു തോൽവിയടയുകയാണുണ്ടായതെന്നുമുള്ള വസ്തുത അവൻ മന:പൂർവ്വം മറന്നതായിരുന്നില്ല.
അന്തിക്കു പീടികയിൽനിന്നു സാമാനവും വാങ്ങി തന്നോടുതന്നെ സംസാരിച്ചു പാറ്റിത്തുപ്പിക്കൊണ്ട് വീട്ടിലേക്ക് മടങ്ങിയിരുന്ന ഒരു കാരണവർക്കു ‘ശേഖൂട്ടി’യെ കണ്ടപ്പോൾ ഒരു കൗതുകം തോന്നി. അടുക്കെ ചെന്ന് അൽപ്പനേരം നോക്കി നിന്നതിനു ശേഷം അയാൾ തന്റെ നീണ്ട വടികൊണ്ട് ‘ശേഖൂട്ടി’ യുടെ പട്ട അനക്കിനോക്കി.
തന്റെ അയല്പക്കത്തെ ‘റോസി’യെ താൻ ആദ്യമായി സ്നേഹിക്കുവാൻ തുടങ്ങിയ നാളുകൾ അവൻ ഓർമിക്കുകയായിരുന്നു. അപ്പോഴാണ് കാരണവരുടെ വടികൊണ്ടുള്ള തടവൽ. ‘ശേഖൂട്ടി’ ക്ക് അതേതും പിടിച്ചില്ല. ഇടങ്കോലിട്ട ആ ധിക്കാരി ഏതാണ്? ‘വെള്ളു’വായിരിക്കും. വെള്ളുവിന് റോസിയുടെമേൽ ഒരു കണ്ണുണ്ട്. പക്ഷെ അവനല്ല, അവന്റെ അപ്പൂപ്പൻതന്നെ വന്നാലും ശേഖൂട്ടി വിടില്ല. അവൻ കുരച്ചുചാടി. താൻ നിലത്തുനിന്ന് ഒരിഞ്ചുപോലും പൊന്തിയിട്ടില്ലെന്നും തന്റെ കുര ദയനീയമായഒരു ഞെരക്കം മാത്രമാണെന്നും അവൻ അറിഞ്ഞിരുന്നില്ല---!
ആ നായയുടെ തലയിലെ കുഴപ്പംപിടിച്ച ചിന്തകൾ വൃദ്ധനെങ്ങനെ അറിയാനാണ് ? അയാൾക്ക് അവൻ മുരണ്ടത് തീരെ പിടിച്ചില്ല. ഇരുമ്പുവട്ടുള്ള വടികൊണ്ട് ശേഖൂട്ടിയുടെ നെറ്റിക്കുതന്നെ ഒന്നുവെച്ചു കൊടുത്തു. പോകുമ്പോൾ അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
‘അവലക്ഷണങ്ങള്---! ഉഷ്ണംകൊണ്ട് പ്രാന്ത് കാട്ടി നടക്ക്വാ.’
ശേഖൂട്ടി സ്തംഭിച്ചുപോയി.
വെള്ളുവുമില്ല, റോസിയുമില്ല. രണ്ടുകാലില് നടക്കുന്ന ഒരു മനുഷ്യന് മാത്രം---!‘അയാളാണെങ്കില്നടന്നകലുകയും ചെയ്തു. അല്ല ഇനി അവിടെ നിന്നാല്ത്തന്നെ അവനെന്താണ് ചെയ്യാന് കഴിയുക--’
ശേഖൂട്ടി കരഞ്ഞു; ജീവിതത്തിലാദ്യമായി അവൻ അപ്പോൾ കരഞ്ഞു.
പക്ഷെ, അവന്റെ ഗദ്ഗദം കേൾക്കുവാൻ അവിടെ ആരുമുണ്ടായിരുന്നില്ല. അവന്റെ കണ്ണീർ നക്കിത്തുടയ്ക്കുവാനോ അവനെ ഉശിരു പിടിപ്പിക്കാനോ അവിടെ റോസിയുണ്ടായിരുന്നില്ല. അവന്റെ നെറ്റിയിൽ തലോടി സമാശ്വസിപ്പിക്കാൻ അവന്റെ യജമാനനുമുണ്ടായിരുന്നില്ല.
അവൻ പരാജിതനാണ്. അവന്റെ കഴിവുകളുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. അവനിനി ജിവിച്ചിട്ടു പ്രയോജനമില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവൻ ആപത്തുകളോടു മല്ലിടുകയായിരുന്നു. കഷ്ടപ്പാടുകൾ വർദ്ധിച്ചുവന്നു. എങ്കിലും അവൻ ആശ കൈവെടിഞ്ഞില്ല. ഹൃദയത്തിന്റെ ഭദ്രമായ ഒരു കോണിൽ ആ പരതന്ത്രാവസ്ഥയിലും പളുങ്കുകൊണ്ട് ഒരു കൊട്ടാരം അവൻ നിർമ്മിച്ചു.
ആ കൊട്ടാരം തകർന്നുവീണപ്പോഴാണ് തന്റെ ദൗർബല്യം ശേഖൂട്ടിക്ക് പൂർണമായറിയാൻ കഴിഞ്ഞത്. ആശ അവനെ വിട്ടുമാറി. ഇനിയൊരിക്കലും എഴുന്നേല്ക്കുവാൻ കഴിയുകയില്ലെന്ന ബോധം ശേഖൂട്ടിക്കുണ്ടായി. അവൻ കരഞ്ഞു.
