വാടകവീടുകൾ
ഉറൂബ്
അടക്കാൻ വയ്യാത്ത അമർഷത്തോടെയാണ് ഞാൻ പുതിയ പാർപ്പിടത്തിന്റെ കോലായിലേക്കു കയറിയത്. ഇത്ര വേഗത്തിൽ ഒരു വീടുമാറ്റം വേണ്ടിവരുമെന്ന് ഞാൻ ഓർത്തതല്ല. മൂന്നുമാസത്തെ വാടകബാക്കിക്ക് അയാൾ എന്നെ പിടിച്ചു പുറംതള്ളേണ്ട ആവശ്യമൊന്നുമില്ല. ഈ വാടക കിട്ടിയിട്ടുവേണം കഴിഞ്ഞുകൂടാൻ എന്ന സ്ഥിതിയാണ് അയാളുടേതെങ്കിൽ തരക്കേടില്ല. ബാങ്കിൽ നിക്ഷേപിക്കാൻ സംഖ്യ തികയാത്തതാണ് അയാളുടെ കുഴപ്പം. നാല് മാസം അയാളുടെ വീട്ടിൽ താമസിച്ചവനാണ് ഞാൻ എന്നൊരു ഭാവം ആ മനുഷ്യനുണ്ടായില്ല. 'സാർ പെട്ടിയും വിരിപ്പുമെടുത്തു പുറത്തുവയ്ക്കണം. അതൊന്നും ഞാൻ പിടിച്ചു വയ്ക്കുന്നില്ല.സ്ഥലം കാലിയാക്കിത്തന്നാൽ മതി!' അയാൾ പറഞ്ഞ ആ വാക്കുകളിലെ സ്വരം! 'പോടാ പട്ടീ പുറത്ത്' എന്ന് പറഞ്ഞുകൂടായിരുന്നോ?എങ്കിൽ അയാൾക്ക് ദേഷ്യം വന്നു പറയുകയാണെന്ന് സമാധാനിക്കാമായിരുന്നു. പ്രശാന്തമായിട്ടാണ് സംസാരിച്ചത്. ഞാൻ എവിടെ പോകുമെന്നാണ് ആ തന്തക്കഴുത ധരിച്ചത്? വേറെ വീട് പണി ചെയ്യിച്ചു വച്ചിരിക്കുന്നോ? എങ്കിൽ ഇവന്റെ എലിമട പോലത്തെ ആ മുറിയിൽവാടകയും കൊടുത്തു മനുഷ്യർ കഴിച്ചു കൂട്ടുമോ?
എന്നെപ്പോലത്തെ ഒരു വിടുതിക്കാരനെ കിട്ടാൻ അയാൾ കൊതിക്കും. ഇന്നേവരെ ഒരു കുഴപ്പവും ഞാൻ ഉണ്ടാക്കിയിട്ടില്ല. അയല്പക്കക്കാർക്കെല്ലാം എന്നെപ്പറ്റി വളരെ നല്ല അഭിപ്രായമായിരുന്നു. ഒരു സാധു ചെറുപ്പക്കാരൻ!- എന്നേ അവർ എന്നെപ്പറ്റി പറഞ്ഞിട്ടുള്ളു. എനിക്ക് മുമ്പേ അവിടെ താമസിച്ചിരുന്നത് ഒരു ബ്രോക്കറാണ്. അയാൾ ചരിത്രം സൃഷ്ടിച്ചിട്ടാണ് അവിടെ നിന്ന് പോയത്. അയൽവീട്ടുകാരെല്ലാം കൂട്ടായി പ്രതിഷേധ ശബ്ദമുയർത്തി. എല്ലാ തെരുവുതെണ്ടിപ്പെണ്ണുങ്ങളും ഉറങ്ങിയിരുന്നത് അന്ന് ആ മുറിയിലായിരുന്നു. അതിലൊന്നും ഈ തന്തക്കഴുതക്കെതിരുണ്ടായിരുന്നില്ല. കണിശമായി വാടക കിട്ടണം. സമുദായത്തിന്റെ സുസ്ഥിതിയെപ്പറ്റി ചിന്തിക്കേണ്ട ഭാരമില്ല.
ഞാൻ അവിടെ താമസം തുടങ്ങിയതിനുശേഷം ഒരു പെണ്ണിന്റെ ശ്വാസം പോലും ആ മുറിയിൽ ഉയർന്നിട്ടില്ല. കുറച്ചു ദിവസം മുമ്പാണ് കിഴക്കേ മുറിയിൽ താമസിക്കുന്ന കിഴവി എന്നെപ്പറ്റി അടുത്ത വീട്ടുകാരിയോട് ചോദിച്ചത്, "അയാൾ സംസാരിക്കുമോ?" എന്ന്. അത്ര പ്രശാന്തമായ ഒരു ജീവിതമാണ് നയിച്ചത്. വല്ലതും ഇരുന്നു ചിന്തിക്കുന്നു. വല്ലപ്പോഴും വല്ലതുമെഴുതുന്നു. അധികസമയവും കിടന്നുറങ്ങുന്നു. ഒരു തവണ ഒരു കവിത ഉറക്കെ ചൊല്ലിപ്പോയിട്ടുണ്ടെന്നു സമ്മതിക്കാം. മനുഷ്യനല്ലേ! അന്ന് അയല്പക്കത്തെ മദ്ധ്യവയസ്ക പുഞ്ചിരി തൂകി ജാലകത്തിൽ വന്നു ചോദിച്ചു: 'പാടുകയാണോ!'
അന്ന് നിർത്തി. പിന്നെ ശബ്ദമുണ്ടാക്കിയിട്ടില്ല. ഇക്കാലത്തു മര്യാദക്കാരനായിട്ടൊന്നും കാര്യമില്ല. ആ ബ്രോക്കറാണ് മിടുക്കൻ. അയാൾ വാടക കൊടുത്തതിനു ശരിക്കും മുതലെടുത്തു. എല്ലാവരും പ്രതിഷേധിച്ചു. എന്നിട്ട് അയാൾക്ക് എന്താപത്തുപറ്റി? 'നിന്റെ വീടില്ലെങ്കിൽ വേറെ നൂറു വീട്' എന്നും പറഞ്ഞ് അയാൾ കടന്നുപോയി. തന്തക്കഴുതയ്ക്ക് ഒന്നര മാസം മുറി പൂട്ടിയിടേണ്ടി വന്നു. ആ മുറിയെ സംബന്ധിക്കുന്ന ദുർമ്മണം ഒന്നവസാനിച്ചത് ഞാൻ താമസിച്ചതുകൊണ്ടാണ്. അതോർത്തുവോ ആ തന്തകഴുത്ത. പെട്ടിയും ബെഡ്‌ഡിങ്ങും പിടിച്ചു വയ്ക്കുന്നില്ലപോലും! പിടിച്ചുവയ്ക്കട്ടെ. തന്തയുടെ കഷണ്ടിമണ്ട ഞാൻ തകർക്കുമായിരുന്നു! അയാളുടെ ആ തടിമാടൻ മകനും മൂന്നു പെൺമക്കളും കൂടി ഒരു വൃന്ദരോദനം നടത്തേണ്ടിവരുമായിരുന്നു.
തന്തയേക്കാൾ അസത്താണ് മകൻ. ആ മസൂരിക്കലയുള്ള മുഖം ഒരു ദുശ്ശകുനമാണ്. വെറുതെയല്ല അയാളുടെ ഭാര്യഒഴിഞ്ഞുപോയത്. മനുഷ്യജീവിക്ക് ആ തടിമാടനെ പൊറുപ്പിക്കാനൊക്കുമോ? തന്ത സംസാരിക്കുമ്പോൾ മകൻ പിന്നിലങ്ങനെ നിന്നു. വൃത്തികെട്ട മുഖം! ഇതേവരെ ഒരുപെണ്ണേ അവനെ ഉപേക്ഷിച്ചുള്ളുവെന്നതാണ്അത്ഭുതം.ഒരു നൂറു പെണ്ണുങ്ങൾക്ക്ഉപേക്ഷിക്കാനുള്ള നിസ്തേജത്വമുണ്ട് അവന്റെ മുഖത്ത്. 'ശങ്കരാ!...' എന്ന തന്തയുടെ വിളിക്ക്'അച്ഛോ!...' എന്നൊരുവിളികേൾക്കലുണ്ട്. ഗർദ്ദഭസ്വരം! കുറേക്കാലമെങ്കിലും ഒരു സ്ത്രീ അയാളെ പൊറുപ്പിച്ചല്ലോ. അതാണ് എനിക്കിപ്പോഴും അത്ഭുതമായി തോന്നുന്നത്. തന്തയുടെ പിശുക്കും മകന്റെ മന്തത്തവുംപൊറുത്തു ജീവിച്ച ആ സ്ത്രീ ഒരു ശീലാവതി തന്നെയായിരിക്കണം. എനിക്കവരെ കാണുവാൻ സാധിച്ചിട്ടില്ല. ഞാൻ പാർപ്പു തുടങ്ങുന്നതിന് ഒന്നരമാസം മുമ്പേ അവർ പോയിക്കഴിഞ്ഞിരുന്നു. അത്രപെട്ടെന്ന് പോകുമെന്ന് തന്തയും മകനുംഓർത്തില്ല. അവളുടെ അച്ഛനും വാടകയ്ക്ക് കൊടുക്കാൻ വീടും ബാങ്കിൽ പണവുമുണ്ട്. പിന്നെ ഈപിശുക്കൻമാരെ ബഹുമാനിക്കുമോ? ഇപ്പോഴും അവളെ തിരിച്ചു കിട്ടാൻമോഹമുണ്ട്. ശ്രമമുണ്ട്. നിഷ്ഫലം.എങ്ങനെ കിട്ടാൻ?
