Printing/sharing/storage of this document is prohibited.

Violators will be fined huge sums under Copyright law

വെള്ളപ്പൊക്കത്തിൽ

തകഴി

നാട്ടിലെ പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവൻകഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവത്ര ജലം! നാട്ടുകാരെല്ലാം കര തേടി പോയി. വീട്ടുകാവലിന് ഒരാൾ, വീട്ടിൽ വള്ളമുണ്ടെങ്കിൽ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകൾ, പട്ടി, പൂച്ച, ആട്, കോഴി മുതലായ വളർത്തു മൃഗങ്ങളും. എല്ലാം ഐകമത്യമായി കഴിയുന്നു; ഒരു ശണ്ഠയുമില്ല.

ചേന്നപ്പറയൻ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തിൽ തന്നെ നിൽക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാൻ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റിയിട്ട്. ആദ്യം പുരക്കകത്തേക്കു വെള്ളം എത്തിനോക്കിതുടങ്ങിയപ്പോഴേ മടലും കമ്പുംകൊണ്ടു തട്ടും പരണുംകെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടുദിവസം അതിൽ കുത്തിയിരുന്നു. അവിടെ നിന്നും പോയാൽ അവയെല്ലാം ആണുങ്ങൾ കൊണ്ടുപോകുകയും ചെയ്യും.

ഇപ്പോൾ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെള്ളമുണ്ട്. മേൽക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നൻ വിളിച്ചു. ആരു വിളി കേൾക്കും? അടുത്താരുണ്ട്? ഗർഭിണിയായ ഒരു പറച്ചി, നാലു കുട്ടികൾ, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികൾ അവനെ ആശ്രയിച്ചിട്ടുമുണ്ട് . പുരക്ക് മുകളിൽക്കൂടി വെള്ളം ഒഴുകാൻ 30 നാഴിക വേണ്ടെന്നും, തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവൻ തീർച്ചപ്പെടുത്തി. ഭയങ്കരമായ മഴ തോർന്നിട്ടു മൂന്നു ദിവസമായി. കൂരയുടെ ഓല പൊളിച്ചു ചേന്നൻ ഒരു കണക്കിൽ പുറത്തിറങ്ങി. നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തിൽ ചേന്നപ്പറയൻ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാർക്കു ഭാഗ്യം കൊണ്ടു കാര്യം മനസ്സിലായി. അവർ വള്ളം കൊട്ടിലിനുനേർക്കു തിരിച്ചു. കിടാങ്ങളെയും പെണ്ണാളിനേയും പട്ടിയേയും പൂച്ചയേയും പുരയുടെ വാരിക്കിടയിൽക്കൂടി ഓരോന്നായി ചേന്നൻ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു.

കിടാങ്ങൾ വള്ളത്തിൽ കയറിക്കൊണ്ടിരിക്കയാണ്. "ചേന്നച്ചോ, പൂഹേയ്‌ ! " പടിഞ്ഞാറുനിന്നാരോ വിളിക്കുന്നു. ചേന്നൻ തിരിഞ്ഞുനോക്കി. "ഇങ്ങ വായോ ! " അതു മടിയതറ കുഞ്ഞേപ്പൻ ആണ്. അവൻ പുരപ്പുറത്തുനിന്നു വിളിക്കയാണ്. ധിറുതിപ്പെട്ടു പെണ്ണാളിനെ പിടിച്ചു വള്ളത്തിൽ പിടിച്ചുകയറ്റി. അത്തക്കത്തിനു പൂച്ചയും വള്ളത്തിൽ ചാടിക്കയറി. പട്ടിയുടെ കാര്യം ആരും ഓർത്തില്ല. അത്, പുരയുടെ പടിഞ്ഞാറെ ചരുവിൽ, അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്.

വള്ളം നീങ്ങി; അതകലയായി.

പട്ടി മുകളെടുപ്പിൽ തിരിച്ചുവന്നു. ചേന്നന്റെ വള്ളം അങ്ങകലെയായി കഴിഞ്ഞു; അതു പറന്നുപോകുന്നു. മരണമാവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി; നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു സാദൃശ്യമുള്ള ശബ്ദപരമ്പരകൾ പുറപ്പെടുവിച്ചു. ആരുണ്ടതു കേൾക്കാൻ! പുരയുടെ നാല് ചുവരുകളിലും അത് ഓടിനടന്നു; ചിലയിടമെല്ലാം മണപ്പിച്ചു; മോങ്ങി!