ചുട്ടു നീറിയ ആ കണ്ണീർക്കണങ്ങൾ വീണു പൂഴിപോലും ഉരുകിയിട്ടുണ്ടായിരിക്കണം.
ബാല്യസ്മരണകളുടെ ശീതളച്ഛായയിൽ അവൻ അഭയം തേടി.
തടിച്ചു കൊഴുത്ത് ഓമനത്തം തുളുമ്പുന്ന ഒരു കൊച്ചു കുട്ടിയായിരുന്ന ആ കാലം--! അവനെക്കൂടാതെ അവന്റെ അമ്മയ്ക്ക് വേറെയും കുട്ടികളുണ്ടായിരുന്നു. ഒരു ചെറിയ തെെക്കുണ്ടായിരുന്നു അവരുടെ വാസസ്ഥലം. പക്ഷേ, മുലകുടി മാറുന്നതിനുമുമ്പായി അവന് അവിടെനിന്ന് പോകേണ്ടിവന്നു. അവനനെയെടുപ്പെടുത്തപ്പോൾ അവന്റെ അമ്മ കലശൽ കൂട്ടുകയുണ്ടായി. അവനും കരഞ്ഞു.
തികച്ചും അപരിചിതമായ ആ പുതിയ വീട്ടിൽ അവൻ ജീവിതമാരംഭിച്ചു. ആദ്യം അവനല്പം പരിഭ്രമമുണ്ടായിരുന്നു. ചെറിയൊരു തെെക്കുണ്ടിൽനിന്നു വന്ന അവനെ കടലുപോലത്തെ ആ പറമ്പും ആകാശം തൊടുന്ന വീടും തുറിച്ചു നോക്കി. അവന്റെ പരുങ്ങൽ കണ്ട് അവിടുണ്ടായിരുന്നവരെല്ലാം ചിരിച്ചു. എങ്കിലും അവർ ദയവുള്ളവരായിരുന്നു. അവർ അവനു പാൽ കൊടുത്തു. അതിനൊരു ദുസ്വാദുണ്ടായിരുന്നു.
അവൻ അമ്മയുടെ പാലായിരുന്നില്ല അത്--
!
അവന് അവർ പേരിട്ടു. 'ശേഖൂട്ടി', ആ പേരിൽ അവിടെ അതിനു മുമ്പ് മറ്റൊരു നായയുണ്ടായിരുന്നു.
അവിടെയെത്തി അധികദിവസം കഴിയുന്നതിനു മുമ്പായിത്തന്നെ ധൈര്യം പ്രകടിപ്പിക്കുവാൻ അവനൊരവസരം ലഭിക്കുകയുണ്ടായി. മുറ്റത്ത് തേങ്ങയുരിച്ചിട്ടതിന്റെ അരികിലായി അവൻ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു. മീൻകാരൻ മമ്മത് അറിയാതെ അവന്റെമേൽ കാൽവച്ചു. ഉണങ്ങിയ തേങ്ങയല്ല അതെന്നു പിന്നീടാണു മനസ്സിലായത്-- ചോര വന്നപ്പോൾ!
എല്ലാവരും അവനെ അഭിനന്ദിച്ചു:
‘നല്ല വർക്കത്തുള്ള വിത്ത്.’
പക്ഷേ, ആ അഭിനന്ദനം തുടർന്നനുഭവിക്കാൻ അവനു കഴിഞ്ഞില്ല. വഴി പോകുന്നവരെയും വീട്ടിൽ വരുന്നവരെയും അവൻ ഭയപ്പെടുത്താൻ തുടങ്ങി. അവന്റെ എല്ലിനു മൂപ്പുകുടിയതോടെ അവനെക്കുറിച്ചുള്ള കേസുകളും വർദ്ധിച്ചു. ആകാശത്തിലെ പക്ഷികളെപ്പോലും അവൻ വെറുതെ വിടുന്നില്ല.
നാട്ടുകാർക്കും വീട്ടുകാർക്കും ശേഖൂട്ടി ഒരു പ്രശ്നമായി. അവന്റെ പരാക്രമങ്ങള് അവർക്കൊക്കെ അധികപ്പറ്റായിത്തോന്നി. എല്ലാവരും ദാമുവിന്റെ നേരെയാണു തിരിഞ്ഞത്. ഇറച്ചിയും മീനും കൊടുത്ത് അവനാണ് ആ നായയുടെ സ്വഭാവം വഷളാക്കിയത്.
ദാമുവിൻറെ അച്ഛനും അവനോടു പറഞ്ഞു;
‘അതിനെ എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞു കള, സൊല്ല തീരട്ടെ!’
വാസ്തവത്തിൽ അയാൾക്ക് ആ നായയെ ഇഷ്ടമായിരുന്നു. പക്ഷേ, അവൻ ആരെയെങ്കിലും ചെന്നു കടിച്ചാൽ അയാളല്ലേ സമാധാനം പറയേണ്ടത്?
സ്നേഹവും വിഷാദവും കലർന്ന സ്വരത്തിൽ ദാമു തന്നെ വിളിച്ച് ശാസിച്ചത് ശേഖൂട്ടിക്ക് ഇന്നും നല്ല ഓർമ്മയുണ്ട്. അവനും അപ്പോൾ സങ്കടം തോന്നാതിരുന്നില്ല. വാലാട്ടി, യജമാനന്റെ കാൽമുട്ടുകളിൽ തലയുരുമ്മി അവൻ തന്റെ ഭാവം വെളിപ്പെടുത്തി. അവൻ ബുദ്ധിമാനായിരുന്നു. അനാവശ്യമായി ആരെയും ഉപദ്രവിക്കുക്കുകയില്ലെന്ന് ശേഖൂട്ടി ശപഥം ചെയ്തു.