തീർച്ചയായും അവളൊരുസുശീലയായിരിക്കണം.'നിങ്ങളുടെ കൂടെ പൊറുക്കാൻ ചേരയ്ക്കേ കഴിയൂ' എന്ന് പറഞ്ഞിട്ടാണത്രെ അവൾ പോയത്. ചേരയ്ക്കും കഴിയില്ല എന്നതാണ്പരമാർത്ഥം. തന്തഎൻ്റെ പെട്ടിയെടുത്ത് പുറത്തുവയ്ക്കാൻ പറഞ്ഞപ്പോഴേക്കും മകൻ ബെഡ്‌ഡിങ് എടുത്തു പുറത്തുവെച്ചുകഴിഞ്ഞു. ഒഴിയാൻ മനസ്സില്ലെടാ എന്ന് പറയാൻ തോന്നായ്കയല്ല. പക്ഷെ അയൽപക്കക്കാർ എന്നെപ്പറ്റി എന്ത് ധരിക്കും?വാടകയും കൊടുക്കാതെ ലഹളയ്ക്ക് നിൽക്കുകയാണെന്നാണ് അവർമനസ്സിലാക്കുക. ആ തന്തയെയും മകനെയുംപോലെ എനിക്ക്മാന്യത വിടാൻ നിവൃത്തിയില്ലല്ലോ. കാര്യം വേഗം അവസാനിപ്പിക്കണം. ഒച്ചപ്പാടുണ്ടാക്കരുത്. ഞാൻ അയാൾപറഞ്ഞ വിധം മൂന്ന് മാസത്തെ വാടകബാക്കിക്ക് പ്രോനോട്ടൊപ്പിട്ടു കൊടുത്തത് അയാളുടെയും മകന്റെയും സാമർത്ഥ്യം കൊണ്ടാണ് എന്ന് തന്തക്കഴുത ധരിച്ചിട്ടുണ്ടാകും. റൊക്കം വാങ്ങിയ വക എന്ന് പ്രോനോട്ടിൽ എഴുതിയത് ഞാൻ വായിച്ച് മനസിലാക്കാതെ ഒപ്പിട്ടുവെന്നതാണ് അവന്റെധാരണ. ധരിക്കട്ടെ. അയല്പക്കക്കാരുണ്ടായിരുന്നില്ലെങ്കിൽ അവന്റെ ധാരണ ശരിപ്പെടുത്തിക്കൊടുക്കാമായിരുന്നു. പോട്ടെ എല്ലാം അവസാനിച്ചല്ലോ.
എന്നാലും എനിക്കമർഷം തീരുന്നില്ല. ഈ മുറി അന്വേഷിച്ചു തരാൻ ഒരു സ്നേഹിതൻ ഒരുമ്പെട്ടില്ലായിരുന്നെങ്കിൽ എൻ്റെ സ്ഥിതി എന്താകുമായിരുന്നു? ഈ ചാറ്റൽ മഴയത്ത് പീടികക്കോലായിൽ കിടക്കുക സാദ്ധ്യമാണോ? അതിനെപ്പറ്റി ആ തന്തക്കഴുത ആലോചിച്ചോ? കാട്ടുപോത്തുപോലെയുള്ള ആ ശങ്കരൻ ആലോചിച്ചോ? സമുദായത്തിന്റെ സുസ്ഥിതിയെപ്പറ്റി ആലോചിക്കേണ്ട ഭാരം ആ ക്ഷുദ്രജീവികൾക്കുണ്ടോ?
പുതിയ എടുപ്പിന്റെ കോലായിലേക്ക് കയറിയപ്പോഴും എന്റെ ഹൃദയം വികാരം ഉതിർത്തുകൊണ്ടിരുന്നു. ഞാൻ എന്റെ മനസ്സിലേക്കു തന്നെയാണ് നോക്കിയിരുന്നത്. അതുകൊണ്ട് ഒരാൾ മുമ്പിൽ നിൽക്കുന്നതു പെട്ടെന്നാണു കണ്ടത്. ഒരു സ്ത്രീ! ഞാൻ ഒന്നു നോക്കി മുമ്പോട്ടടിവെച്ചു.
‘ഏഴാം നമ്പ്ര് മുറിയിലേക്കു വന്നത് നിങ്ങളാണോ?’ അവർ പെട്ടെന്നാണു ചോദിച്ചത്. വിനീതമായ സ്വരം.
‘അതെ എന്തുവേണം?’
‘താക്കോൽ വേണ്ടേ?’ കൂടുതൽ വിനീതമായ സ്വരം.
‘ഉടമസ്ഥൻ എവിടെയാണെന്നു പറഞ്ഞുതരാമോ?’
‘താക്കോലിതാ. സൂക്ഷിക്കണം, ഡ്യൂപ്ളിക്കേറ്റില്ല’ എന്നായിരുന്നു ഉത്തരം.
‘നിങ്ങളാണോ ഉടമസ്ഥ?’
‘അതെ’
‘ക്ഷമിക്കണം എനിക്ക് ആളെ അറിഞ്ഞുകൂടായിരുന്നു.’
‘അതെനിക്കറിയാം.’
‘എന്നാൽ ഞാൻ മുകളിലേക്കു ചെല്ലട്ടെ.’ ഞാൻ അവരോട് തൽക്കാലം വിട വാങ്ങുകയായിരുന്നു. പെട്ടെന്നു ആ സ്ത്രീ കടന്നു പറഞ്ഞു: ‘അല്ലെങ്കിൽ, ഞാൻ നിങ്ങൾക്കു മുറി കാട്ടിത്തരാം. അത് അടിച്ചുവാരിയിയിട്ടുണ്ടോ എന്നു അറിഞ്ഞുകൂടല്ലോ.’
‘അതെല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം.’ ഞാനും വളരെ വിനീതമായാണ് സംസാരിച്ചത്.
‘നിങ്ങളുടെ കയ്യിൽ ചൂലില്ലല്ലോ.’
ഉണ്ടെന്നു പറയണമെന്നായിരുന്നു മോഹം. പക്ഷേ, ഉണ്ടായിരുന്നില്ല. ഞാൻ നിശ്ശബ്ദനായി നിന്നതേയുള്ളൂ, അപ്പോഴേക്കും പെട്ടിയും ബെഡ്‌ഡിങ്ങുമായി മുകളിലേക്കു പോയിരുന്ന കൂലിക്കാരൻ മടങ്ങിവന്നു പറഞ്ഞു: 'സാർ മുറി തുറന്നിട്ടില്ല. '
'ഞാൻ തുറന്നുതരാം.' അതു പറഞ്ഞത് ആ സ്ത്രീയാണ്. എന്നിട്ട് അവർ ധൃതിയിൽ ഞങ്ങളുടെ മുമ്പിൽ കോണിയിലേക്കു കാലെടുത്തുവച്ചു. ഞാനും കൂലിക്കാരനും പിന്നാലെയും. അവർ ധൃതിയിൽ കോണി കയറുമ്പോൾ അവരുടെ പിമ്പിൽ ചുരുണ്ടു നീണ്ടു കിടന്നിരുന്ന തലമുടി ഇരുട്ടിന്റെ ഓളങ്ങൾ സൃഷ്ടിച്ചു. കുറച്ചു മുമ്പാണ് ആ സ്ത്രീ കുളിച്ചതെന്നു തോന്നുന്നു. ഈറൻ മാഞ്ഞിട്ടില്ലാത്ത തലമുടി. എണ്ണയും വാസനസോപ്പും ചേർന്നുണ്ടാക്കുന്ന മാദകമായ ഒരു ഗന്ധവും ആ മുടിയിൽനിന്നു പുറപ്പെട്ടിരുന്നു. ആ മണത്തെ പിന്തുടരുന്നത് സുഖിതമായ ഒരു കയറ്റമായിരുന്നു.
ഏഴാം നംമ്പ്ര് മുറിയുടെ മുമ്പിൽ നിന്നിട്ട് അവർ പറഞ്ഞു: 'ആ താക്കോൽ ഇങ്ങോട്ടു തരൂ. '
ഞാൻ അതു കൊടുത്തു. അവർ മുറി തുറന്ന് അതിനുള്ളിലേക്കു കണ്ണോടിക്കുമ്പോൾ ഞാൻ ആ സ്ത്രീയുടെ ദേഹത്തിലാകെ കണ്ണോടിക്കുകയായിരുന്നു. ഇരുപത്തിമൂന്നോ ഇരുപത്തിനാലോവയസ്സു കാണും. ചെമ്പകപ്പൂവിന്റെ വർണ്ണമാണ്. വെളുത്ത കല്ലുവച്ച കമ്മൽ, തലതിരിക്കുമ്പോഴെല്ലാം, കാതിന്നടുക്കെ ഒരുതരംഇടിമിന്നലുണ്ടാക്കിയിരുന്നു.