സ്വൈര്യമായി പുരപ്പുറത്തിരുന്ന ഒരു തവള, അപ്രതീക്ഷിതമായ ഈ ബഹളംകണ്ടു പേടിച്ചു പട്ടിയുടെ മുമ്പിൽക്കൂടി 'ധുടീം'എന്നൊരു ചാട്ടംചാടി. ആ നായ് ഭയപ്പെട്ടു ഞെട്ടി പിന്നിലേക്കു കുതിച്ചു ജലത്തിനുണ്ടായ ചലനത്തെ കുറെ നേരം തുറിച്ചുനോക്കി നിന്നു.

ആഹാരം തേടിയാവാം, ആ മൃഗം അവിടെയും ഇവിടെയും ഒക്കെ ചെന്നു ഘ്രാണിക്കുന്നു. ഒരു തവള അവന്റെ നാസാരന്ധ്രത്തിൽ മൂത്രം വിസർജിച്ചിട്ടു വെള്ളത്തിലേക്കു ചാടിക്കളഞ്ഞു. അസ്വസ്ഥനായ നായ് ചീറ്റി, തുമ്മി. തല അറഞ്ഞു ചീറ്റി, മുൻകാലുകൾ ഒന്നുകൊണ്ടു മോന്ത തുടച്ചു.

ഭയങ്കരമായ പേമാരി വീണ്ടും ആരംഭിച്ചു. കൂനിക്കൂടി കുത്തിയിരുന്ന് ആ പട്ടി അതു സഹിച്ചു. അതിന്റെ യജമാനൻ അമ്പലപ്പുഴ പറ്റിക്കഴിഞ്ഞു.

രാത്രിയായി. ഒരു ഉഗ്രനായ നക്രം ജലത്തിൽ പകുതി ആണ്ടു കിടക്കുന്ന ആ കടലിനെ ഉരസിക്കൊണ്ടു മന്ദം മന്ദം ഒഴുകിപ്പോയി. ഭയാക്രാന്തനായി വാൽ താഴ്ത്തിക്കൊണ്ടു നായ് കുരച്ചു. നക്രം യാതൊന്നമറിയാത്ത ഭാവത്തിൽ അങ്ങൊഴുകിപ്പോയി.

മുകളെടുപ്പിൽ കുത്തിയിരുന്ന് ആ ക്ഷുൽപീഡിതനായ മൃഗം, കാർമേഘാവൃതമായ, അന്ധകാരഭീകരമായ, അന്തരീക്ഷത്തിൽ നോക്കി മോങ്ങി. ആ നായയുടെ ദീനരോദനം അതിദൂരപ്രദേശങ്ങളിലെത്തി. അനുകമ്പാതുരനായ വായുഭഗവാൻ അതിനെയുംവഹിച്ചുകൊണ്ടു പാഞ്ഞു. വീടുകാവലേറ്റിട്ടുള്ള ചില ഹൃദയാലുക്കൾ, അയ്യോ, പുരപ്പുറത്തിരുന്നു പട്ടി മോങ്ങുന്നു, എന്നു പറഞ്ഞു കാണും. കടൽപ്പുറത്ത് അതിന്റെ യജമാനൻ ഇപ്പോൾ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച് ഊണുകഴിയുമ്പോൾ ഇന്നും ഒരുരുള ചോറ് അവൻ അതിന് ഉരുട്ടുമായിരിക്കും.

അത്യുച്ചത്തിൽ ഇടവിടാതെ കുറേനേരം ആ പട്ടി മോങ്ങി; ശബ്ദം താണു നിശബ്ദമായി. വടക്കെങ്ങോ ഒരു വീട്ടിലിരുന്ന് വീട്ടു കാവൽക്കാരൻ രാമായണം വായിക്കുന്നു. അതു ശ്രദ്ധിക്കുoപോലെ, നിശബ്ദനായി പട്ടി വടക്കോട്ടു നോക്കി നിന്നു. ആ ജീവി തൊണ്ട പൊട്ടുമാറ് രണ്ടാമതും കുറച്ചുനേരം മോങ്ങി.

ആ നിശീഥിനിയുടെ നിശ്ശേഷനിശ്ശബ്ദതയിൽ ശ്രുതിമധുരമായ രാമായണം വായന ഒരിക്കൽകൂടിഎങ്ങും പരന്നൊഴുകി. നമ്മുടെ ശുനകൻ ആ മാനവശബ്ദം ചെവിയോർത്തു കേട്ട് കുറച്ചധികനേരം നിശ്ചലം നിന്നു. ഒരു ശീതമാരുതപ്രവാഹത്തിൽ ആ ശാന്തമധുരമായ ഗാനം ലയിച്ചു. കാറ്റിന്റെ ഒച്ചയും അലകളിളക്കുന്ന 'ബളബള' ശബ്ദവും അല്ലാതൊന്നും കേൾപ്പാനില്ല.