അതിനു ശേഷം മനുഷ്യരെ കണ്ടാൽ അവൻ മനപൂർവം ഒഴിഞ്ഞു മാറാൻ തുടങ്ങി. അവന്റെ ശ്രദ്ധ മുഴുവൻ തന്നെപ്പോലുള്ള മറ്റു നായ്ക്കളിലായി. അവനെക്കാൾ വയസ്സുമൂപ്പുള്ള സുൽത്താന്മാരെക്കൂടി ശേഖൂട്ടി വിറപ്പിക്കുവാൻ തുടങ്ങി.
കഠിനമായ ഒരു കൊടുങ്കാറ്റുപോലെ ശേഖൂട്ടി അവിടെ അലറിപ്പാഞ്ഞു. അവൻ ദിഗ്ജയത്തിനു പുറപ്പെട്ടതായിരുന്നു. എങ്കിലും ആ തിരക്കിലും രണ്ടു കാലിന്മേൽകണ്ടാൽ ഒഴിഞ്ഞു മാറാൻ അവൻ മറന്നിരുന്നില്ല.
ശേഖൂട്ടി ഒരു കൂട്ടുകാരിയെ തിരഞ്ഞെടുക്കുകയുണ്ടായില്ല. ഒരുവളെ അന്വേഷിച്ച് അങ്ങോട്ടു ചെല്ലുന്നത് ചെയ്യുന്നത് കുറവാണെന്നായിരുന്നു അവന്റെ അഭിപ്രായം. അതിനു പുറമേ അത്തരം കാര്യങ്ങളെക്കുറിച്ചാലോചിക്കുവാൻ അവനു സമയവുമില്ലായിരുന്നു. കന്നിമാസത്തിന്റെ മാദകമായ പ്രേരണാശക്തി ഒരു സ്വപ്നം പോലെ മാത്രമേ ആ കൂറ്റന് അറിഞ്ഞുള്ളൂ.
‘റോസി’ അവനു വെറുമൊരു കൊടിച്ചിപ്പട്ടി മാത്രമായിരുന്നു. അവളുടെ കണ്ണുകളില് പുതിയൊരു ലോകവും, ആ നോട്ടത്തിൽ പുതിയൊരു പൊരുളും അവൻ ദര്ശിച്ചത് അന്നാണ്. എങ്ങുനിന്നോ തെണ്ടിവന്ന ഒരു പാണ്ടൻനായയെ അവൻ തൊടിയിൽനിന്ന് ഇടയിലേക്കു കടിച്ചെറിഞ്ഞ ആ ദിവസം. ഒരു ജേതാവിൻറ തലയെടുപ്പോടുകൂടി അവൻ ചുറ്റും നോക്കിയപ്പോൾ കണ്ടത് വേലിക്കരികിൽ നിന്നു കടാക്ഷിക്കുന്ന റോസിയെയാണ്. അവളുടെ വീണുകിടക്കുന്ന ചെവിയും നനുത്തു കറുത്ത വെൽവെറ്റുപോലുള്ള ദേഹവും ശേഖൂട്ടിക്കു സുന്ദരമായിത്തോന്നി. എങ്കിലും അവളെ ഗൗനിക്കാതെ വീട്ടിലേക്കു മടങ്ങാൻ അവൻ നോക്കി. പക്ഷേ, റോസിയുടെ കണ്ണുകൾക്ക് കാന്തശക്തിയുണ്ടായിരുന്നു. അവൾ അവനെ തടഞ്ഞു നിർത്തി.
ശേഖൂട്ടി വേലി ചാടിമറിഞ്ഞ് അവളുടെ അരികിലെത്തി. അവന്റെ ചോരയ്ക്ക് ചൂടുപിടിച്ചിരുന്നു. അവൻ അവളെ അവിടെയുമിവിടെയും മണപ്പിച്ചു വട്ടം ചുററാൻ തുടങ്ങി. അപ്പോൾ അവൾക്കുണ്ടായ നാണം--!
അവന്റെ മൂളലും ചീറ്റലും അവളെ കൂടുതൽ പരവശയാക്കി.
അഗ്നിസാക്ഷിയായി പ്രതിജ്ഞ ചെയ്യുകയോ, നിയമത്തിന്റെ കടലാസിൽഒപ്പിടുകയോ ഒന്നുമുണ്ടായില്ലെങ്കിലും അവരിരുവരും അന്നു ദമ്പതികളാകുകതന്നെ ചെയ്തു.
ആ നിസ്സഹായാവസ്ഥയിലും ശേഖൂട്ടി അവളെയോർത്ത് ആനന്ദമൂർച്ഛയടയുകയാണ്. റോസി! അവളെ അവൻ എത്രമാത്രം സ്നേഹിച്ചിരുന്നില്ല!