'ഇതൊന്ന് അടിച്ചു വെടിപ്പാക്കാം. പെട്ടി വെളിയിലിരിക്കട്ടെ. ഇയാളെ പറഞ്ഞയച്ചുകൊള്ളൂ' എന്നു പറഞ്ഞിട്ട് അവർ പെട്ടെന്നു താഴത്തേക്കു പോയി. ഞാൻ കൂലിക്കാരനെ പിരിച്ചയച്ചിട്ടു മുറിയും പരിസരവും ഒന്നു നോക്കി. രണ്ടു വലിയ ജാലകങ്ങളുണ്ട്. അതുകൊണ്ട് ധാരാളം വെളിച്ചം കിട്ടും. ശുദ്ധവായു ശ്വസിക്കാം. ഈ മുറി മനുഷ്യവാസത്തിനു കൊള്ളാം. ആ തന്തക്കഴുതയുടെ എലിമാളം പോലെയല്ല. ഉടമസ്ഥയും സ്വല്‌പം മര്യാദയുള്ള കൂട്ടത്തിലാണെന്നു തോന്നുന്നു. അല്ലെങ്കിൽ അടിച്ചുവാരാനും മറ്റും അവർ ബുദ്ധിമുട്ടേണ്ടതുണ്ടോ? ഈ വരാന്തയും കൊള്ളാം. അങ്ങേപ്പുറത്തേക്കു നോക്കിയിരിക്കാം. പച്ചപിടിച്ച ഒരു പ്രദേശത്തേക്കു നോക്കാം.
'നില്ക്കുകയാണോ? ' അവർ ചൂലുമായി കയറിവന്നു ചോദിച്ചു: 'ഇപ്പോൾ ശരിപ്പെടുത്താം.' അവർ മുറിയിൽ കടന്നു അടിച്ചുവാരി വെള്ളം തളിച്ചു തുടച്ചു. പെട്ടികളും ബഡ്‌ഡിങ്ങും പിടിച്ചകത്തേക്കു വയ്ക്കാൻ എന്നെ സഹായിച്ചു. അപ്പോഴാണ് ഞാൻ ശരിക്കും അവരുടെ മുഖം കണ്ടത്. ആ കണ്ണുകൾ മനോജ്ഞങ്ങളാണെന്നല്ല പറയേണ്ടത്. തീക്ഷ്‌ണങ്ങളായിരുന്നു. കുത്തിത്തറയ്ക്കുന്ന ചോദ്യാവലികൾ ഉയിർക്കൊള്ളുന്ന കണ്ണുകൾ. കുത്തിത്തറയ്ക്കട്ടെ. ഞാനതു ശ്രദ്ധിച്ചില്ല.
'ഇതേവരെ നിങ്ങൾ മിസ്റ്റർ ശങ്കരന്റെ വീട്ടിലായിരുന്നു. അല്ലേ? ' അവർ ചോദിച്ചു.
'അതെ. '
'എങ്ങനെ കഴിച്ചുകൂട്ടി അവിടെ? '
'കഴിച്ചുകൂട്ടി, അത്ര തന്നെ. ഒരു എലിമടയായിരുന്നു. '
'ആ തന്തപെരുച്ചാഴിയെ പൊറുപ്പിക്കുകയും വേണമല്ലോ. '
'നിങ്ങൾക്കവരെ അറിയാം? '
'അസ്സലായിട്ട്' എന്നിട്ടവരൊന്നു കുലുങ്ങിച്ചിരിച്ചു: ' ആരാണ് വലിയ ചെകുത്താൻ? തന്തയോ മകനോ? '
'ചെകുത്താനും പിശാചും. '
അവർ ഒരിക്കൽകൂടി കുലുങ്ങിച്ചിരിച്ചു: 'അതെ മകനൊരു പിശാചു തന്നെയാണ്. '
ഞാനും ചിരിച്ചു. എനിക്കവരുടെ വാക്കുകൾ ഇഷ്ടമായി. എന്നെപ്പോലെ ചിന്തിക്കുന്ന വേറെയും ആളുകളുണ്ടല്ലോ.
'അയാൾ നിങ്ങളെ പെട്ടെന്നു പിടിച്ചു പുറത്താക്കാൻ ഒരുങ്ങി, അല്ലേ?'
ഇക്കാര്യം അവർക്ക് അറിയുമെന്നു ഞാൻ വിചാരിച്ചതല്ല. അത് സ്വല്‌പം അസുഖകരമായിത്തോന്നി. എന്റെ സ്നേഹിതൻ ഇത്രയും കാര്യം അവരോടു പറയേണ്ടായിരുന്നു.
'തന്റെ വീടില്ലെങ്കിൽ മനുഷ്യരൊക്കെ നിരത്തിൽ കിടക്കുമെന്നാണോ ആ പിശാച് ധരിച്ചിട്ടുള്ളത്? ' അവർതന്നെയാണു പറഞ്ഞത്.
'അങ്ങനെയാണ് അയാളുടെ ധാരണ. ' ഞാനും സമ്മതിച്ചു.
'അയാൾ മനുഷ്യനാണോ? '
'അല്ല. '
'എനിക്ക് അയാളെ കാണുന്നതേ അറപ്പാണ്. '
'അറപ്പു തോന്നും! ' ഞാനും സന്തോഷത്തോടെ പറഞ്ഞിട്ട് അവരുടെ മുഖത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകൾ ആഹ്ലാദംകൊണ്ടു തിളങ്ങിയിരുന്നു. 'നിങ്ങളുടെ പേര്? '
'പങ്കജം. '
'അച്ഛൻ?'
'ഉണ്ട്. പുറമെ പോയിരിക്കുകയാണ്. ഞങ്ങൾ തൊട്ടടുത്ത കെട്ടിടത്തിലാണു താമസം. നിങ്ങൾക്കു കൂടുതൽ സൗകര്യങ്ങളെന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി. '
'ഓ.'
പങ്കജം താഴത്തേക്കിറങ്ങിപ്പോയിട്ടും കുറച്ചുനേരത്തിന് അവരെപ്പറ്റി ചിന്തിക്കാതിരിക്കാൻ സാധിച്ചില്ല. ഞാൻ വരാന്തയിലെ അഴികളും പിടിച്ചങ്ങനെ നിന്നു. പ്രസന്നതയും പ്രസരിപ്പുമുള്ള സ്ത്രീ. അവർക്കു നല്ല കാര്യ പ്രാപ്തിയുമുണ്ട്. ഒട്ടും കുഴഞ്ഞാട്ടമില്ലതാനും. സ്ത്രീകളായാൽ ഇങ്ങനെയായിരിക്കണം.
'തക്കാളി വേണോ? ' താഴെനിന്ന് ഒരു പച്ചക്കറിക്കാരൻ വിളിച്ചു ചോദിക്കുന്നതു കേട്ടിട്ടാണ് ഞാൻ ആലോചനയിൽനിന്നുണർന്നത്. മറുപടി പറയാതെ ഞാൻ മുറിയിലേക്കു പോയി. ഒന്നു കുളിക്കണം.
കുളിയും ഉടുപ്പുമാറ്റലും കഴിഞ്ഞ് ഞാൻ പുറത്തേക്കു പോകുമ്പോഴും പങ്കജം താഴത്തെ വരാന്തയിൽ ഉലാത്തുന്നുണ്ടായിരുന്നു.
'ഊണു കഴിക്കാനായിരിക്കും? ' അവർ അന്വേഷിച്ചു.
'അതെ. '
ഞാൻ ഇറങ്ങി നടന്നു. പിറ്റേന്നു കാലത്തും പങ്കജം എന്റെ മുറിയുടെ വാതില്ക്കൽ വന്നു. അയൽപക്കത്തെ മുറികളുടെ വാതില്ക്കലെല്ലാം ചെന്നു കുശലമന്വേഷിച്ചിട്ടാണ് അവൾ വരുന്നത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നത് ഒരു മരക്കമ്പനി ഗുമസ്തനാണ്. ഒരു മിണ്ടാപ്പൂതം. ബകധ്യാനമാണ് എപ്പോഴും. അതിന്റെ അങ്ങേ മുറിയിൽ താമസിക്കുന്നത് കൊമ്പൻമീശക്കാരനായ ഒരു തടിയനാണ് (അയാൾ ഒരു ഹെഡ്മിസ്ട്രസിന്റെ ഭർത്താവാണെന്നും ഭാര്യയുമായി പിണങ്ങിവന്നു താമസിക്കുകയാണെന്നും പിന്നീടു ഞാൻ മനസ്സിലാക്കി). മിണ്ടിയാൽ കരയുമെന്ന് തോന്നും ആ മുഖം കണ്ടാൽ. മറ്റേ വശത്തുള്ള മുറിയിൽ താമസിക്കുന്നത് ഖദർകുപ്പായവും ചപ്രത്തലമുടിയും അവലക്ഷണം പിടിച്ച മുഖക്കലയുമുള്ള ഒരു മനുഷ്യനാണ്. അയാളുടെ മുറിയുടെ മുമ്പിൽ നിന്നുള്ള സംഭാഷണം കേട്ടാണ് ഞാൻ നോക്കിയത്.