മുകളെടുപ്പിൽ ചേന്നന്റെ പട്ടി കയറികിടക്കുന്നു. ഘനമായി അത് ശ്വാസോച്ഛാസ്വം ചെയ്തു. ഇടയ്ക്കിടെ എന്തോ നിരാശനായി പിറുപിറുക്കുന്നുമുണ്ട്. അവിടെ ഒരു മീൻ തുടിച്ചു; ചാടി എണീറ്റ് നായ് കുരച്ചു. മാറ്റൊരിടത്തു തവള ചാടി; അസ്വസ്ഥനായി നായ് മുറുമുറുത്തു.

പ്രഭാതമായി; താണ സ്വരത്തിൽ അതു മോങ്ങിത്തുടങ്ങി; ഹൃദയദ്രവീകരണസമർത്ഥമായ ഒരു രാഗം വിസ്തരിച്ചുതുടങ്ങി! തവളകൾ അവനെ തുറിച്ചുനോക്കി, ജലത്തിൽ ചാടി ഉപരിതലത്തിൽക്കൂടി തെറ്റിത്തെന്നി ചരിച്ചു താഴുന്നത് അവൻ നിർനിമേഷം നോക്കി നിൽക്കും.

ജലനിരപ്പിൽനിന്നുയർന്നുകാണുന്ന ആ ഓലക്കെട്ടുകളെല്ലാം അവൻ ആശയോടെ ദൃഷ്ടിവച്ചു. എല്ലാം വിജനമാണ്. ഒരിടത്തും തീ പുകയുന്നില്ല. ശരീരത്തിൽ കടിച്ചു സുഖിക്കുന്ന ഈച്ചകളെ പട്ടി കടിച്ചുകൊറിക്കും. പിൻകാലുകളാൽ താടി കൂടെക്കൂടെ ചൊറിഞ്ഞ്ഈച്ചയെ പായിക്കും.

അൽപനേരം സൂര്യൻ തെളിഞ്ഞു ആ ഇളവെയിലിൽ അവൻ കിടന്നു മയങ്ങി. മന്ദാനിലനിൽ ഇളകുന്ന വാഴയുടെ ഛായ പുരപ്പുറത്തങ്ങനെ ചലിച്ചുകൊണ്ടിരുന്നു! അവൻ ചാടി എണീറ്റ് ഒന്നു കുരച്ചു.

കാറുകയറി സൂര്യൻ മറഞ്ഞു. നാടെല്ലാം ഇരുണ്ടു. കാറ്റ് അലകളെ ഇളക്കി. ജലപ്പരപ്പിൽക്കൂടി ജന്തുക്കളുടെ ശവശരീരങ്ങൾ ഒഴുകിപ്പോകുന്നു; ഓളത്തിൽ ഇളകി കുതിച്ചൊഴുകുന്നു. സ്വച്ഛന്ദം അവ എങ്ങും സഞ്ചരിക്കുന്നു; ഭയപ്പെടാതെ നടക്കുന്നു. അതിനെയെല്ലാം കൊതിയോടെ നോക്കി, നമ്മുടെ നായ് മുറുമുറുത്തു.

അങ്ങകലെ ഒരു ചെറുവള്ളം ദ്രുതഗതിയിൽ പോകുന്നു. അവൻ എഴുന്നേറ്റുനിന്ന് വാലാട്ടി, ആ വഞ്ചിയുടെ ഗതിയെ സൂക്ഷിച്ചു. അതങ്ങു തൈക്കൂട്ടത്തിൽ മറഞ്ഞു.

മഴ ചാറിത്തുടങ്ങി. പിൻകാലുകൾ മടക്കി നിലത്തൂന്നി കുത്തിയിരുന്ന്, ആ നായ് നാലുപാടും നോക്കി. അവന്റെ കണ്ണുകളിൽ, ആരെയും കരയിക്കുന്ന നിസ്സഹായ സ്ഥിതി പ്രതിഫലിച്ചിരുന്നു.