ഒരു നട്ടുച്ച നേരത്ത് റോസിയുടെ വീട്ടിന്റെ വടക്കുപുറത്തുനിന്ന് അവളുമായി ശേഖൂട്ടി സല്ലപിച്ചുകൊണ്ടിരുന്നത് അവിടത്തെ ഗൃഹനാഥൻ കാണുകയുണ്ടായി. അയാൾക്കെന്തോ അതൊന്നും അത്ര പിടിക്കുകയുണ്ടായില്ല. ആ ധീരൻ അടുക്കളയുടെ വാതിൽ തുറന്ന് കീറിയിട്ട വിറകുകൊള്ളികൊണ്ട് ഒരേറുകൊടുത്തു. ശേഖൂട്ടിയുടെ മുതുകത്തു ചെന്നു വീഴുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. പക്ഷേ,റോസിയുടെ കാലിന്മേലാണ് അതു ചെന്നു വീണത്. ആ കാൽ തത്കാലം ഒടിയുകയുംചെയ്തു. റോസി നിലവിളിക്കാൻ തുടങ്ങി. വിഷണ്ണനായ ഗൃഹനാഥൻ പുറത്തിറങ്ങി, മിണ്ടാതെ തന്റെ വീട്ടിലേക്ക് ഓടിപ്പോകുന്ന ശേഖൂട്ടിയെ നോക്കി പല്ലുകടിച്ചു--
‘നിനക്കു ഞാൻ വെചിട്ടുണ്ട്.’ ദേഷ്യം വമിക്കുന്ന ആ നോട്ടത്തിന്റെ അർത്ഥം അതായിരുന്നു.
അന്നു ശേഖൂട്ടി ഒന്നുംതന്നെ കഴിക്കുകയുണ്ടായില്ല. അവന് ഒരിടത്തു ചെന്ന് അനങ്ങാതെ കിടന്നു. പകരം വീട്ടണം. മനുഷ്യജാതിയോടു മുഴുവന്!
‘നായക്കെന്തൊ ഇന്നൊരു ഓർച്ച പിടിച്ചപോലെ?’
അടുക്കളയിൽനിന്നു സ്ത്രീകൾ അങ്ങനെ ചോദിക്കുന്നതു കേട്ട് അവൻ മന്ദഹസിച്ചു. എന്താണു ചെയ്യേണ്ടതെന്ന് അവൻ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. രാവിലെ ദാമു നടക്കാനിറങ്ങിയപ്പോൾ അവനും ഒന്നിച്ചിറങ്ങി.
വയലിലെത്തിയപ്പോൾ അവനാശ്വാസമായി. അവനന്വേഷിച്ചിരുന്ന ആളുണ്ട്, ആ വീതികുറഞ്ഞ വരമ്പിലൂടെ അവർക്കെതിരായി വരുന്നു. അയാളുടെ മനസ്സില് തീപ്പൊരി പറന്നു. തലേദിവസത്തെ പക ശേഖട്ടി മനസ്സിൽ വെച്ചിരിക്കുമോ? ഒരുൾക്കിടിലത്തോടെ അയാൾ ചോദിച്ചു:
‘എടോ നായി കടിക്കൂലല്ലോ?’
ശേഖൂട്ടി മര്യാദക്കാരനായിക്കഴിഞ്ഞുവെന്നുതന്നെയിരുന്നു അയാളുടെ വിശ്വാസം. എങ്കിലും ഉറപ്പിക്കാൻ പറ്റുമോ?
‘ഏയ്, അതൊക്കെ പണ്ടു കഴിഞ്ഞു. ഇപ്പോഴവൻ ആരെയും കടിക്കില്ല. അല്ലേ, ശേഖൂട്ടി?’
അങ്ങനെ ചോദിച്ച്, ദാമു അവന്റെ നേരെ നോക്കി. ഏതാണ്ടൊരാറുവാര മാത്രമേ നടന്നിട്ടുണ്ടാവുകയുള്ളൂ. അപ്പോഴേക്കും പിറകിൽ നിന്നു ഭയങ്കരമായ ഒരു നിലവിളി. മണ്ണെടുത്ത ആ വലിയ തോട്ടിൽ വീണ് ആ സാധുമനുഷ്യനതാ പിടയ്ക്കുന്നു! ദാമു പകച്ചു നിന്നുപോയി. ശേഖൂട്ടിയും അയാളും ഒരു ജീവന്മരണസമരം നടത്തുകയാണ്. ആ പോരിൽ ജീവനുംകൊണ്ട് അയാൾ രക്ഷപ്പെട്ടു. ഇടത്തേ കാൽവണ്ണയിൽ നിന്നു കുറേ ഇറച്ചി നഷ്ടപ്പെട്ടതു പിന്നീടേ അയാൾ മനസ്സിലാക്കുകയുണ്ടായുള്ളൂ.
അണക്കെട്ടു പൊട്ടിയൊഴുകുന്നതുപോലെ ശേഖൂട്ടിയുടെ അക്രമവാസന നാലുവഴിക്കും പ്രവഹിച്ചു. തനിക്കു പിടിക്കാത്തവരെയൊക്കെ അവൻ ഉപദ്രവിച്ചു. ഒരവസരത്തിൽ അവനു ഭ്രാന്തുണ്ടോ എന്നുപോലും ചിലർ സംശയിക്കുകയുണ്ടായി.
‘റോസി’യുടെ കാര്യം യജമാനനോട് അവർ പറഞ്ഞെങ്കിലും ദാമു അതു മനസ്സിലാക്കുകയുണ്ടായില്ല. ഒടുവിൽ നിർബന്ധം സഹിക്കവയ്യാതായപ്പോൾ ശേഖൂട്ടിയെ ചങ്ങലയിലിട്ടു. വീട്ടിലും തൊടിയിലും അവന് ഇഷ്ടമുള്ളേടത്തൊക്കെയും കാറ്റുപോലെ സ്വതന്ത്രനായി സഞ്ചരിച്ചിരുന്ന അവനെ ബന്ധിച്ചപ്പോൾ അവന്റെ യജമാനന്റെ ഹൃദയം പിടച്ചു. പക്ഷേ, അതല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.