അയാൾ മന്ത്രിമാരെയും രാഷ്ട്രീയനേതാക്കന്മാരെയും ഇടതടവില്ലാതെ ശകാരിക്കുകയാണ്. പങ്കജം മന്ദസ്മിതപൂർവം തലയാട്ടിക്കൊണ്ടു കടന്നു വാതിലും ചാരി നിന്നു. 'അസൗകര്യമൊന്നും ഇല്ലല്ലോ? '
'ഇല്ല. '
'ഒരു എഴുത്തുകാരനെക്കൂടി ഇവിടെ കിട്ടിയതിൽ എനിക്കു വളരെ സന്തോഷമുണ്ട്. '
ഞാൻ ഒരു എഴുത്തുകാരനാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നോ? ഇതേവരെ എന്റെ ധാരണ അവർക്ക് എന്നെപ്പറ്റി ഒരു മതിപ്പുണ്ട് എന്നായിരുന്നു. ഞാൻ അർദ്ധവിഡ്ഢിത്തത്തോടുകൂടിയ ഒരു ചിരി പാറ്റിയിട്ടു ചോദിച്ചു: ' ആ മുറിയിൽ താമസിക്കുന്നത്? ' മന്ത്രിമാരെ ചീത്ത പറഞ്ഞിരുന്ന ആളെയാണ് ഞാൻ ഉദ്ദേശിച്ചത്. അവർ പതിഞ്ഞ സ്വരത്തിൽ അയാളുടെ കഥ പറഞ്ഞു: 'പാവം വെറിപിടിച്ചുപോയി! '
'ഭ്രാന്താണോ? '
'എന്നു പറയാൻ വയ്യ. '
ദേശീയപ്രസ്ഥാനകാലത്ത് നാലുതവണ ജയിലിൽ പോകുകയും പല തവണ തല്ലുകൊള്ളുകയും ചെയ്‌ത മനുഷ്യനാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ രക്ഷിക്കാൻവേണ്ടി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ഒഴിഞ്ഞു. ഒരു മകനേയുള്ളു. അയാൾ ബോംബെയിലാണ്. പണമയച്ചു കൊടുക്കും. അതുകൊണ്ടു കഴിഞ്ഞുകൂടുന്നു. ഉദയാസ്തമനം മുഴുവൻ ലോകത്തെ ശകാരിച്ചുകൊണ്ടിരിക്കും.
'സേർ, നിരാശ മനുഷ്യരെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കും? " അവർ ചോദിച്ചു.
'പലതും'
ഞാൻ പങ്കജത്തോട് ഇരിക്കാൻ പറഞ്ഞു. അവർ ഇരുന്നില്ല, പോയതുമില്ല. നിന്നുകൊണ്ടുതന്നെ സംഭാഷണമാരംഭിച്ചു. ആ സംഭാഷണം വളരെ വേഗത്തിൽ ശങ്കരന്റെ അടുത്തേക്കെത്തി. ആ മന്തനെപ്പറ്റി സമഗ്രമായ ഒരു വർണ്ണന തന്നെ. അയാളുടെ ഓരോ പ്രവർത്തനത്തിലും നിഴലിക്കുന്ന ക്രൂരതയെപ്പറ്റി അവർ എണ്ണിയെണ്ണി പറയുകയായിരുന്നു. ഞാൻ പെട്ടെന്ന് കടന്നുചോദിച്ചു. 'നിങ്ങൾക്ക് അയാളെ നല്ലവണ്ണം അറിയാമെന്നു തോന്നുന്നല്ലോ. '
'അതാണ് എനിക്കു പറ്റിയ അബദ്ധം.'
'എന്നുവച്ചാൽ? ' ആ ചോദ്യം ചോദിക്കരുതായിരുന്നുവെന്ന് തോന്നി. പക്ഷേ ചോദിച്ചുപോയി.
'ഒമ്പതു മാസം ആ പിശാചിന്റെ കൂടെ ജീവിച്ചുവെന്നതാണ് എന്റെ ജീവിതത്തിൽ പറ്റിയ വലിയ അബദ്ധം. '
'അപ്പോൾ.....?' ഞാൻ എഴുന്നേറ്റുനിന്നുപോയി.
'അതെ. നിങ്ങൾ ഊഹിച്ചതു ശരിയാണ്. ഞാൻ അയാളുടെ ഭാര്യയായിരുന്നു. '
എനിക്ക് ഒന്നും സംസാരിക്കാൻ വയ്യായിരുന്നു. എന്റെ അവശത കണ്ടറിഞ്ഞിട്ടോ എന്തോ പങ്കജം സംഭാഷണം തുടർന്നു: ' ഒരു മനുഷ്യജീവിക്ക് അയാളുടെകൂടെ കഴിച്ചുകൂട്ടുവാൻ സാധിക്കുമോ? '
ഇല്ലെന്ന് അപ്പോൾ ഞാൻ പറഞ്ഞില്ല.
അവർ ചറുപിറുന്നനെ സംസാരിച്ചു. ഞാൻ ശ്രോതാവു മാത്രമായിരുന്നു.
'എത്ര തവണ അപമാനകരമായ വിധത്തിൽ അയാൾ പെരുമാറിയെന്നറിയാമോ? ഞാൻ ഒക്കെ പൊറുത്തു. നാട്ടുകാരെന്തു പറയും? വീട്ടുകാരെന്തു ധരിക്കും? പക്ഷേ, മനുഷ്യന്റെ ക്ഷമയ്ക്ക് ഒരതിരില്ലേ? '
'ഉണ്ട്...'
'അതയാൾക്ക് അറിഞ്ഞുകൂടാ. '
'എനിക്കു സഹതാപം തോന്നുന്നു. പങ്കജം. ' ഞാൻ പറഞ്ഞു.
'തോന്നും. ഹൃദ്യയുമുള്ളവർക്കൊക്കെ തോന്നും. നിങ്ങളൊരു സാഹിത്യകാരനാണല്ലോ. നിങ്ങൾക്കു മനുഷ്യമനസ്സിന്റെ ഗതിയെപ്പറ്റി അറിയാം. '
ഞാൻ അപ്പോഴും ആ അർദ്ധവിഡ്ഢിച്ചിരിയൊന്നു പാറ്റി വിനയം നടിച്ചിരുന്നു.
'ഞാൻ നിങ്ങളെ ജോലിയെടുക്കാൻ സമ്മതിക്കാതിരിക്കുകയാണ്. ' എന്നു പറഞ്ഞ് അവർ ഇറങ്ങിപ്പോയി.
പിന്നീട് എല്ലാ ദിവസവും അവർ കാലത്ത് എന്റെ മുറിയിൽ വന്ന് ലോകത്തിലെ പല കാര്യങ്ങളെപ്പറ്റിയും ചുരുക്കി പറഞ്ഞതിനുശേഷം ശങ്കരനെ വിസ്തരിച്ചു ശകാരിക്കും.
പതുക്കെ ഖദർക്കുപ്പായക്കാരനും ഞങ്ങളുടെ സമീപത്തേക്കു വരുവാൻ തുടങ്ങി. ' ഈ കാലത്ത് ഇതും ഇതിലപ്പുറവും നടക്കും. മനുഷ്യർക്കു നെറിയുണ്ടോ? ' എന്നാണ് അയാൾ ചോദിക്കുന്നത്.
'നേതാക്കന്മാർക്ക് അനുയായികളെ വിശ്വാസമില്ലാത്ത കാലമാണ്, സേർ, അവർ വലുതായാൽ തങ്ങളുടെ നേതൃത്വം പോയെങ്കിലോ എന്നാണ് അവരുടെ പേടി. പുരയ്ക്കു തൂണെന്നതുപോലെ അനുയായികൾ നിന്നു കൊടുക്കണം. നടക്കുമോ സേർ, നടക്കുമോ? '
നടക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞില്ല.
'സ്വന്തം ഭാര്യയെ ഭർത്താക്കന്മാർക്കു വിശ്വാസമില്ല-'
പങ്കജം ഇടയിൽ കയറി പറഞ്ഞു.
'ഭാര്യമാർക്ക് ഭർത്താക്കന്മാരേയും'- ആ ശബ്ദം പെട്ടെന്നാണു പുറപ്പെട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ ഹെഡ്മിസ്ട്രസ്സിന്റെ ഭർത്താവ്, വാതിൽപ്പാളി പിടിച്ചു നിൽക്കുന്നതാണു കണ്ടത്. അയാളുടെ കൺപീലികളിൽ നിന്ന് ഒന്നുരണ്ടു തുള്ളി കണ്ണുനീർ തടിച്ച മീശയിലേക്ക് ഇറ്റുവീഴുകയും ചെയ്തു. അത് അന്തരീക്ഷം മൂകമാക്കി. ശോകസങ്കുലവുമാക്കി. പിന്നീട് ആരും ഒന്നും സംസാരിച്ചില്ല.പതുക്കെപ്പതുക്കെ ആ സമ്മേളനം പിരിഞ്ഞുപോയി. പങ്കജം പെട്ടെന്ന് കീഴ്പോട്ടിറങ്ങി. 'മനസ്സാക്ഷിയില്ലാത്ത ജന്തുക്കൾ!' എന്നുപറഞ്ഞുകൊണ്ട്ഖദർക്കുപ്പായക്കാരൻ സ്വന്തം മുറിയിലേക്കു നീങ്ങി. മഹാരാജാവിന്റെ പിമ്പിൽ നിലയങ്കിയെന്നതു പോലെ, ശകാരം അയാളുടെ പിമ്പിൽ കിടന്നിഴയുണ്ടായിരുന്നു. മിസ്ട്രസ്സിന്റെ ഭർത്താവ് മറഞ്ഞു. ലോകം എത്ര ശോകസങ്കുലമാണ്! ഒരു ഭാവഗീതമെഴുതാനുള്ള എല്ലാ പ്രചോദനങ്ങളും അപ്പോഴുണ്ടായിരുന്നു. പക്ഷേ, ഉറക്കം വരുന്നു. ഞാൻ വിരിപ്പിൽ ചെന്നു കിടന്നു.