മഴ തോർന്നു. വടക്കേവീട്ടിൽനിന്നും ഒരു ചെറുവള്ളം വന്ന് തെങ്ങിൻചുവട്ടിൽ അടുത്തു. നമ്മുടെ നായ് വാലാട്ടി കോട്ടുവാ വിട്ടു മുറുമുറുത്തു. വള്ളക്കാരൻ തെങ്ങിൽക്കയറി കരിക്കടർത്തിക്കൊണ്ടു താഴത്തിറങ്ങി. അയാൾ വള്ളത്തിൽ വച്ചുതന്നെ കരിക്കു തുളച്ചു കുടിച്ചിട്ട് തുഴയെടുത്തു തുഴഞ്ഞങ്ങു പോയി.

അകലെയുള്ള വൃക്ഷക്കൊമ്പിൽനിന്നും ഒരു കാകൻ പറന്നുവന്ന്, ഒരൂക്കൻ പോത്തിന്റെ അഴുകിയൊഴുകുന്ന ശരീരത്തിൽ വീണു. ചേന്നന്റെ പട്ടി കൊതിയോടെ കുരക്കവേ, കാക്കആരെയും കൂസാതെ മാംസം കൊത്തിവലിച്ചുതിന്നു തൃപ്തയായി; അതു പറന്നങ്ങുപോയി.

ഒരു പച്ചക്കിളി പുരക്കടുത്തു നിൽക്കുന്ന വാഴയിലയിൽ വന്നിരുന്നു ചിലച്ചു. പട്ടി, അസ്വസ്ഥനായി കുരച്ചു. ആ പക്ഷിയും പറന്നു പോയി.

മലവെള്ളത്തിൽപ്പെട്ട് ഒഴുകിവരുന്ന ഒരു എറുമ്പിൻകൂട് ആ പുരപ്പുറത്തടിഞ്ഞു. അവ രക്ഷപ്പെട്ടു. ഭോജ്യസാധനമെന്നു നണ്ണിയാവാം നമ്മുടെ നായ് അവക്കുമ്മകൊടുത്തു. ചീറ്റിത്തുമ്മി അതിന്റെ മൃദുലമായ മോന്ത ചുമന്നു തടിച്ചു.

ഉച്ചത്തിരിഞ്ഞ് ഒരു ചെറുവള്ളത്തിൽ രണ്ടുപേർ ആ വഴി വന്നു. പട്ടി നന്ദിയോടെ കുരച്ചു; വാലാട്ടി. എന്തൊക്കെയോ മനുഷ്യഭാഷയോട് അടുപ്പമുള്ള ഭാഷയിൽ പറഞ്ഞു. അതു ജലത്തിൽ ഇറങ്ങി വള്ളത്തിൽ ചാടാൻ തയ്യാറായി നിന്നു. "തേ! ഒരു പട്ടി നിൽക്കുന്നു." ഒരുവൻ പറഞ്ഞു. അയാളുടെ അനുകമ്പ മനസ്സിലായെന്നപോലെ, നന്ദിസൂചകമായി അതൊന്നു മോങ്ങി. "അവിടിരിക്കട്ടെ." മറ്റെയാൾ പറഞ്ഞു.എന്തോ നുണഞ്ഞിറക്കുമ്പോലെ, അതു വായ് പൊളിച്ചടച്ചു ശബ്ദിച്ചു. പ്രാർത്ഥിച്ചു. അതു രണ്ടു പ്രാവശ്യം ചാടാൻ ആഞ്ഞു.

വള്ളം, അങ്ങകലെയായി. ഒന്നുകൂടെ പട്ടി മോങ്ങി. വള്ളക്കാരിൽ ഒരുവൻ തിരിഞ്ഞുനോക്കി.

"അയ്യോ!"

അതു വള്ളക്കാരൻ വിളിച്ചതല്ല. ആ ശ്വാനന്റെ ശബ്ദമായിരുന്നു.

"അയ്യോ!"

പരീക്ഷണവും ഹൃദയസ്പൃക്കുമായ ആ ദീനരോദനം അങ്ങു കാറ്റിൽ ലയിച്ചു. വീണ്ടും അലകളുടെ ഒടുങ്ങാത്ത ശബ്ദം. ആരും പിന്നീടു തിരിഞ്ഞു നോക്കിയില്ല. ആ നിലയ്ക്ക് പട്ടി വള്ളം മറയും വരെ നിന്നു. ലോകത്തോടന്ത്യയാത്ര പറയുംപോലെ മുറുമുറുത്തുകൊണ്ടതു പുരപ്പുറത്തു കയറി. ഇനി ഒരിക്കലും മനുഷ്യനെ സ്‌നേഹിക്കുകയില്ല എന്ന് അതു പറയുകയാവാം.