തന്റെ വലിയ മീശ അവന്റെ മൂക്കിൻമേൽ തൊട്ട് ഇക്കിളിപ്പെടുത്തുമാറ് അത്ര അടുക്കെ ഇരുന്നുകൊണ്ട് ദാമു വിഷാദം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു:
‘ശേഖൂട്ടീ, നീയിതു മതിയാക്കില്ലേ?’
അവൻ മിണ്ടാതിരുന്നു.
‘നീ എന്നെക്കൊണ്ട് ഇനിയും പറയിപ്പിക്കുമോ?’
അവനെന്താണു പറയേണ്ടത്?
‘ഇത്രനാളും സഹിച്ചു. ഇനി നിവൃത്തിയില്ല.’
അവൻറെ മുഖത്തു നോക്കാതെയാണ് അവന്റെ യജമാനൻ അങ്ങനെ പറഞ്ഞത്.
രാത്രി, ജനസഞ്ചാരമടങ്ങിയാൽ അവനെ അഴിച്ചുവിടും. സ്വാതന്ത്ര്യത്തെക്കാൾ അടിമത്തം കൂടുതലായ ആ ജീവിതത്തിൽ അവൻ പ്രതിഷേധിക്കാതിരുന്നില്ല. ആദ്യത്തെ ദിവസം അവൻ പകൽ മുഴുവൻ ഓളിയിട്ടു. നിലം മുഴുവൻ മാന്തിക്കിളയ്ക്കുകയും കാണുന്നവരുടെ നേരെയൊക്കെ ചാടിക്കയറുകയും ചെയ്തു.
എങ്കിലും അവനു രാത്രി എവിടെയും പോകാമായിരുന്നു.
ദാമു കിടക്കാൻ പോകുമ്പോൾ അവനെ അഴിച്ചുവിടും. അപ്പോൾ അവനുണ്ടാകുന്ന സന്തോഷം. അവിടെയൊക്കെ അല്പം പാഞ്ഞു നടന്നതിനുശേഷം ആ കോലായിലൊരിടത്ത് അവൻ ചെന്നു കിടക്കും.
‘ശേഖൂട്ടി’ യെക്കുറിച്ചുള്ള ആക്ഷേപങ്ങൾ വീണ്ടും വർദ്ധിച്ചുവന്നു. രാത്രി വയൽ കാക്കുവാൻ പോകുന്നവരെയും സിനിമകഴിഞ്ഞു മടങ്ങുന്നവരെയും അവൻ വെറുതെ വിട്ടിരുന്നില്ല. നാട്ടുകാർ അസ്വസ്ഥരായി, എന്തുകൊണ്ടവർക്ക് ആ നായയെ കളഞ്ഞുകൂടാ? അതായിരുന്നു അവരുടെ ചോദ്യം.
വയസ്സുകാലത്ത് ആ നായ നിമിത്തം മററുള്ളവരുടെ വിരോധം സമ്പാദിക്കാനിടവന്നതില് ദാമുവിന്റെ അച്ഛൻ വ്യസനിച്ചു. ആളുകളുമായി രഞ്ജിപ്പിൽ കഴിഞ്ഞുകൂടാന് അഭിലഷിച്ചിരുന്ന ഒരു ശുദ്ധഹൃദയനായിരുന്നു അദ്ദേഹം.
മനസ്സുമടുത്തആ മനുഷ്യൻ ‘ശേഖൂട്ടി’യുടെ കഥ കഴിക്കുവാൻ ഒരു വെടിക്കാരനെ ഏര്പ്പാടു ചെയ്തു. ദാമുവിന് അതു സമ്മതമായിരുന്നില്ല. ‘ശേഖൂട്ടി’യെ കൊണ്ടുവന്നതും വളർത്തിയതുമൊക്കെ അവനായിരുന്നു. കടിച്ചാലും അവനൊരു നല്ല നായയാണ്.
വെടിക്കാരൻ വെറുതെ മടങ്ങി.
അച്ഛനും മകനും തമ്മിലിടഞ്ഞു.
‘നിന്റെ നായ ഇനിയൊരാളെ കടിക്കട്ടെ’
വൃദ്ധൻ ചൊടിച്ചുകൊണ്ടു പറഞ്ഞു. കെട്ടിയിട്ട ദിക്കിൽ നിന്നു ശേഖൂട്ടി അതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.
ആ കലഹത്തിൽനിന്നായിരുന്നു ‘ശേഖൂട്ടി’യുടെ മുഖപ്പട്ടയുടെ ഉത്ഭവം. അടിമത്തത്തിന്റെ ആ ചിഹ്നം പേറുന്നതിലും ഭേദം മരണം തന്നെയായിരുന്നു. അങ്ങനെ അവനും തോന്നിയിട്ടുണ്ട്. ആ ചങ്ങലയും കൊളുത്തും അണിഞ്ഞുകൊണ്ട് അവൻ പുറത്തിറങ്ങുകയുണ്ടായില്ല. അവന്റെ ഹൃദയം നീറുന്ന ഒരു തീച്ചുളയായിരുന്നു. മറെറന്തും സഹിക്കാം. പക്ഷേ, ആ അപമാനം! എന്തുകൊണ്ട് ദാമു
അവനെ കൊന്നില്ല?
എങ്കിലും അവൻ തന്റെ യജമാനനെ സ്നേഹിക്കുകതന്നെ ചെയ്തു. ദാമു ഒഴിച്ച് മറ്റൊരാളായിരുന്നുവെങ്കിൽ അവൻ കാണിച്ചു കൊടുക്കുമായിരുന്നു.