പിറ്റേന്നുസായാഹ്നത്തിൽ ഞാൻ വരാന്തയിൽ ഇരിക്കുകയാണ്. ഏകാന്ത ശാന്തം. ഹെഡ്മിസ്ട്രസ്സിന്റെ ഭർത്താവ് വെളിയിലാണ്. സ്കൂൾ വിടേണ്ട സന്ദർഭത്തിൽ കൃത്യമായി അയാൾ സ്കൂൾപടിക്കലുള്ള വലിയ കാഞ്ഞിരമരം മറഞ്ഞുനിന്നു ഭാര്യ പോകുന്നതു നോക്കിക്കാണുക പതിവാണ്. അവർ കൺവെട്ടത്തുനിന്നു മറഞ്ഞാലും കൊമ്പൻമീശയിൽ വീണ കണ്ണീർക്കണങ്ങൾ തട്ടിക്കുടഞ്ഞു വീട്ടിലേക്കു തിരിക്കും. ആത്മത്യാഗത്തിന്റേതായ ഒരു സുഖം ആ മനുഷ്യൻ അനുഭവിക്കുന്നുണ്ടാകാം. അന്നും അയാൾ കുരിശു ചുമക്കാൻ പോയിരിക്കുകയാണ്. ഖദർക്കുപ്പായക്കാരൻ ഉറക്കം. സാധാരണ നാലുമണിമുതൽ രാത്രി എട്ടുമണിവരെയാണ് അയാൾ ഉറങ്ങുന്നത്. പകലൊക്കെ ശകാരിക്കണം, രാത്രി മുഴുവൻ ഇരുന്ന്
കത്തുകളെഴുതും. ഓരോ കെട്ട് കത്താണ് നിത്യവും പോസ്റ്റു ചെയ്യുന്നത്, ബകധ്യാനക്കാരൻ എത്തിയിട്ടുമില്ല. ആ എടുപ്പിൽ ഏറ്റവും മനഃശാന്തിയുണ്ടാക്കുന്ന സമയമിതാണ്. ഞാൻ അഴികൾക്കുള്ളിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. പോക്കുവെയിൽ എല്ലാറ്റിലും പതിഞ്ഞിരിക്കുന്നു. സസ്യപ്രപഞ്ചത്തിനാകെ ഒരു മുഖത്തുടിപ്പ്. അതു നോക്കിക്കൊണ്ടിരുന്നപ്പോൾ ഈ ലോകം അത്ര മോശമൊന്നുമല്ലെന്നൊരു തോന്നലുണ്ടായി. മീട്ടി വിരലെടുത്തു കഴിഞ്ഞ വീണക്കമ്പിയിൽനിന്നു കേൾക്കുന്ന മുഴക്കംപോലെ, പ്രപഞ്ചത്തിൽനിന്ന് അനുസ്യൂതമായ ഒരു ശബ്ദം പുറപ്പെടുന്നുണ്ടോ? അത് എന്റെ ഹൃദയത്തിൽനിന്നു പുറപ്പെടുന്ന ശബ്ദവുമായി കൂടിക്കലർന്നു തിരിച്ചറിയാൻ വയ്യാത്തവിധത്തിലായിട്ടുണ്ടോ.....ഉണ്ടോ...എന്തോഒന്ന് സംഭവിക്കുന്നു!
'തക്കാളി വേണോ?' പെട്ടെന്ന് താഴെനിന്ന് ഒരു ചോദ്യം. സാധാരണ ഞാനതു കേട്ടുവെന്നു നടിക്കാറില്ല. എങ്കിലും അന്നു മറുപടി പറഞ്ഞു: 'വേണ്ട സഹോദരാ. "
'എന്താണു വേണ്ടെന്നു പറഞ്ഞത്?' ആ ചോദ്യം എന്റെ പിമ്പിൽ നിന്ന് തന്നെ. തിരിഞ്ഞുനോക്കി. പങ്കജം പിമ്പിൽ നില്ക്കുന്നു. ഞാൻ എഴുന്നേറ്റു.
'ഇരിക്കൂ. '
'വേണ്ട. നിങ്ങളിരിക്കൂ. ഞാനിവിടെ ഇരിക്കാം' എന്നു പറഞ്ഞ് അവൾ അടുത്തു കിടന്ന ഒരു ഇരിപ്പിടം നീക്കിയിട്ടു. അവർ മഞ്ഞ ബ്ലൗസും ചുകന്നോരു സാരിയും അണിഞ്ഞിരുന്നു. കാതിൽ വെള്ളക്കല്ലുക്കമ്മൽ ഇടിമിന്നലൊളികളെ ചമച്ചുകൊണ്ടു നില്ക്കുന്നു. സാരിയുടെ ഒളിയും പോക്കുവെയിലും കൂടി പങ്കജത്തിന്റെമുഖത്തിനു ചുറ്റും ഒരു തുടുത്ത പരിവേഷം നിർമ്മിക്കുന്നുണ്ടായിരുന്നു. ആ വേഷത്തിനു നടുവിൽ തീക്ഷ്‌ണമായ കണ്ണുകൾ കത്തിത്തലപ്പുകൾപോലെ മിന്നി.
'ആരോടാണ് നിങ്ങൾ സംസാരിക്കുന്നത്? ' അവർ വീണ്ടും ചോദിച്ചു.
'തക്കാളിക്കാരനോട്.'
'അത്രയേ ഉള്ളൂ ' എന്നും പറഞ്ഞ് അവർ നീങ്ങിയിരുന്നു.
ഞങ്ങൾ അന്ന് സംഭാഷണമാരംഭിച്ചതുതന്നെ ശങ്കരനെപ്പറ്റിയാണ്.
'ഇപ്പോൾ, അടുത്തുകൂടാനുള്ള ശ്രമമാണ്.' അവർ പറഞ്ഞു.
'എന്തു സംഭവിച്ചു? '
'മാധ്യസ്ഥത്തിന് ആളെ വിട്ടിരിക്കയാണ്, മൂപ്പരുടെ ചെറിയമ്മയെ.'
'എന്നിട്ട്? '
'കണക്കിന് പത്തു വാക്കു പറഞ്ഞു വിട്ടിട്ടുണ്ട്. അയാളുടെ കൂടെ പൊറുക്കണംപോലും ഒരു ചേരയ്ക്കു പൊറുക്കാനൊക്കുമോ?'
ഞാൻ മറുപടി പറഞ്ഞില്ല; അവരെ നോക്കിക്കൊണ്ടിരുന്നു.
'അച്ഛൻ ഒന്നും മിണ്ടാതിരിക്കുകയാണ്. ഞാൻ വിടാനോ?' അവർ വീണ്ടും ആ കഥ വിസ്തരിച്ചു.
'അപ്പോൾ ഇത്രമേൽ അകലാനെന്തേ കാരണം? ' ഞാൻ ഇടയിൽ കടന്നു ചോദിച്ചു: 'ഞാൻ ചോദിക്കുന്നതു മര്യാദകേടാണെങ്കിൽ ക്ഷമിക്കണം. '
'അതൊന്നുമില്ല, ഇത്ര കാലവും ചോദിക്കാത്തതിലേ എനിക്കു പരിഭവമുളളൂ. എനിക്കിതൊക്കെ ഈ പുരപ്പുറത്തുനിന്നു കൂവണമെന്നുണ്ട് ലോകം അറിയട്ടെ! '
'അപ്പോൾ കാരണം...?' ഞാൻ സംഭാഷണം വഴിതെറ്റിപ്പോകാതിരിക്കാൻ സൂക്ഷിച്ചു.
'അയാൾ ഒരടിമയാണ്.'
'ആരുടെ?'