കുറെ പച്ചവെള്ളം നക്കിക്കുടിച്ചു. ആ സാധുമൃഗം മുകളിൽക്കൂടി പറന്ന് പോകുന്ന പറവകളെ നോക്കി. അലകളിൽക്കൂടി ഇളകിക്കളിച്ച് ഒരു നീർക്കോലി പാഞ്ഞടുത്തു. നായ് ചാടി പുരപ്പുറത്തു കയറി. ചേന്നനും കുടുംബവും പുറത്തിറങ്ങിയ പഴുതിൽക്കൂടി ആ നീർക്കോലി അകത്തേക്കിഴഞ്ഞു. പട്ടി ആ ദ്വാരത്തിൽക്കൂടി അകത്തേക്കെത്തിനോക്കി. ക്രൂരനായിത്തീർന്ന അതു കുരച്ചുതുടങ്ങി. പിന്നീടും നായ് പിറുപിറുത്തു. ജീവഭയവും വിശപ്പും അതിൽ നിറഞ്ഞിരുന്നു. ഏതു ഭാഷക്കാരനും എതു ചൊവ്വാഗ്രഹവാസിക്കും ആശയം മനസ്സിലാകും. അത്ര സർവ്വവിദിതമായ ഭാഷ.

രാത്രിയായി. ഭയങ്കരമായ കൊടുങ്കാറ്റും മഴയും തുടങ്ങി. മേൽക്കൂരഅലയടിയേറ്റ് ആടിയുലയുന്നു. രണ്ടുപ്രാവശ്യം ആ നായ് ഉരുണ്ടു താഴത്തു വീഴാൻ തുടങ്ങി. ഒരു നീണ്ട തല ജലത്തിനുമീതെ ഉയർന്നു. അതൊരു മുതലയാണ്. പട്ടി പ്രാണവേദനയോടെ കുരക്കാൻ തുടങ്ങി. അടുത്തു കോഴികൾ കൂട്ടംകരയുന്ന ശബ്ദം കേൾക്കായി.

"പട്ടിഎവിടെയാ കുരയ്ക്കുന്നെ? ഇവിടുന്ന്ആൾ മാറിയില്ലേ?"

പടറ്റിവാഴയുടെചുവട്ടിൽ, വയ്‌ക്കോൽ, തേങ്ങ, വാഴക്കുല ഇവകൊണ്ടു നിറഞ്ഞ ഒരു വള്ളമടുത്തു.

പട്ടി വള്ളക്കാരുടെ നേരെ തിരിഞ്ഞുനിന്നു കുര തുടങ്ങി. കോപിഷ്‌ഠനായി വാൽ ഉയർത്തിക്കൊണ്ടു ജലത്തിനരികെ നിന്ന് കുരച്ചുതുടങ്ങി. വള്ളക്കാരിൽഒരുവൻ വാഴയിൽ കയറി.

"കൂവേ, പട്ടി ചാടുമെന്നാ തോന്നുന്നെ!"

പട്ടി മുന്നോട്ട് ഒരു ചാട്ടംചാടി. വാഴയിൽ കയറിയവൻ ഉരുണ്ടുപിടച്ചു വെള്ളത്തിൽ വീണു. മറ്റെയാൾ അവനെപ്പിടിച്ചു വള്ളത്തിൽ കയറ്റി. പട്ടി ഈ സമയംകൊണ്ടു നീന്തി പുരപ്പുറത്തെത്തി ശരീരം കുടഞ്ഞു കോപിഷ്‌ഠനായി കുര തുടർന്നു.

കള്ളന്മാർ കുലയെല്ലാം വെട്ടി. "നിനക്കു വെച്ചിരിക്കുന്നെടാ," തൊണ്ട തകരുമാറു കുരയ്ക്കുന്ന പട്ടിയോടവർ പറഞ്ഞു. പിന്നീടവർ വയ്‌ക്കോൽ മുഴുവൻ വള്ളത്തിൽ കയറ്റി.അവസാനത്തിൽ ഒരുവൻ പുരപ്പുറത്തേക്കു കയറി. അവന്റെ കാലിൽ പട്ടി കടിയുംകൂടി. ഒരു വാ നിറയെ മാംസം ആ പട്ടിക്കു കിട്ടി. അയാൾ, അയ്യോ! എന്ന് കരഞ്ഞുകൊണ്ടു ചാടി വള്ളത്തിൽക്കയറി. വള്ളത്തിൽ നിന്ന ആൾ കഴുക്കോലുവച്ചു പട്ടിയുടെ പള്ളക്കൊരടിയടിച്ചു. 'മ്യാവു! മ്യാവു! മ്യാവു!' സ്വരം ക്രമേണ താണു വെറും അശക്തമായ മൂളലിൽ പര്യവസാനിച്ചു. പട്ടികടിയേറ്റയാൾ വള്ളത്തിൽകിടന്നു കരഞ്ഞു. "മിണ്ടാതിരിയെടാ. വല്ലോരും-" എന്നുമറ്റെയാൾ സമാധാനം പറഞ്ഞു. അവർ അങ്ങു പോയി.