മനുഷ്യന്റെ ആ കയേറ്റത്തിനു താൻ എങ്ങനെയാണ് വഴങ്ങിക്കൊടുത്തതെന്നോർത്തപ്പോൾ ‘ശേഖൂട്ടി’ക്ക് അത്ഭുതം തോന്നി. പട്ടപേറി അവന്റെ കഴുത്തിലും മുഖത്തും വടുകെട്ടിയിരിക്കുകയാണ്. പക്ഷേ, അവൻറ ദേഹത്തിനു പണ്ടത്തെപ്പോലെതന്നെ ശക്തിയുണ്ട്. അവന്റെ മനസ്സ് ഇന്നും ഊർജസ്വലമാണ്.
ആ മുഖപ്പട്ട ഓ-- അത് അവൻ അടിച്ചു പൊളിക്കാൻ പോകയാണ്. ദാമുവോടുള്ള സ്നേഹം നിമിത്തമാണ് അവൻ ഇതുവരെ അടങ്ങിയിരുന്നത്. ദാമു പോയി . ഇനി അവൻ എന്തിനു കാത്തു നില്ക്കണം?ആർക്കു വേണ്ടി ?
അല്ല; അതു സാദ്ധ്യമല്ല.
വ്യാമോഹത്തിൻ പട്ടുനൂലിഴകൾ നിർമ്മിച്ചുകൊണ്ടിരുന്ന ആ നായ താൻ മരണത്തിലേക്ക് അനുനിമിഷം വഴുതിപ്പോവുകയാണെന്ന് ഓർത്തില്ല.
ഏതാനും മിന്നാമിനുങ്ങുകൾ ‘ശേഖൂട്ടി’യുടെ മുമ്പിലൂടെ പറന്നുപോയി. അവന്റെ പ്രകാശം കുറഞ്ഞ കണ്ണുകൾക്ക് അവയുടെ വെളിച്ചം അസഹ്യമായിതോന്നി. അവന് ഒരു ഭൂതോദയമുണ്ടായി. നരകത്തിലെ പിശാചുക്കൾ പന്തവും കൊളുത്തി അവനെ ഉപദ്രവിക്കാൻ വന്നിരിക്കുകയാണ്.
തീജ്ജ്വാലകൾ അവന്റെ നാലുപുറവും ബീഭത്സനത്തം ചെയ്യുന്നു.
ശേഖൂട്ടി കണ്ണടച്ചു കിടന്നു. അസുഖകരമായ ആ കാഴ്ച മറന്നു കളയുവാൻ അവൻ ശ്രമിക്കുകയായിരുന്നു. അതിനു മുമ്പും അത്തരം അനുഭവം അവനുണ്ടായിട്ടുണ്ട്.... അത് ഇതാ വീണ്ടും ആവർത്തിക്കുവാൻ പോകുന്നു. ശേഖൂട്ടിയുടെ ശരീരം വിറങ്ങലിച്ചു. മനുഷ്യനും പിശാചും ഒത്തുചേര്ന്ന് അവനെ ഉപദ്രവിക്കാന് വരികയാണ്.
അവൻ മറക്കുവാൻ ശ്രമിച്ചെങ്കിലും ആ പഴയ ഓർമ്മ അവനെ അലട്ടിക്കൊണ്ടിരുന്നു.
ബിസിനസ്സ് സംബന്ധമായി ദാമു എവിടെയോ പോയ സമയമായിരുന്നു. പോകുമ്പോള് ശേഖൂട്ടിയെ നല്ലപോലെ നോക്കാൻ പറയുന്നതിന് അവൻ മറന്നിരുന്നില്ല. പക്ഷെ അവന്റെ കണ്ണുതെറ്റേണ്ട താമസം ശേഖൂട്ടിയുടെ കഷ്ടകാലവും ആരംഭിച്ചു. കാലത്തിനും നേരത്തിനും ഭക്ഷണം കിട്ടാതായി. ചങ്ങലയിൽനിന്ന് അഴിച്ചിളക്കുന്നത് എപ്പോഴെങ്കിലുമായി. വീട്ടുകാരിൽ വന്ന മാററം ശേഖൂട്ടി നല്ലപോലെ മനസ്സിലാക്കുന്നാണ്ടായിരുന്നു. അതിനാലാണ് ചങ്ങലയിടുവാൻ വന്ന കുട്ടിയെ അന്ന് അവൻ പതുക്കെയൊന്ന് ഉരസിയത്. അതു പിന്നീട് ഒട്ടേറെക്കുഴപ്പങ്ങൾക്കു വഴിവയ്ക്കുമെന്ന് അവൻ ഓർത്തിരുന്നില്ല. തന്റെ പ്രതിഷേധം എങ്ങനെയെങ്കിലും രേഖപ്പെടുത്തണമെന്ന അവന് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.
ചോര വന്നുവോ എന്നൊരു സംശയം. അല്ല, ചോര വരികതന്നെ ചെയ്തു. കുഴപ്പമായി. സ്വന്തം ആൾക്കാരെത്തന്നെ ഒരു നായ കടിക്കുക; അതൊരു ചീത്ത ലക്ഷണമാണ്. ഉഷ്ണകാലവും! നായയ്ക്ക് ഭ്രാന്തുണ്ടോ?