'അച്ഛന്റെ; അമ്മയുടെ; ഉമ്മറത്തെ തൂണിന്റെ; എല്ലാറ്റിന്റെയും. കേൾക്കൂ; ഞാൻ ഇന്നതൊന്നു ചെയ്യണമെന്നു പറഞ്ഞാൽ ഉടൻ അയാൾക്കു സംശയം തുടങ്ങി; അച്ഛനത് ഇഷ്ടപ്പെടുമോ? അമ്മയ്ക്കു രസിക്കുമോ? ഒടുവിൽ ഞാൻ ആ കാര്യം മറക്കണം. എങ്ങനെ `എത്ര മറക്കാം? സിനിമയ്ക്കു പോകണമെങ്കിൽ അമ്മായിയുടെ സമ്മതം വേണം. അതിനർത്ഥം പോകാറില്ല എന്നതാണ്. ഞാൻ അവിടെ ഒരു പാവ. അതൊക്കെ സഹിച്ചു. ഒടുവിലുണ്ടായതു കേൾക്കണോ; അയാളുടെ സ്വന്തം പേരിൽ പത്തു മുറി പീടികയുണ്ട്. ആയിടയ്ക്കാണ് അതൊഴിപ്പിച്ചു വാങ്ങിയത്. അത് എന്റെ പേരിലാക്കണമെന്ന് ഞാൻ പറഞ്ഞു; പണത്തിനു മോഹിച്ചിട്ടല്ല, കേട്ടോ. ഈയാളെ ഒന്നു പരീക്ഷിക്കണമെന്നുതന്നെ,
'എന്നിട്ടു?'
'വടംവലിയായി, ഒരു ഭാഗം അമ്മ; മറുഭാഗം ഞാനും. ഞാൻ വിട്ടില്ല. വാക്കായി; ഉരസലായി; പറഞ്ഞു പറഞ്ഞു മൂത്തു. എന്നെ തല്ലാൻ വന്നു. മാറി നിൽക്കാൻ പറഞ്ഞിട്ടു ഞാൻ ഇറങ്ങിപ്പോരുകയും ചെയ്തു. '
'അതു ശരി. '
'വിശ്വാസമില്ലാഞ്ഞിട്ടല്ലേ എന്റെ പേരിലാക്കാൻ മടിക്കുന്നത്?'
'അതെ. '
'പിന്നെ ഞാനെന്തിനവിടെ നില്ക്കണം? പണത്തിനു മോഹിച്ചിട്ടല്ല. ' ഒന്ന് പരീക്ഷിക്കാൻ. ഇന്നലെ അയാൾ അയൽവീട്ടുകാരനോടു നിങ്ങൾക്കു വീട് തന്നതിനെപ്പറ്റി ആക്ഷേപിച്ചു പറഞ്ഞുവത്രേ. '
'ഉവ്വോ!'
'എന്റെ വീട് ആർക്കു കൊടുക്കണമെന്ന് ഞാനാണ് തീർച്ചപ്പെടുത്താൻ. എന്താ?' അവർ എന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു; ഞാൻ ജാലകത്തിനുള്ളിലൂടെ വെളിയിലേക്കും. പ്രപഞ്ചം കൂടുതൽ തുടുത്തിരിക്കുന്നു!
അവർ വീണ്ടും തുരുതുരെ സംസാരിച്ചു. ഞാൻ എല്ലാം മൂളിക്കേട്ടു. ഒന്നും പറഞ്ഞില്ല. ഒന്നും പറയേണ്ടതുണ്ടായിരുന്നില്ല. അന്നു കോണിയിറങ്ങുമ്പോൾ അവർ തിരിഞ്ഞു ചോദിച്ചു: "നിങ്ങളിന്ന് ഊണുകഴിക്കാൻ പോയില്ലല്ലോ?'
'ഇല്ല. ' ഞാൻ ഒന്ന് പരുങ്ങീട്ടു പറഞ്ഞു: "വയറ്റിനു സുഖമില്ല."
'എന്നാൽ ഞാൻ ഒരു ഗുളിക അയയ്‌ക്കാം. ദഹനത്തിന് അസ്സലാണ്.' എന്നും പറഞ്ഞു കീഴോട്ടിറങ്ങിയപ്പോൾ വാസ്തവത്തിൽ എന്റെ വയറു കാളി. ദഹിക്കാൻ കുടലു മാത്രമേ വയറ്റിലുള്ളൂ! ഏതെങ്കിലും ഒരു സമാധനമുണ്ട്. പത്രാധിപർ അന്നു പത്തുറുപ്പിക തരാമെന്നു പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഗുളികയും തിന്നിട്ട് അരപ്ലെയിറ്റ് ബിരിയാണി ഇന്നു തിന്നും, തീർച്ച.
അന്നു ഞാൻ പുറത്തുപോയി തിരിച്ചുവന്നപ്പോൾ ഖദർക്കുപ്പായക്കാരന്റെ മുറിയിൽ വലിയ ബഹളം. നാലഞ്ചുപേരുടെ സംഭാഷണം, വാഗ്വാദങ്ങളും, ചിരികളും. ഇന്നേവരെ അങ്ങനെയൊരു സ്ഥിതിആ മുറിയിലുണ്ടായിട്ടില്ല. ഞാൻ ഒന്നൊളിഞ്ഞുനോക്കി. ആറേഴു മനുഷ്യർ നിരന്നിരിക്കുന്നു. ബഹളം തന്നെ. ഞാൻ തിരിച്ചുവന്നു കിടന്നു. അവർ എപ്പോഴാണു തിരിച്ചുപോയതെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ വെള്ളക്കൽവച്ച കമ്മൽ സ്വപ്നം കണ്ടുകൊണ്ടു കിടന്നുറങ്ങി.
പിറ്റേന്നു കാലത്ത് എഴുന്നേറ്റു സുഖിതമായ ഒരു മനോരാജ്യത്തിൽ മുങ്ങി എന്റെ മുറിയുടെ വാതില്ക്കലങ്ങനെ നില്ക്കുകയായിരുന്നു. ഖദർക്കുപ്പായക്കാരൻ ചിരിച്ചുകൊണ്ട്, ശകാരിച്ചുകൊണ്ടല്ല- എന്റെ നേരെ വന്നു.
'അവർ നിർബന്ധിക്കുകയാണ് സേർ. എനിക്കു മറുത്തു പറയാവോ? എന്തായാലും അവരൊക്കെ ചിരകാലസുഹൃത്തുക്കളാണ്. ' അയാൾ എന്നോടങ്ങനെ പറഞ്ഞിട്ടു ചിരിച്ചു.
എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ ഒരു ചോദ്യഭാവത്തിൽ മുഖത്തേക്കു നോക്കി.
'ഞാൻതന്നെ നില്ക്കണമെന്ന്.'
എന്ത്?'
'സ്ഥാനാർത്ഥിയായി നില്ക്കണമെന്ന്. കാലത്തിനു മാറ്റം വരുന്നു. ഹ........ഹ......ഹ!'
'ഇലക്ഷന്റെ കാര്യമാണോ? '
'അതെ. എന്നെ ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നാണു പറയുന്നത്. സേവനത്തിന്റെ സന്ദർഭം വരുമ്പോൾ ഞാൻ ഒരിക്കലും പിന്തിരിഞ്ഞിട്ടില്ല. ഹ.....ഹ.....ഹ! '
'നിങ്ങൾ സമ്മതിച്ചോ? '
'സമ്മതിക്കാതെ എന്തുചെയ്യാൻ? ഹ.....ഹ....ഹ...! '
ഞാനും ചിരിച്ചു. 'ഹ....ഹ...ഹ! '
അയാൾ അന്നു മുഴുവൻ തിരക്കുപിടിച്ച ജോലിയിലായിരുന്നു. കത്തുകൾ എഴുതുന്നു. പെട്ടിയും സാധനങ്ങളും കെട്ടുന്നു. കൂലിക്കാരനെ വിളിക്കുന്നു. കോണിയിറങ്ങുന്നു; കയറുന്നു, ആകെ ബഹളം.
വൈകുന്നേരം എന്നോടു പറഞ്ഞു: 'ഞാനൊന്നു താമസം മാറ്റുന്നു. '
'നമസ്കാരം! '
'നമസ്കാരം. ഹ....ഹ...ഹ! ' ചിരിച്ചുകൊണ്ടാണ് അയാൾ കോണിയിറങ്ങിപ്പോയത്. ഞാൻ കോണിത്തട്ടുവരെ അയാളെ പിന്തുടർന്നു. പടിവരെ അനുയാത്രചെയ്തു ഹെഡ്മിസ്ട്രസിന്റെ ഭർത്താവ്. തിരിച്ചുപോരുമ്പോൾ ആ കൊമ്പൻ മീശയിൽ കണ്ണീർക്കണങ്ങൾ തങ്ങിനിന്നു.