ഒട്ടധികനേരം കഴിഞ്ഞു പട്ടി വള്ളം പോയ സ്ഥലം നോക്കി ഉഗ്രമായിക്കുരച്ചു.

പാതിരയോടടുത്തു. ഒരു വലിയ ചത്ത രപശു ഒഴുകിവന്നു പുരയിൽ അടിഞ്ഞു. പട്ടി മുകളെടുപ്പിൽനിന്ന് അതു നോക്കിനിൽക്കയാണ്. താഴത്തേക്കിറങ്ങിയില്ല. ആ ശവശരീരം മന്ദംമന്ദം മാറുന്നു. പട്ടി മുറുമുറുത്തു. ഓല മാന്തിക്കീറി, വാലാട്ടി, പിടികിട്ടാത്തമട്ടിൽ അല്പം അകലാൻ അതു തുടങ്ങവേ, പതുക്കെപതുക്കെ പട്ടിതാഴേക്കിറങ്ങി കടിയിട്ടു വലിച്ചടുപ്പിച്ചു തൃപ്തിയോടെ തിന്നുതുടങ്ങി. കൊടിയ വിശപ്പിനു വേണ്ടുവോളം ആഹാരം!

'ഠേ'ഒരടി! പട്ടിയെ കാണ്മാനില്ല. ഒന്നു കുതിച്ചുതാണിട്ടു പശു അങ്ങകന്ന് ഒഴുകിപ്പോയി.

അപ്പോൾ മുതൽ കൊടുങ്കാറ്റിന്റെലർച്ചയും തവളകളുടെ തുടിപ്പും അലയുടെ ശബ്ദവും അല്ലാതൊന്നും കേൾപ്പാനില്ല. അവിടമൊക്കെ നിശ്ശബ്ദം! ഹൃദയമുള്ള വീട്ടുകാവൽക്കാരൻ പട്ടിയുടെ നിസ്സഹായസ്ഥിതി വെളിപ്പെടുന്ന മോങ്ങൽ പിന്നീട് കേട്ടിട്ടില്ല. അഴുകിച്ചീഞ്ഞ ശവശരീരങ്ങൾ ആ ജലനിരപ്പിൽ അവിടവിടെ ഒഴുകിപ്പോയി. കാക്ക ചിലതിലിരുന്നുകൊത്തിത്തിന്നുന്നുമുണ്ട്. അതിന്റെ സ്വൈരതയെ ഒരു ശബ്ദവും ഭഞ്ജിച്ചില്ല! കള്ളന്മാർക്കും അവരുടെ വൃത്തിക്കും വിഘാതമുണ്ടായില്ല! എല്ലാം ശൂന്യം.

അല്പസമയം കഴിഞ്ഞപ്പോൾ ആ കുടിൽ നിലത്തുവീണു; വെള്ളത്തിലാണ്ടു. അനന്തമായ ജലനിരപ്പിൽ ഒന്നും ഉയർന്നുകാണ്മാനില്ല. യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു. അവൻ പോയി. അവനുവേണ്ടിയെന്നോണം ആ കുടിൽ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയർന്നുനിന്നു. അതു താണു, പൂർണ്ണമായി ജലത്തിൽ താണു.

വെള്ളമിറക്കംതുടങ്ങി. ചേന്നൻനീന്തിത്തുടിച്ചു പട്ടിയെ അന്വേഷിച്ചു കൊട്ടിലിലേക്കു വരുകയാണ്. ഒരു തെങ്ങിൻചുവട്ടിൽ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നു.. ഓളങ്ങൾ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. പെരുവിരൽകൊണ്ടു ചേന്നൻ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവന്റെ പട്ടിയാണെന്നു സംശയംതോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപോയിരുന്നതിനാൽ നിറം എന്തെന്നറിഞ്ഞുകൂടാ.