കുട്ടിയെ സൂചിവയ്ക്കുവാൻ ആസ്പത്രിയിലേക്കു കൊണ്ടുപോയി. ശേഖൂട്ടിക്കു ബന്ധനവും വിധിച്ചു. അടിച്ചു കൊല്ലണമെന്നായിരുന്നു ആദ്യത്തെ പ്ലാൻ. പക്ഷേ, ബുദ്ധിയുള്ള ആരോ ചിലർ വിലക്കി. ഭ്രാന്തൻ നായല്ലേ? കൊല്ലാൻ പാടില്ല. നാല്പതു ദിവസത്തേക്കു കെട്ടിയിടുകയാണു വേണ്ടത്. തിന്നാനൊന്നും കൊടുക്കരുത്. ഇനി
കൊടുത്താലും അതു കഴിക്കില്ല. നായയ്ക്ക് ഭ്രാന്താണ്.
ശേഖൂട്ടി അവരുടെയൊക്കെ വെറുപ്പിനും അവഹേളനത്തിനും പാത്രമായി. സ്ത്രീകളും കുട്ടികളും അവനെ അത്ഭുതത്തോടെ നോക്കി. പട്ടയഴിച്ചു നീക്കേണ്ട കാര്യത്തെപ്പറ്റി ആരോ ഓർമ്മിപ്പിച്ചപ്പോൾ ദാമുവിന്റെ അച്ഛൻ പറഞ്ഞു:
'അതവിടെത്തന്നെ കിടന്നോട്ടെ. ചോറു കൊടുക്കുന്നില്ലല്ലൊ.'
കുട്ടികളെയൊന്നും അടുത്തു വിടരുതെന്ന് അമ്മമാർക്ക് ഒരു താക്കീതും നല്കി.
അയൽവീടുകളിൽനിന്ന് ആ ഭ്രാന്തുപിടിച്ച പഴയ നാടുവാഴിയെ കാണുവാൻ ആളുകൾ വന്നു. ശേഖൂട്ടിക്ക് അവരോട് അനുകമ്പയാണു തോന്നിയത്. ഈ മനുഷ്യർ ഇത്ര വിഡ്ഢികളാണോ?
മൂർച്ചയുള്ള മുളക്കണംകൊണ്ട് ആരോ അവനെ കുത്തി മുറിവേല്പിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ അവൻ കണ്ടത് റോസിയുടെ യജമാനനെയാണ്. ശേഖൂട്ടിയുടെ ഹൃദയത്തിൽ വിദ്വേഷം പതച്ചു പൊങ്ങി. അവന്റെ കണ്ണുകൾ തീക്കനൽ പോലെ തിളങ്ങി. പക്ഷേ, ഒരു നിമിഷനേരം ആലോചിച്ചുനിന്നതിനു ശേഷം അവജ്ഞയോടെ ഒരു വശത്തേക്കു മാറുകയാണു ചെയ്തത്. ഒരു നേരിയ ഞരക്കം പോലും അവൻ പുറപ്പെടുവിച്ചില്ല.
അതുകണ്ട് അവിടെ കൂടിയിരുന്നവരൊക്കെ പൊട്ടിച്ചിരിച്ചു ---'ചാവാളി!'
ഏതാനും ദിവസങ്ങൾക്കു മുമ്പുവരെ തന്നെ പേടിച്ചു പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന അവരുടെ അഭിപ്രായപ്രകടനം കേട്ടപ്പോൾ ശേഖൂട്ടിക്ക് അവരോട് അനുകമ്പയാണ് ജനിച്ചത്. അപ്പോഴും അവനു സംശയം ജനിച്ചു. ഈ മനുഷ്യർ ഇത്ര വിഡ്ഢികളാണോ?
ദിവസങ്ങൾ നീങ്ങി. ഒന്ന്, രണ്ട്, മൂന്ന്---കഠിനമായ വിശപ്പും ദാഹവും. നാവു നീട്ടി ക്ഷീണം തീർക്കുവാൻ ആ പട്ട അനുവദിക്കില്ല. അപമാനഭാരമാണെങ്കില് അതിലെല്ലാറ്റിലും കൂടുതൽ ദുസ്സഹം! ഓരോ നിമിഷവും അവൻ അവൻറെ യജമാനനെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അവന്റെ യജമാനനു മാത്രമേ അവനെ മനസ്സിലാക്കുവാൻ കഴിയുകയുള്ളു. പക്ഷേ, ആ യജമാനൻ എത്തിച്ചേരുകയുണ്ടായില്ല.
മൂന്നാമത്തെ ദിവസം രാത്രി അവന് ഉറക്കം വന്നില്ല. കിഴക്കവളപ്പിലെ കാവിൽ തിറയാണ്, അന്തരീക്ഷത്തെ വിറപ്പിക്കുന്ന കൊട്ടും പാട്ടും അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. കതിനയും വാണവും പൂക്കുററിയും ആകാശത്തെ വെളുപ്പിച്ചു. എങ്ങും പന്തങ്ങൾ, എങ്ങും വെളിച്ചം! ശേഖൂട്ടി പരിഭ്രമിച്ചു. പിശാചുക്കൾ അവനെ വിഴുങ്ങാൻ ആഞ്ഞെടുക്കുകയാണ്.
എങ്ങുനോക്കിയാലും തീ മാത്രം. നരകത്തിലെ പിശാചുക്കൾ പൊട്ടിച്ചിരിക്കുന്നു. നാവുകളിൽനിന്നു തീജ്ജ്വാലകൾ ന്യത്തം വയ്ക്കുന്നു.
അവിടെനിന്ന് ഓടി രക്ഷപ്പെട്ടില്ലെങ്കിൽ മരണം നിശ്ചയമാണ്.