ആ മനുഷ്യന്റെശകാരവർഷം നിന്നപ്പോൾ, വല്ലാത്തൊരു നിശ്ശബ്ദത. വിഷാദാത്മകമായ അന്തരീക്ഷമായിരുന്നു. അന്നു വൈകുന്നേരം പങ്കജം കയറി വന്നപ്പോൾ പറഞ്ഞു: 'അയാളുടെ ശകാരമൊക്കെ നിന്നു. മനുഷ്യരൊക്കെ ഇങ്ങനെത്തന്നെയാണ്. '
'അതെ. '
'പക്ഷേ, ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ എല്ലാ സുഹൃത്തുക്കളെയും പിടിച്ചു പുറത്താക്കി വാതിലടയ്ക്കും. നിങ്ങളാണെങ്കിലോ? '
ആചോദ്യം പ്രതീക്ഷിച്ചതല്ല. സ്വല്പം പരുങ്ങലുണ്ടായി. എന്നാലും വിട്ടുകൊടുത്തില്ല: 'വാതിലടച്ചു തഴുതിടും. ഒരാഴ്ച്ചക്കു പിന്നെ തുറക്കില്ല. '
പങ്കജം മന്ദസ്മിതപൂർവം എന്റെ മുഖത്തേക്കു നോക്കി എന്നിട്ടു പറഞ്ഞു: 'നിങ്ങൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ. പോഷകാംശങ്ങളുള്ള ഭക്ഷണം കഴിക്കണം. '
'അതെ. '
'സാമ്പത്തിക വിഷമം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്, അല്ലേ? '
'ഇല്ലില്ല. അത്രയ്‌ക്കൊന്നുമില്ല. '
'ഒരെഴുത്തുകാരന്റെ വിഷമം എനിക്കറിയാം. ഞാൻ എല്ലാം ഏർപ്പാടു ചെയ്‌തിട്ടുണ്ട്. ഇന്നു മുതല്ക്ക്നിങ്ങൾക്കു ഭക്ഷണം ഇവിടെ എത്തും. '
'വേണ്ടായിരുന്നു. '
'നാമൊക്കെ മനുഷ്യരല്ലേ! ' എന്നാണ് അവർ അതിനു മറുപടി പറഞ്ഞത്. 'എല്ലാ വീട്ടുടമസ്ഥരും ആ കിഴവനെപ്പോലെയാണെന്നു വിചാരിക്കരുതേ! '
'അതു ഞാൻ വിചാരിച്ചിട്ടില്ല. '
'ഒരു വർത്തമാനം കേൾക്കണോ; ഇന്ന് അയാൾ ഒരാളെ അയച്ചിരിക്കുന്നു.'
'എന്തിന്? '
'പീടിക മുറികളിൽ പകുതിയും എന്റെ പേരിൽ എഴുതിത്തരാമെന്നു. ' പുരോഗമിക്കുന്നുണ്ട്.
'നോക്കൂ, അയാളുടെ പിശുക്ക്. പീടികയുടെ ഒതുക്കുകല്ല് എന്റെ പേരിൽ എഴുതിവയ്ക്കാൻ തോന്നാത്തത് ഭാഗ്യമെന്ന് ഞൻ മറുപടി പറഞ്ഞയച്ചു. ആകെ ഇരുനൂറ്റിയമ്പതുറുപ്പിക വാടകവരും. നൂറ്റിയിരുപത്തിയഞ്ച് എനിക്കുംനൂറ്റിയിരുപത്തിയഞ്ച് കിഴവനും! മനസ്സിലായോ? ഞാൻനൂറ്റിയിരുപത്തിയഞ്ചുറുപ്പികയുടെ വെപ്പാട്ടിയാകണമെന്ന്. വന്നവനെ ഞാൻ ആട്ടിയില്ല. എന്റെ ക്ഷമയെപ്പറ്റി നിങ്ങൾ എന്തു പറയുന്നു? '
'ക്ഷമിച്ചതു നന്നായി. '
'ആട്ടെ നിങ്ങൾക്ക് ഞങ്ങളുടെ ഭക്ഷണം പിടിക്കുമോ, എന്തോ? '
'വളരെ. പക്ഷേ.......'
'ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല....'
അങ്ങനെ ഒരു മാസവും കൂടി കഴിഞ്ഞു. വാടക കൊടുക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടുമാസത്തെ വാടക ബാക്കി. അതെപ്പോൾ വേണമെങ്കിലും കൊടുക്കാമല്ലോ എന്നൊരു ഭാവം ഞാൻ കൈക്കൊണ്ടു; എങ്കിലും എന്റെ ഹൃദയത്തിൽ സ്വല്‌പം പുകച്ചിൽ ഉണ്ടാകാതിരുന്നില്ല.
'നിങ്ങളുടെ വാടക തന്നിട്ടില്ല' - ഞാൻ ഒരു ദിവസം ഓർമ്മപ്പെടുത്തി.
'സാരമില്ല. ഞാൻ അയാളെപ്പോലെ പെരുമാറുകയില്ല. ധനവും ദാരിദ്ര്യവും മനുഷ്യർക്കല്ലേ ഉണ്ടാകൂ? '
അവർ കോണിയിറങ്ങുമ്പോൾ ഞാൻ നോക്കിനിന്നു; ഒരു മഹാലക്ഷ്‌മി തന്നെ!
മൂന്നു ദിവസം കഴിഞ്ഞു. ഞാൻ ജാലകത്തിലൂടെ നിരത്തിലേക്കു നോക്കിനില്ക്കുകയായിരുന്നു. പ്രഭാതമാണ്; അങ്ങാടിയിൽ തിരക്കു വർദ്ധിച്ചു വരുന്നു. കാറും സൈക്കിളും പിച്ചക്കാരും വിദ്യാർത്ഥികളും തിരക്കിട്ടു സഞ്ചരിക്കുന്നു. ശങ്കരന്റെ രൂപം പെട്ടെന്നാണ് പ്രത്യക്ഷപ്പെട്ടത്. ആ മന്തന്റെ മുഖം ഏതാൾക്കൂട്ടത്തിൽവച്ചു കണ്ടാലും എനിക്കു തിരിച്ചറിയാം. അയാൾ ഈ എടുപ്പിന്റെ ഭാഗത്തേക്കാണ് നടന്നുവരുന്നത്. ബാലി ൠശ്യമൂകാചലം കയറാൻ തുടങ്ങിയോ?
ഞാൻ ജാലകത്തിൽനിന്നു തല വലിച്ച് അകത്തു വന്നിരുന്നു. അഞ്ചു നിമിഷം കഴിഞ്ഞപ്പോൾ അയാൾ എന്റെ മുറിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
'ഞാൻ വന്നത് നിങ്ങളെ കാണാനാണ്. '
ആവശ്യം? '
ഞാൻ ഞെളിഞ്ഞുനിന്നു ചോദിച്ചു.
'നിങ്ങൾ തരാനുള്ള പണം. '
'ഇപ്പോൾ കയ്യിലില്ല. '
'എപ്പോൾ തരും? '
'കിട്ടിയാൽ അങ്ങോട്ടു കൊടുത്തയക്കാം. '
'ഈ പറയുന്നതു മര്യാദയാണോ? '
'മര്യാദ പഠിപ്പിക്കാൻ വന്നിരിക്കുകയാണോ? ' എനിക്കും കലി വരുന്നുണ്ടായിരുന്നു.
'ഞങ്ങളെ വിഡ്ഢിയാക്കിക്കളയാമെന്നാണോ വിചാരം? '
അതിനെ തുടർന്നു നല്ലൊരു വാദപ്രതിവാദം നടന്നു. ബഹളം വർദ്ധിച്ചു. ഞാനും ഒഴിഞ്ഞില്ല.
'ഇതാ, ഇതു നിങ്ങളുടെ വീടല്ല. ' പെട്ടെന്നു പിന്നിൽനിന്നൊരു ശബ്ദം കേട്ട് ശങ്കരൻ തിരിഞ്ഞുനോക്കി. പങ്കജം തുടുത്ത മുഖവുമായി നില്ക്കുന്നു. ശങ്കരന്റെ നാഡികളെല്ലാം തളർന്നുപോയി!
'ഇവിടെ വന്നും ബഹളമുണ്ടാക്കണോ? ' പങ്കജം വീണ്ടും ചോദിച്ചു.
'വരൂ, എനിക്കല്പം സംസാരിക്കാനുണ്ട്. നിന്നെ കാണാൻ കൂടിയാണ് ഞാൻ വന്നത്. ' ശങ്കരൻ പങ്കജത്തോട് പറഞ്ഞു.
'എന്നെ കാണാൻ നിങ്ങൾ വരുമോ? '
പങ്കജം അനങ്ങാതെ നില്ക്കുകയാണ്.
അതിനാണു വാസ്തവത്തിൽ വന്നത്. വരൂ. ' അവർ കോണിത്തട്ടിലേക്കു നീങ്ങി. ഞാൻ ചെവിവട്ടം പിടിച്ചു.
'ഞാൻ അതു കൊണ്ടുവന്നിട്ടുണ്ട്. എല്ലാ പീടികമുറിയും നിന്റെ പേരിൽത്തന്നെ. നോക്കൂ, ഇതാ ആധാരം. '
'നിങ്ങൾക്കെന്നെ വിശ്വാസമായോ? '
' നീ ഇല്ലാതെ ജീവിക്കാൻ വയ്യെന്ന്.....' പിന്നെ ഞാൻ കേട്ടില്ല. അവർ കോണിപ്പടി ഇറങ്ങുകയായിരുന്നു.
എന്തു സംഭവിക്കുമെന്ന് ഞാൻ ആലോചിച്ചു. ഇല്ല പങ്കജത്തിന് അയാളെ തിരികെ സ്വീകരിക്കാൻ തരപ്പെടുകയില്ല. കനത്ത പത്തു വാക്കുകൾ മുഖത്തേക്കെറിഞ്ഞിട്ട് അവർ അയാളെ പറഞ്ഞയയ്ക്കും, ഒരു ചേരയ്ക്കു പോലും അയാളോടുകൂടി കഴിച്ചുകൂട്ടാൻ തരപ്പെടുകയില്ല.
അന്നു ഭക്ഷണം കൊണ്ടുവന്നു. എനിക്കു കൂടുതൽ ആശ്വാസമായി. പക്ഷേ എന്തു സംഭവിച്ചുവെന്നറിയാൻ എനിക്കു ധൃതിയായി. പങ്കജം മുകളിലേക്കു വരുന്നില്ലല്ലോ. വൈകുന്നേരം എന്തായാലും വരാതിരിക്കുകയില്ല.ആ തുടുത്ത മുഖവും തീക്ഷ്ണമായ കണ്ണുകളും കമ്മലിന്റെ വെള്ളക്കല്ലൊളിയും നീലകുന്തളവും ഹൃദയത്തിൽ കിടന്നു കളിച്ച് എല്ലാം കൂടി ഒരു വർണ്ണശബളിമ ഉണ്ടാക്കുകയാണ്, മഴവില്ലുപോലെ!
വൈകുന്നേരം നേരത്തേ വരാന്തയിൽ വന്നിരുന്നു. നിമിഷങ്ങൾ കടന്നു പോവുകയാണ്. ഓരോ ചെറിയ ശബ്ദവും കേട്ടു ഞാൻ ചുറ്റും നോക്കി. അവരല്ല. സന്ധ്യാപ്രകാശം അപ്പോഴും വരാന്തയുടെ അഴികളിൽ പിടിച്ചു നില്ക്കുന്നു. പ്രപഞ്ചത്തിന്റെ മുഖം തുടുത്തിട്ടുമുണ്ട്. എങ്കിലും നോട്ടം സ്വന്തം ഹൃദയത്തിലേക്കു തിരിഞ്ഞുകളയുന്നു. അവിടെ ഒരു മഴവില്ലാണ്.
അവർ വരാതിരിക്കുമോ? അതിനു കാരണമില്ല. ഞാൻ കാത്തു. തുടുപ്പു പതുക്കെ മങ്ങി. ചാരനിറമായി. ഇരുണ്ടു. അവർ വന്നില്ല.
അല്ലെങ്കിൽ ഞാനെന്തിനവരെ പ്രതീക്ഷിക്കുന്നു? എന്റെ മുറിയിൽ ചെന്നിരുന്ന് ഒരു പുസ്തകമെടുത്തു മലർത്തി. കവിതാപുസ്തകമാണ്. കവിതയെപ്പറ്റിയും കവിയുണ്ടാക്കുന്ന മാനസിക വിക്ഷോഭങ്ങളെപ്പറ്റിയും കാര്യമായി ചിലതു ചിന്തിക്കേണ്ടതുണ്ട്. പക്ഷേ, കല്പിച്ചുകൂട്ടി ചിന്തിക്കുമ്പോൾ
ആലോചനകൾ കയറുകയല്ല, വട്ടം ചുറ്റുകയാണു ചെയ്യുന്നത്. ഈ കവിത സ്വല്‌പനേരം മൂളിയാൽ അന്തരീക്ഷം ശരിപ്പെടും.
'ജീവിതപതംഗമേ, ദേഹപഞ്ജരബന്ധം
നീ വിഷാദിപ്പൂ പാരം പാരതന്ത്ര്യത്തെച്ചൊല്ലി.....'
ജീവിതപതംഗം ബന്ധമായിരിക്കുകയാണ്. പിന്നെ....? ഛെ! രസം പിടിക്കുന്നില്ല. പുസ്തകം മടക്കിവച്ചു. എനിക്ക് നല്ലൊരു ഉറക്കമാണ് ആവശ്യം. ഉറക്കം തന്ന നല്ലവനായ ദൈവത്തെപ്പറ്റി ഓർത്തുകൊണ്ടു ഞാൻ കിടന്നു. അപ്പോഴും ചെവിയിൽ എന്തോ മൂളി.
ജീവിതപതംഗമേ..... ജീവിതപതംഗമേ.....മനസ്സിൽ ഒരു വണ്ടു കയറിയെന്നു തോന്നുകയാണ്. തിരിഞ്ഞുകിടന്നു. മറിഞ്ഞുകിടന്നു. മൂളി മൂളാതെ കിടന്നു. കാൽ വിറപ്പിച്ചു. താളം പിടിച്ചു. ചിന്തിക്കാൻ ശ്രമിച്ചു. അങ്ങനെയങ്ങനെ എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിയില്ല. എഴുന്നേറ്റപ്പോൾ കണ്ടത് എന്റെ മുമ്പിൽ ആറിത്തണുത്തിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. സൂര്യരശ്‌മി ജനലിലൂടെ ഊർന്ന് അതിന്മേൽ വീഴുന്നു. അതൊക്കെ തട്ടിത്തെറിപ്പിക്കാൻ തോന്നി. പക്ഷേ, ആരായിരിക്കും അതു കൊണ്ടുവന്നു വച്ചത്? പണിക്കാരനാകാനേ ഇടയുള്ളൂ.
ഞാൻ കിടക്കയിൽ എഴുന്നേറ്റിരുന്നു. ഒരു ബീഡി കൊളുത്തി. കാൽപെരുമാറ്റം എന്റെ ശ്രദ്ധ വാതില്ക്കലേക്ക് ആകർഷിച്ചു. ശങ്കരൻ മുമ്പിൽ നില്ക്കുന്നു. ഞാൻ ഒന്നും ചോദിക്കേണ്ടിവന്നില്ല. അയാൾ ഇങ്ങോട്ടു പറഞ്ഞു:
'വാടക.'
'ഇന്നലെ പറഞ്ഞതിൽ കവിഞ്ഞതൊന്നും ഇന്നു പറയാനില്ല. '
'അതല്ല , ഈ മുറിയുടെ വാടക.'
'അത് അവരുടെ കയ്യിൽ കൊടുത്തേക്കൂ. ' പിന്നിൽനിന്ന് ഒരു വീണാനാദം. അത് പങ്കജമായിരുന്നു. ഞാൻ ശങ്കരനെ നോക്കി. ചുറ്റും നോക്കി. എന്നിട്ട് ഒന്നും പറയാതെ ബഡ്ഡിങ് മടക്കിക്കെട്ടി. പെട്ടി പൂട്ടി. രണ്ടും ചേർത്തുവച്ചു.
'ഞാനിന്നു പോണൂ.'
'വാടക....'ശങ്കരൻ വീണ്ടും ചോദിച്ചു.
ഞാൻ മറുപടി പറഞ്ഞില്ല.
'വാടക കൊണ്ടുവന്നിട്ട് നിങ്ങളുടെ ഈ സാധനങ്ങൾ കൊണ്ടു പോയ്‌ക്കോളൂ. കേട്ടോ? ' വളരെ മധുരമായിട്ടുതന്നെയാണ് പങ്കജം പറഞ്ഞത്.
ഞാൻ ഷർട്ടു മാറി പുറത്തേക്കു കടന്നപ്പോൾ പങ്കജം ചോദിച്ചു: 'താക്കോലെവിടെ? ഡ്യൂപ്പ്ളിക്കേറ്റില്ലാത്തതാണ്.'
'അതാ-' ഞാൻ ചൂണ്ടിക്കാട്ടിയിട്ടു തിരിഞ്ഞു നടന്നു. കോണിയിറങ്ങുമ്പോൾ ഹെഡ്മിസ്ട്രസിന്റെ ഭർത്താവു പിന്നാലെ വരുന്നുണ്ടായിരുന്നു. ഗെയ്റ്റിൽവച്ച്അയാൾ ചോദിച്ചു: 'നിങ്ങളും പോകയാണോ? '
'അതെ. '
അയാൾ ഒന്നു നെടുവീർപ്പിട്ടു. ആ കൺപീലികൾ നനഞ്ഞിരുന്നു. ഞങ്ങൾ പരസ്‌പരം നോക്കി സ്വല്‌പം നേരം നിന്നു. എന്നെത്തന്നെയാണോ മുമ്പിൽ കാണുന്നതെന്നു തോന്നി. അയാൾക്ക് എന്തു തോന്നിയോ?
'തക്കാളി വേണോ? ' അടുത്തുനിന്ന് ഒരു ചോദ്യം.
'വേണം. ' ഞാൻ പോക്കറ്റു തപ്പി. ഒൻപതിൽച്ചില്ല്വാനം അണയുണ്ട്. രണ്ടു പഴുത്ത തക്കാളി വാങ്ങി, ഒന്നു മിസ്ട്രസിന്റെ ഭർത്താവിനു കൊടുത്തിട്ടു പറഞ്ഞു: 'തിന്നോളൂ. വിറ്റാമിനുള്ളതാണ്. '
മറ്റേ തക്കാളി കടിച്ചുതിന്നുകൊണ്ടു ഞാൻ റോഡിലേക്കിറങ്ങി. കൈ വീശി നടക്കാം. പെട്ടിയും ബെഡ്‌ഡിങ്ങും പേറണ്ടല്ലോ. ആ കവിതാശകലം ചെവിയിൽ കിടന്നു മൂളി; ജീവിതപതംഗമേ.....ഈ തക്കാളി നന്ന്, ആ കവിതയും നന്ന്!