തീയിലിട്ട അനുഭവംതന്നെ അവനുണ്ടായി. കെട്ടിയ കുററിക്കു ചുററും ഓടി ഓളിയിട്ടു. പക്ഷേ, ശബ്ദം പുറപ്പെടുകയുണ്ടായില്ല. അടികൊണ്ടിട്ടെന്നപോലെ അവൻ പുളഞ്ഞു.
ശേഖൂട്ടി ശ്വാസമടക്കി ചങ്ങല വലിയുകയായി. ഭയം നിമിത്തമായിരിക്കാം അവന്റെ ഓരാ രോമവും എറിച്ചു നിന്നു. ആ ചുമൽ വീർത്തു. കഴുത്ത് വില്ലുപോലെ വളഞ്ഞു. മുൻകാലുകൾ ശക്തിയോടെ നിലത്തൂന്നി. പിറകോട്ടൊരു കുതറൽ.
അടിമത്തത്തിൻറെ കണ്ണി അറ്റു!
അവൻ ഓടി. എങ്ങോട്ടെന്നില്ലാതെ. കണ്ട വഴിയിലൂടെയൊക്കെ അവൻ ഓടി. അവന്റ കാലുകൾക്ക് പുതുതായൊരു ശക്തി സിദ്ധിച്ചിരുന്നു. പിശാചുക്കൾ അവനെ അപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു. മുള്ളുവേലി ചാടിക്കടന്നപ്പോൾ അവ അവനെ മാന്തി. ഇരമ്പിപ്പായുന്ന തീവണ്ടിയിൽനിന്നു ജ്വലിക്കുന്ന കണ്ണുകളോടു കൂടിയ ഒരു പിശാച് അവന്റെ നേരെ ചാടി. ആ രാത്രി അങ്ങനെ എത്ര ദൂരം അവൻ പിന്നിട്ടിരിക്കണം. ഒടുവിൽ നിരത്തുവക്കത്തുള്ള ആ മാവിൻചുവട്ടിൽ അവൻ തളർന്നു വീണു.
പിശാചുക്കൾ അവനെ ഇനിയും വിട്ടിട്ടില്ല. തിളങ്ങുന്ന അനേകം ചെറിയ കണ്ണുകളോടെ അവ അവനെ തിരയാൻ പുറപ്പെട്ടിരിക്കയാണ്.
തണുപ്പുള്ള ആ രാത്രിയിൽ ചന്ദ്രലേഖ പടിഞ്ഞാറൻമാനത്തിന്റെ താഴ്‌വരയിൽ വിശമം തേടുവാൻ ഭാവിക്കുമ്പോൾ കഠിനമായ ദാഹം നിമിത്തം ശേഖൂട്ടി എരിപൊരിസഞ്ചാരം കൊള്ളുകയായിരുന്നു. ജീവികൾക്കെല്ലാം അനുഭവപ്പെടുന്ന ഭയങ്കരമായ അന്തർദാഹം അവനെയും ബാധിച്ചു.
എത്ര ദിവസമായി അവൻ അന്നവും വെള്ളവും കണ്ടിട്ട്! അവന്റെ വാരിയെല്ലുകള് പൊന്തുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. ശ്വാസത്തിന്റെ ഗതിവേഗം കൂടി. വായിൽനിന്നു നുരയും പതയും ഇരുമ്പുപട്ടയെ നനച്ചുകൊണ്ട് പുറത്തേക്കൊഴുകി.
തോട്ടിലെ ചളിവെള്ളം നിലാവിൽ വെട്ടിത്തിളങ്ങി. ശേഖൂട്ടി ഒരുപക്ഷേ, അതു കണ്ടിരിക്കണം, മുന്നോട്ടിഴയുവാൻ അന്തഃകരണം അവനെ പ്രേരിപ്പിച്ചു. പക്ഷേ, അവൻ കിടന്ന കിടപ്പിൽനിന്ന് അനങ്ങിയില്ല.
പുലര്കാലത്ത് ശീതക്കാറ്റു വീശാൻ തുടങ്ങിയപ്പോൾ അവൻ മയങ്ങിക്കിടക്കുകയായിരുന്നു. റോസിയുമായി സല്ലപിക്കുന്നതും 'വെള്ളു'വെ ഭയപ്പെടുത്തി ഓടിക്കുന്നതും അവൻ സ്വപ്നം കണ്ടു.
കിഴക്കു വെള്ളവീശി. സർവചരാചരങ്ങളെയും തഴുകി താലോലിക്കുവാൻ കർമസാക്ഷി എഴുന്നള്ളുകയായി.
ചിറകുകൾ കുടഞ്ഞൊതുക്കി കഴുകന് തയ്യാറായി നിന്നു. ഒറ്റക്കുതികൊണ്ട് അവന് ആ നായയുടെ അടുക്കൽ എത്താൻ കഴിയും. സ്വതവേ ബീഭത്സമായ ആ മുഖം സന്തോഷം നിമിത്തം കൂടുതൽ വികൃതമായി.
ശേഖൂട്ടി അപ്പോഴും കിനാവു കാണുകയായിരുന്നു.
കൊക്കും നഖവും ആദ്യമായി ശരീരത്തിൽ പതിഞ്ഞപ്പോൾ ദാമു വന്നു വിളിക്കുകയാണെന്ന് അവനു മനസ്സിലായി. സന്തോഷത്തിന്റെ അശ്രുകണങ്ങൾ അവന്റെ കണ്പോളകളെ നനച്ചു. വൈകിയെങ്കിലും അദ്ദേഹം വന്നു ചേർന്നുവല്ലൊ!
വ്യാമോഹത്തിന്റെ ആ നീർക്കുമിളകൾ പൊട്ടാതിരുന്നെങ്കിൽ!